രമ്യാ ഹരിദാസിന്റെ നിലപാടുകളോട് ആർക്കും വിയോജിക്കാം, ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലേക്ക് വഴിമാറരുത്- ചാണ്ടി ഉമ്മൻ

കോട്ടയം: രമ്യാ ഹരിദാസ് എം.എൽ.എയെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ. രമ്യയോടുള്ള വിയോജിപ്പുകൾ ഒറ്റപ്പെടുത്താനുള്ള ആയുധമാക്കി മാറ്റരുത്. വിമർശനങ്ങളെ പ്രമേയത്തിലൂടെ നേരിടുന്നതിന് പകരം സംവാദത്തിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ജനാധിപത്യത്തിൽ വിയോജിപ്പുകൾ സ്വാഭാവികമാണ്. എന്നാൽ വിയോജിപ്പുകളെ വ്യക്തികളെ ഒറ്റപ്പെടുത്താനുള്ള ആയുധമാക്കി മാറ്റുന്നത് ജനാധിപത്യപരമായ സംവാദങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ല. രമ്യ ഹരിദാസിന്റെ നിലപാടുകളോട് ആർക്കും വിയോജിക്കാം; അവരുടെ പ്രവർത്തനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുകയും ചെയ്യാം. എന്നാൽ അതെല്ലാം വ്യക്തിഹത്യയിലേക്കോ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലേക്കോ വഴിമാറരുത്.
വ്യത്യസ്ത അഭിപ്രായങ്ങളെ ഉൾക്കൊള്ളാനും പരസ്പര ബഹുമാനത്തോടെ സംവദിക്കാനുമുള്ള വിശാലമനസ്സാണ് ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ യഥാർഥ കരുത്ത്. വിമർശനങ്ങളെയും വിയോജിപ്പുകളെയും പ്രമേയങ്ങളിലൂടെ നേരിടുന്നതിനുപകരം, സംവാദങ്ങളിലൂടെയും ജനാധിപത്യപരമായ ഇടപെടലുകളിലൂടെയും പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. വിയോജിപ്പുകളെ അടിച്ചമർത്തുകയല്ല, കേൾക്കുകയും സംവദിക്കുകയും ചെയ്യുക എന്നതാണ് ജനാധിപത്യത്തിന്റെ മഹത്വം എന്നും വിശ്വസിക്കുന്നു.
Content Highlights: Chandy Oommen expressed support for MLA Ramya Haridas on social media., He emphasized that political disagreements should not become tools for personal isolation., Advocated for open dialogue and democratic engagement instead of suppression through resolutions.