രാജ്മോഹൻ ഉണ്ണിത്താൻ സംരക്ഷിച്ചു, ഇടതുപക്ഷം വലിച്ചുകീറാൻ നോക്കിയപ്പോഴും മുന്നിൽനിന്ന് കവചമൊരുക്കി- ചാണ്ടി ഉമ്മൻ

#ന്യൂസ് ഡെസ്ക്
ചാണ്ടി ഉമ്മൻ, രാജ്മോഹൻ ഉണ്ണിത്താൻ | File Photo: Mathrubhumi
ചാണ്ടി ഉമ്മൻ, രാജ്മോഹൻ ഉണ്ണിത്താൻ | File Photo: Mathrubhumi

കോട്ടയം: രാഷ്ട്രീയ വിവാദങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താൻ തന്റെ കുടുംബത്തെ സംരക്ഷിച്ചു എന്നതിൽ യാതൊരു സംശയവുമില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സോളാർ വിവാദങ്ങളിൽ പരസ്യമായി പിതാവിനെ സംരക്ഷിച്ച നേതാവാണ് രാജ്മോഹൻ ഉണ്ണിത്താൻ. ചാനലുകളിൽ നിന്നും ചാനലുകളിലേക്ക് പോയി അദ്ദേഹം സംരക്ഷണ കവചമൊരുക്കി. പല തവണ അദ്ദേഹത്തെ സിപിഎം ആക്രമിച്ചു. രക്തം ഒലിച്ച് വീട്ടിലെത്തിയ അദ്ദേഹത്തെ തങ്ങളാണ് ആശുപത്രിയിലെത്തിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഞങ്ങളെ പച്ചയ്ക്ക് വലിച്ചുകീറുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ജീവിതം തകർക്കാനുള്ള ശ്രമം ഇടതുപക്ഷം നടത്തിയപ്പോൾ മുന്നിൽ പോരാളിയായി നിന്നത് രാജ്മോഹൻ ഉണ്ണിത്താൻ ആയിരുന്നു. അത് ഒരിക്കലും മറക്കാൻ സാധിക്കുകയില്ല. കോൺഗ്രസ് പാർട്ടിക്ക് മുഴുവൻ കടപ്പാടുള്ള വ്യക്തിയാണ് അദ്ദേഹം. രാജ്മോഹൻ ഉണ്ണിത്താൻ ഒപ്പം നിന്നതിന് അർഥം മറ്റുള്ളവർ ഒപ്പം നിന്നില്ല എന്നല്ലെന്നും ആരെയും കുറ്റപ്പെടുത്താൻ തയ്യാറല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ അവസാനക്കാലത്ത് എന്തെങ്കിലും നേട്ടം കിട്ടുമോ എന്ന് നോക്കിയവരുണ്ട്. അദ്ദേഹത്തിന്റെ മരണത്തെയും അവസാനക്കാലത്തെയും തനിക്കെതിരെ ഉപയോഗിക്കാൻ ചിലർ ശ്രമിച്ചു. അത് ഷാഫി പറമ്പിൽ ആണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എംഎൽഎ വ്യക്തമാക്കി. അതേസമയം, താങ്കൾ എ ഗ്രൂപ്പിലാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.