ചാണ്ടി ഉമ്മൻ മന്ത്രിയാകാൻ ജനം ആഗ്രഹിച്ചു, ജനഹിതം ചിലയിടങ്ങളിൽ പാളിപ്പോകുന്നു - ഓർത്തഡോക്‌സ് സഭ

കോട്ടയം: വി.ഡി. സതീശന്റെ മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെ ഉൾപ്പെടുത്തേണ്ടതായിരുന്നു എന്ന് ഓർത്തഡോക്‌സ് സഭ. ചാണ്ടി മന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം എങ്ങനെയാണ് പുറത്തായത് എന്ന് അറിയില്ലെന്നും മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ മാധ്യമവിഭാഗം തലവൻ ഡോ. യുഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപൊലീത്ത.
'ഓർത്തഡോക്‌സ് സഭയിലെ അംഗമാണ് ചാണ്ടി ഉമ്മൻ. മന്ത്രിസഭാ അംഗങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ അദ്ദേഹത്തിന്റെ പേരും കേട്ടിരുന്നു. പക്ഷേ അവസാന സമയം ആയപ്പോഴേക്കും അദ്ദേഹം പുറത്തായി. അതിന്റെ കാരണം അറിയില്ല. പൊതുജനങ്ങൾക്ക് പോലും അതിൽ വിഷമമുണ്ട്. എന്താണ് അതിന് കാരണമെന്ന് പലരും ഞങ്ങളോട് ചോദിക്കുന്ന സ്ഥിതിയുമുണ്ടായി.' അദ്ദേഹം പറഞ്ഞു.
'സഭയ്ക്ക് അതിൽ പരിഭവമില്ല. നേതൃസ്ഥാനത്തേക്ക് വരുന്നവരെ അവരുടെ യോഗ്യതകൾ കണ്ടെടുത്ത് അംഗീകരിക്കുക എന്നതാണ് ചെയ്യേണ്ടത്. ചാണ്ടി ഉമ്മൻ മന്ത്രിയാകണമെന്ന് പുതുപ്പള്ളിയിലെ ജനം ആഗ്രഹിച്ചിരുന്നു. ജനത്തിന്റെ ഹിതം ചിലയിടങ്ങളിലൊക്കെ പാളിപ്പോകുന്നുണ്ട് എന്നൊരു തോന്നലിന് ഇത് കാരണമായിട്ടുണ്ട്.' അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Orthodox Church supports Chandy Oommen's inclusion in the cabinet. Church leadership notes public disappointment regarding his exclusion. Metropolitan emphasizes that public will was disregarded in the decision. The Church maintains it has no personal grievances but prioritizes merit-based leadership.