കാത്തിരിപ്പ് നടപ്പാതയിലും കടവരാന്തയിലും; ചക്കരക്കല്ലിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല

ചക്കരക്കല്ല് ബസ് സ്റ്റാൻഡിൽ  യാത്രക്കാർ കടവരാന്തയിലും മറ്റും ബസ് കാത്തുനിൽക്കുന്നു
ചക്കരക്കല്ല് ബസ് സ്റ്റാൻഡിൽ യാത്രക്കാർ കടവരാന്തയിലും മറ്റും ബസ് കാത്തുനിൽക്കുന്നു

ചക്കരക്കല്ല്: മഴയത്തും വെയിലത്തും നൂറുക്കണക്കിന് യാത്രക്കാരും വിദ്യാർഥികളും ചക്കരക്കല്ല് ടൗണിൽ ബസ് കാത്തുനിൽക്കുന്നത് കടവരാന്തയിലും നടപ്പാതയിലും.

ബസ് സ്റ്റാൻഡിൽ സമീപത്തെ കടകളുടെ ഓരംപറ്റിയാണ് മുഴുവൻ യാത്രക്കാരും ബസ് കാത്തുനിൽക്കുന്നത്. കണ്ണൂർ, മട്ടന്നൂർ, തലശ്ശേരി, ചാലോട്, മുണ്ടേരി, എടക്കാട്,  അഞ്ചരക്കണ്ടി, ഇരിവേരി, പൊതുവാച്ചേരി, ചാല തുടങ്ങി പല ഭാഗങ്ങളിലേക്കുമുള്ള ബസുകൾ സ്റ്റാൻഡിലെത്തും. ഇവിടങ്ങളിലേക്കെല്ലാം പോകേണ്ട ജനങ്ങളും വിദ്യാർഥികളും കടയുടെ മുൻഭാഗത്തെ വരാന്തയിലും മറ്റുമായിട്ടാണ് ബസ് കാത്തുനിൽക്കേണ്ടി വരുന്നത്. മഴയും വെയിലുമേറ്റ് നീളുന്ന ഈ കാത്തിരിപ്പ് അധികൃതർ കാണുന്നില്ലേയെന്നാണ് യാത്രക്കാരുടെ ചോദ്യം.

കണ്ണൂർ-അഞ്ചരക്കണ്ടി റോഡിൽ കണ്ണൂർ ഭാഗത്തേക്കും അഞ്ചരക്കണ്ടി ഭാഗത്തേക്കുമുള്ള ബസുകൾ കാത്തിരിക്കുന്നത് കടകൾക്ക് മുന്നിലെ നടപ്പാതയിലാണ്. മുഴപ്പാല റോഡിലെ കാത്തിരിപ്പും ഇങ്ങനെത്തന്നെ.

  ഇരിവേരി സാമൂഹികാാരോഗ്യകേന്ദ്രത്തിന് മുന്നിൽ മാത്രമാണൊരു കേന്ദ്രമുള്ളത് തിരക്കേറിയ ചക്കരക്കല്ല് ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. കണ്ണൂർ-താഴെചൊവ്വ-അഞ്ചരക്കണ്ടി-മട്ടന്നൂർ റൂട്ടിലെ പ്രധാന കേന്ദ്രമായിട്ടും ഇവിടെ ഇത്തരം അടിസ്ഥാന സൗകര്യം പോലും ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

   മഴക്കാലത്ത് കുട്ടികളടക്കമുള്ള യാത്രക്കാർ മഴ നനഞ്ഞാണ് ബസിനായി കാത്തുനിൽക്കുന്നത്. വേനൽക്കാലത്ത് കൊടും ചൂടിലും ഇതേ അവസ്ഥ തന്നെ.

വിവിധയിടങ്ങളിലെക്ക് പോകേണ്ട മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ഇരിക്കാൻ ഇടമില്ല. വിദ്യാർഥികൾ റോഡരികിൽ നിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. വർഷങ്ങളായി ഈ ആവശ്യം ഉന്നയിച്ച് വിവിധ സംഘടനകളും മറ്റും അധികൃതർക്ക് പരാതി നൽകിയിട്ടും  നടപടിയുണ്ടായില്ല. ടൗൺ വികസന നടപടികളും വേഗം കൈവരിച്ചില്ല. ചക്കരക്കല്ലിൽ ബസ് സ്റ്റാൻഡിലും മറ്റിടങ്ങളിലും ആധുനിക സൗകര്യങ്ങളോടെ  ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlights: Hundreds of passengers and students wait on shop verandas and footpaths in Chakkarakkal town for buses., Lack of a bus waiting shed causes severe hardship during heavy rain and scorching heat., Senior citizens and women lack seating facilities, while students standing on roadsides face accident risks., Despite years of complaints by organizations, authorities have failed to construct a modern bus shelter.