അരിക്കൊമ്പനേക്കാൾ കാഞ്ഞബുദ്ധി; വെള്ളത്തിലിറങ്ങി ദൗത്യസംഘത്തേയും വലച്ചു; ഒടുവിൽ തല ഉയർത്തി ചക്കക്കൊമ്പൻ കാടുകയറി

മൂന്നാർ: ചിന്നക്കനാൽ മേഖലയെ ഭീതിയിലാഴ്ത്തിയ ചക്കക്കൊമ്പനെ മയക്കാനുള്ള ദൗത്യം മൂന്നാം ദിനത്തിലും പരാജയപ്പെട്ടു. ഒടുവിൽ പത്തിമടക്കി ദൗത്യസംഘം മടങ്ങി. ഇനി ഒരറിയിപ്പുണ്ടാകുംവരെ ദൗത്യം നിർത്തിവെച്ചുവെന്ന അറിയിപ്പും വന്നു. മൂന്ന് ദിനം നീണ്ട കോലാഹലങ്ങൾക്കൊടുവിൽ ചക്കക്കൊമ്പൻ വിജയഭേരിയോടെ കാടുകയറി.
ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടിച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങളാണ് മൂന്നാം ദിനത്തിലും ഫലം കാണാതെ ഉപേക്ഷിച്ചിരിക്കുന്നത്. ആനയിറങ്കൽ ജലാശയവും ചതുപ്പുകളും വനമേഖലയും കവചമാക്കുന്ന കൊമ്പന്റെ സാമർത്ഥ്യവും അതിവേഗം മാറുന്ന പ്രതികൂല കാലാവസ്ഥയുമാണ് വനംവകുപ്പിനെയും ആർ.ആർ.ടി. (RRT) ദൗത്യസംഘത്തെയും പ്രതിസന്ധിയിലാക്കിയത്.
പ്രതികൂല കാലാവസ്ഥയും ഭൂപ്രകൃതിയും വനംവകുപ്പിന്റെ ശ്രമങ്ങൾക്ക് തടസ്സമായെങ്കിൽ, മൂന്നാം ദിനത്തിലും കാടിന്റെയും പ്രകൃതിയുടെയും കവചങ്ങൾ മറയാക്കി കൊമ്പൻ പിടിതരാതെ വനത്തിനുള്ളിലേക്ക് മറയുകയായിരുന്നു. തടാകങ്ങളും ചതുപ്പുനിലങ്ങളും ഏലത്തോട്ടങ്ങളും അപ്രതീക്ഷിതമായി എത്തുന്ന മൂടൽമഞ്ഞും കവചമാക്കുന്ന ചക്കക്കൊമ്പന്റെ സാമർത്ഥ്യത്തിന് മുന്നിൽ മൂന്നാം നാളിലും വനംവകുപ്പും ആർ.ആർ.ടി (RRT) ദൗത്യസംഘവും പ്രതിസന്ധിയിലായി. ഇതിനൊപ്പം നിരോധനാജ്ഞയ്ക്കും മിഷൻ നീണ്ടുപോകുന്നതിനുമെതിരായ പ്രാദേശിക ഭരണകൂടത്തിന്റെ എതിർപ്പും ശക്തമായതോടെ വനംവകുപ്പ് ശ്രമം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
ആദ്യദിനം
ആദ്യ ദിനമായ ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ ഡ്രോൺ നിരീക്ഷണത്തിന്റെ സഹായത്തോടെയാണ് വനംവകുപ്പിന്റെ ട്രാക്കിങ് സംഘം ചക്കക്കൊമ്പനായുള്ള തിരച്ചിൽ ആരംഭിച്ചത്. രാവിലെ ഏഴുമണിയോടെ എൺപതേക്കർ കോളനിയിലെ പൊന്നുസ്വാമി എസ്റ്റേറ്റിൽ ആനയിറങ്കൽ തടാകത്തോടു ചേർന്ന് നിൽക്കുന്ന കൊമ്പനെ സംഘം കണ്ടെത്തി. തുടർന്ന് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെട്ട 24 അംഗ ദൗത്യസംഘം സ്ഥലത്തെത്തി നിലയുറപ്പിച്ചു.
ഉച്ചയോടെ ആനയിറങ്കൽ തടാകത്തിലിറങ്ങിയ കൊമ്പൻ സമീപത്തെ ചെറുതുരുത്തിലേക്ക് നീന്തിക്കയറി തീറ്റതേടുകയും അവിടെ കിടന്ന് ഉറങ്ങുകയും ചെയ്തു. വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്തുവെച്ച് മയക്കുവെടി വെച്ചാൽ ആന തടാകത്തിൽ വീണ് മുങ്ങിമരിക്കാൻ സാധ്യതയുള്ളതിനാൽ സംഘം ക്ഷമയോടെ കാത്തിരുന്നു. ഒടുവിൽ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ഉച്ചയ്ക്ക് 12 മണിയോടെ ആനയെ തുരുത്തിൽനിന്ന് കരയിലേക്ക് കയറ്റി.
ഉച്ചയ്ക്കുശേഷം പന്നിയാർ, കൊക്കുപാറ, വിമലപ്പാറ വഴികളിലൂടെ നീങ്ങിയ ആന ഉച്ചയോടെ 301 കോളനിയിലെ ഓമനക്കുഴി ചതുപ്പ് നിലത്തിൽ നിലയുറപ്പിച്ചു. ഇടുക്കിയിൽ യെല്ലോ അലർട്ട് നിലനിൽക്കെ പ്രദേശത്ത് വൈകുന്നേരത്തോടെ പെട്ടെന്ന് കനത്ത മഴയും മൂടൽമഞ്ഞും രൂപപ്പെട്ടു. മഴ ശമിച്ചതോടെ വൈകീട്ട് 3.40-ന് വെറ്ററിനറി സംഘം ആദ്യ മയക്കുവെടി ഉതിർക്കുകയും അത് ആനയുടെ പിൻകാലിൽ തറയ്ക്കുകയും ചെയ്തു. എന്നാൽ പൂർണമായി തളരാതിരുന്ന ആന, രണ്ടാമത്തെ ഡോസ് നൽകാൻ തയ്യാറെടുത്ത സംഘത്തിന് നേരെ അക്രമാസക്തനായി പാഞ്ഞടുക്കുകയും തുടർന്ന് വനത്തിലേക്ക് മറയുകയും ചെയ്തു.
തടാകത്തിന്റെയും തുരുത്തിന്റെയും സാന്നിധ്യം, ചതുപ്പുനിലം, അപ്രതീക്ഷിതമായെത്തിയ കനത്ത മഴ, കാഴ്ചപരിധി (വിസിബിലിറ്റി) പൂർണമായും മറച്ച മൂടൽമഞ്ഞ്, കാറ്റിന്റെ ദിശ, ഒരാൾപ്പൊക്കത്തിൽ തടസ്സമായി നിന്ന പുല്ലുകൾ എന്നിവയാണ് ദൗത്യം പരാജയപ്പെടുത്തിയത്. കൂടാതെ ആദ്യ ഡോസ് ഏറ്റിട്ടും തളരാതെ കൊമ്പൻ സംഘത്തിന് നേരെ തിരിഞ്ഞതും ഭീതി സൃഷ്ടിച്ചു. കാഴ്ചപരിധി പൂജ്യത്തോടടുത്ത സാഹചര്യത്തിലും കനത്ത മഴയിലും ദൗത്യം തുടരുന്നത് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ജീവന് വലിയ ഭീഷണിയാണെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വ്യക്തമാക്കി. ഉയരമുള്ള പുല്ലുകളിൽ തട്ടി മയക്കുവെടിയുടെ പാത (ട്രാജക്ടറി) മാറാൻ സാധ്യതയുണ്ടായിരുന്നു. ആദ്യദിനത്തിലെ ചെറിയ പോരായ്മകൾ പരിഹരിക്കാൻ ഡീബ്രീഫിങ് നടത്തി തൊട്ടടുത്ത ദിവസം രാവിലെ ഏഴോടെ ദൗത്യം പുനരാരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
രണ്ടാം ദിനം
ചക്കക്കൊമ്പൻ മിഷൻ രണ്ടാംദിനമായ വ്യാഴാഴ്ച രാവിലെ 7:30-ഓടെ ദൗത്യസംഘവും കുങ്കിയാനകളും വീണ്ടും സജ്ജരായി. രാവിലെ ചെമ്പകത്തൊഴുകുടി ഭാഗത്താണ് ആനയെ കണ്ടെത്തിയത്. ഉച്ചയ്ക്ക് ചെമ്പകത്തൊഴുകുടിയിലെ ഏലത്തോട്ടത്തിൽ ചക്കക്കൊമ്പൻ നിലയുറപ്പിച്ചു. ഏലത്തോട്ടത്തിനുള്ളിൽ വെച്ച് മയക്കുവെടി വെക്കുന്നത് അപകടകരമായതിനാൽ, ആന തുറസ്സായ ഇടിക്കുഴി മേഖലയിലേക്ക് നീന്തിക്കയറുമെന്ന പ്രതീക്ഷയിൽ വനംവകുപ്പ് മണിക്കൂറുകളോളം കാത്തിരുന്നു.
ഉച്ചയോടെ മൂന്ന് മണിക്കൂറോളം ഒരേ സ്ഥലത്ത് ചലനമറ്റെന്നപോലെ നിന്ന ആന, പെട്ടെന്ന് രണ്ട് കിലോമീറ്ററോളം പിന്നോട്ട് മാറി ഇടതൂർന്ന വനത്തിനുള്ളിലേക്ക് കയറി. വാഹനത്തിൽ ആനയുടെ 100 മീറ്റർ അടുത്തെത്താൻ സാധിച്ചെങ്കിലും ഇടതൂർന്ന മരങ്ങളും ഏലച്ചെടികളും കാരണം കാഴ്ചപരിധി ലഭിച്ചില്ല. തുറസ്സായ സ്ഥലത്തേക്ക് ആന എത്താത്തതിനെ തുടർന്ന് വൈകീട്ട് നാലുമണിയോടെ രണ്ടാം ദിവസത്തെ ശ്രമവും താത്കാലികമായി അവസാനിപ്പിച്ചു.
തുറസ്സായ പുൽമേടുകളിലേക്ക് വരാതെ ഏലത്തോട്ടത്തിലും നിബിഡ വനത്തിലും തന്നെ കൊമ്പൻ നിലയുറപ്പിച്ചതാണ് പ്രധാന തടസ്സമായത്. മുൻപ് നടന്ന അരിക്കൊമ്പൻ ദൗത്യത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ള ചക്കക്കൊമ്പൻ, അപായസൂചനകളും ആളനക്കങ്ങളും തിരിച്ചറിയാനുള്ള ബുദ്ധിയും കരുത്തും കാണിക്കുന്നുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. തോട്ടങ്ങളിൽ തൊഴിലാളികൾ ജോലി ചെയ്തിരുന്നതും ആനയെ സുരക്ഷിതമായി ഓടിക്കുന്നതിന് തടസ്സമായി.
ജനങ്ങളുടെയും ദൗത്യസംഘത്തിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് സി.സി.എഫ് വ്യക്തമാക്കി. ആദ്യദിനത്തെ അപേക്ഷിച്ച് രണ്ടാം ദിനം ആന ശാന്തനായിരുന്നുവെന്നും ആർക്ക് നേരെയും പാഞ്ഞടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 8 മുതൽ 12 മണിവരെ ആന ഒരേ സ്ഥലത്ത് വിശ്രമിക്കുന്ന ശീലക്കാരനാണെന്നും, ഒരാൾപൊക്കത്തിൽ വളർന്നുനിൽക്കുന്ന പുല്ലുകൾ കാരണം മയക്കുവെടിയുതിർക്കൽ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൗത്യം അനിശ്ചിതകാലത്തേക്ക് നീട്ടാനാവില്ലെന്നും ഫലം വിലയിരുത്തി തുടരുന്ന കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.
മൂന്നാം ദിനം
ദൗത്യത്തിന്റെ മൂന്നാം ദിനമായ ഇന്ന് രാവിലെ നടുത്തുരുത്തി തുരുത്ത് ഭാഗത്താണ് ആനയെ കണ്ടെത്തിയത്. ഇവിടെ നിന്ന് പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേക്ക് ആന നീങ്ങാതിരിക്കാനുള്ള നടപടിയാണ് ദൗത്യസംഘം ആദ്യം സ്വീകരിച്ചത്. ഇതിനായി ബോട്ടിൽ സംഘത്തെ വിന്യസിച്ചിരുന്നു. എല്ലാ സജ്ജീകരണങ്ങളുമായാണ് സംഘം നിലയുറപ്പിച്ചത്. ആന പന്നിയാർ ഭാഗത്തേക്കോ ആദ്യ ദിവസം സഞ്ചരിച്ച 301 കോളനി ഭാഗത്തേക്കോ നീങ്ങാനാണ് സാധ്യതയെന്നാണ് സംഘം കണക്കുകൂട്ടിയത്.
ആനയെ വെടിവെക്കുന്നതിന് അനുയോജ്യമായ സ്ഥലത്തേക്ക് എത്തിക്കുന്നതിനുള്ള ശ്രമം ദൗത്യസംഘം തുടർന്നു. ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിലുള്ള സംഘത്തിന് ആർ.ആർ.ടി നിരീക്ഷണ സംഘം നിർദേശങ്ങൾ നൽകി. ഇതിനിടെ എൺപതേക്കറിൽനിന്ന് തുരുത്തിലേക്ക് പോകുന്ന വഴി തുറസ്സായ പ്രദേശത്തേക്ക് ആന നീങ്ങി. പിന്നാലെ ആന ഡാമിലെ വെള്ളത്തിലേക്ക് ഇറങ്ങി നീന്താൻ തുടങ്ങി. ഈ ഘട്ടത്തിൽ കരയിലേക്ക് കയറിയാൽ മയക്കുവെടി വെക്കാനാകുമെന്നാണ് വനംവകുപ്പ് അറിയിച്ചത്. എന്നാൽ ജലാശയത്തിൽ നിന്ന് ഇടിക്കുഴി ഭാഗത്തേക്ക് നീങ്ങിയ ആന പിന്നാലെ തുരുത്തിലെ കാട്ടിലേക്ക് കയറി. അവിടെനിന്ന് മറയൂർ കുടി ഭാഗത്തേക്കും പിന്നാലെ കൊക്കുപാറ ഭാഗത്തേക്കുമാണ് ആന നീങ്ങിയത്.
ചിന്നക്കനാലിലെ ഓമനക്കുഴി ഭാഗത്തുവെച്ചാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ ചക്കക്കൊമ്പന് മയക്കുവെടിയേൽക്കുന്നത്. ആനയ്ക്ക് രണ്ടുതവണ മയക്കുവെടിയേറ്റുവെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞദിവസം മയക്കുവെടി വെച്ച 301 അങ്കണവാടിയുടെ സമീപം തന്നെയാണ് ഇത്. തുടർന്ന് ദൗത്യസംഘം ആനയെ നിരീക്ഷണത്തിലാക്കി. മയങ്ങിയാൽ അടുത്ത ഡോസ് നൽകാനുംശേഷം റേഡിയോ കോളർ ധരിപ്പിക്കാനും സംഘം സജ്ജരായി നിന്നു.
എന്നാൽ, കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ചക്കക്കൊമ്പൻ പിടിച്ചുനിന്നു. മയങ്ങിവീഴാതെ പൊരുതിനിന്നുകൊണ്ട് അവൻ ഈട്ടിക്കമല ഭാഗത്തേക്ക് നീങ്ങി. തൊട്ടടുത്തുള്ള ജലാശയത്തിലേക്ക് പോകാതിരിക്കാൻ വനംവകുപ്പ് സംഘം പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു. അൽപ്പനേരം അനങ്ങാതെനിന്നശേഷം കൊമ്പൻ, യൂക്കാലിപ്റ്റസ് മരങ്ങൾ തിങ്ങിനിറഞ്ഞ ഈ പ്രദേശത്തുനിന്ന് ആനയിറങ്കൽ അണക്കെട്ടിലേക്ക് ഇറങ്ങിയതോടെ ദൗത്യസംഘം അക്ഷരാർഥത്തിൽ അമ്പരന്നു. മയക്കുവെടിയേറ്റ ആന വെള്ളത്തിലിറങ്ങിയ സാഹചര്യം എത്രത്തോളം അപകടകരമാണെന്നതിനെ കുറിച്ച് സംഘത്തിന് നല്ല ബോധ്യമുണ്ടായിരുന്നു.
വെള്ളത്തിലിറങ്ങിയ ആന മറുകരയിലേക്ക് നീന്താൻ ആരംഭിച്ചതോടെ ദൗത്യസംഘത്തിന്റെ സർവ കണക്കുകൂട്ടലുകളും പൊളിഞ്ഞു. ബോട്ടിൽ പിന്നാലെ കൂടി ആനയെ നിരീക്ഷിക്കുകയും പടക്കം പൊട്ടിച്ച് തിരികെ കയറ്റാൻ ശ്രമിക്കുകയുമാണ് ദൗത്യസംഘം ചെയ്തത്. ഒടുവിൽ ആ ശ്രമം വിജയം കണ്ടു. ആന കരയ്ക്കുകയറിയതോടെയാണ് ദൗത്യസംഘത്തിലുള്ളവർക്ക് ശ്വാസം നേരെ വീണത്. വെള്ളത്തിൽവെച്ച് മയങ്ങിയിരുന്നെങ്കിൽ അത് ചക്കക്കൊമ്പന്റെ ജീവന് ഭീഷണിയാകുമായിരുന്നു. വെള്ളത്തിന് നടുവിൽ നിന്ന് കൊമ്പൻ തുമ്പിക്കൈ ഉയർത്തി ശ്വാസമെടുക്കുന്നുണ്ടായിരുന്നു.
ആനയിറങ്കൽ ഡാമിന്റെ മറുകരയിൽ മൂന്നാർ-ബോഡിമെട്ട് റോഡിലെ പെരിയകനാൽ ഭാഗത്തെ ജനവാസമേഖലയിലാണ് ആന കരകയറിയത്. തൊട്ടടുത്താണ് ഗ്യാപ്പ് റോഡ്. ധാരാളം വിനോദസഞ്ചാരികളെത്തി ചിത്രമെടുക്കുകയും കാഴ്ചകൾ കാണുകയും ചെയ്യുന്ന ഭാഗമാണ് ഇത്. വെടിയേറ്റ വേദന പേറുന്നതിനാൽ ചക്കക്കൊമ്പൻ അക്രമാസക്തനാകുമോ എന്നതായി ദൗത്യസംഘത്തിന്റെ അടുത്ത ആശങ്ക.
ഇതിനുശേഷം അപ്രതീക്ഷിതനീക്കമാണ് ചക്കക്കൊമ്പന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അത്രനേരം സാധാരണ പോലെ നടന്ന ആന പൊടുന്നനെ കൊടുങ്കാട്ടിലേക്ക് ഓടിക്കയറി. 30 അംഗ ദൗത്യസംഘവും ആനയ്ക്ക് പിന്നാലെ കൂടിയിരുന്നു. ഇത് കണ്ട ചക്കക്കൊമ്പൻ സംഘത്തിന് നേരെ തിരിഞ്ഞു. തുടർന്ന് ദൗത്യസംഘം പ്രാണരക്ഷാർഥം ചിതറിയോടി. തുടർന്ന് ആനയിറങ്കൽ ഡാമിന്റെ ജലാശയത്തോട് ചേർന്ന് ആന നിലയുറപ്പിച്ചു.
ചിതറിയോടിയെങ്കിലും ദൗത്യം ഉപേക്ഷിക്കാൻ ദൗത്യസംഘം തയ്യാറായില്ല. കുങ്കിയാനകളായ ഭരതിനെയും വിക്രത്തിനെയും ഇതിനകം പുഴയുടെ മറുകരയിൽ എത്തിച്ചിരുന്നു. അപ്പോഴേക്ക് മയക്കുവെടി ചക്കക്കൊമ്പനെ തളർത്തിത്തുടങ്ങിയിരുന്നു. ഇത് മനസ്സിലാക്കിയ ദൗത്യസംഘം അൽപ്പംമാറി ചക്കക്കൊമ്പനെ നിരീക്ഷിച്ചുകൊണ്ട് നിന്നു. ഭരതിനേയും വിക്രത്തിനേയും ചക്കക്കൊമ്പന്റെ തൊട്ടുപിന്നിലുമായി വിന്യസിച്ചു. കുങ്കിയാനകളെ കണ്ടതോടെ ചക്കക്കൊമ്പൻ പ്രകോപനത്തിന് ശ്രമിച്ചതോടെ ഉടൻ രണ്ട് കുങ്കിയാനകളെയും സംഘം പിൻവലിച്ച് ദൂരേക്ക് മാറ്റി. തുടർന്ന് ദൗത്യസംഘത്തിലെ രണ്ടുപേർ ചക്കക്കൊമ്പനെ കാണാവുന്നത്ര ദൂരത്ത് നിലയുറപ്പിച്ചുകൊണ്ട് ആനയെ നിരീക്ഷിച്ചു.
മയക്കുവെടിയേറ്റ ആന ജലാശയത്തിന് സമീപം നിൽക്കുന്നതിലെ അപകടം വ്യക്തമായി അറിയാവുന്ന സംഘം ചക്കക്കൊമ്പന് ആന്റിഡോട്ട് നൽകുകയും തുടർന്ന് പടക്കം പൊട്ടിച്ച് ആനയെ കാട്ടിലേക്ക് കയറ്റിവിടുകയും ചെയ്തു. ഇതോടെയാണ് മിഷൻ ചക്കക്കൊമ്പൻ മൂന്നാം ദിവസം അവസാനിപ്പിച്ചത്. പരാജയപ്പെടേണ്ടി വന്നെങ്കിലും കൊമ്പന്റെ വമ്പിന് മുന്നിൽ അങ്ങനെയങ്ങ് കീഴടങ്ങാൻ വനംവകുപ്പ് തീരുമാനിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പുണ്ടായാൽ മിഷൻ ചക്കക്കൊമ്പൻ വീണ്ടും 'ഓൺ' ആകുമെന്ന സൂചന നൽകിക്കൊണ്ടാണ് മൂന്നുദിവസം നീണ്ട മിഷൻ അവസാനിച്ചത്.
അരിക്കൊമ്പനെ സമാനമായി പിടികൂടി റേഡിയോ കോളർ ധരിപ്പിച്ച ദൗത്യത്തിന് ദൃക്സാക്ഷിയായിരുന്നു അവന്റെ സുഹൃത്തെന്ന് പലരും വിശേഷിപ്പിച്ച ചക്കക്കൊമ്പൻ. അരിക്കൊമ്പന് മയക്കുവെടിയേൽക്കുമ്പോൾ തൊട്ടടുത്ത് ചക്കക്കൊമ്പനുമുണ്ടായിരുന്നു. അത് കണ്ട് പാഠങ്ങൾ ഉൾക്കൊണ്ടതിനാലാകാം ചക്കക്കൊമ്പൻ പിടിതരാതിരിക്കാൻ പരമാവധി ശ്രമിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. അരിക്കൊമ്പനേക്കാൾ ബുദ്ധിയുള്ള ആനയാണ് ചക്കക്കൊമ്പൻ. അതുതന്നെയാണ് ഇന്ന് ആനയിറങ്കലിലെ നാടകീയ മുഹൂർത്തങ്ങൾക്ക് കാരണമായതും.
Content Highlights: The 3-day mission by the forest department and RRT to tranquilize and radio-collar Chakkakomban in Chinnakanal was temporarily suspended., Adverse weather conditions, heavy fog, dense cardamom plantations, and water bodies made the operation extremely challenging and risky., Despite administering tranquilizer shots, the elephant retreated into the deep forest and dense terrain, avoiding capture., Authorities prioritized the safety of the public and the mission team, deciding to resume the operation upon further notice.