അവധിക്ക് കേന്ദ്രാനുമതി ലഭിച്ചില്ല;‌ വിജിലൻസ് ഡയറക്ടർ സ്വയം വിരമിക്കുന്നു

ടി.കെ. വിനോദ്കുമാർ
ടി.കെ. വിനോദ്കുമാർ

തിരുവനന്തപുരം: വിരമിക്കാൻ ഒരുവർഷത്തോളം ബാക്കിനിൽക്കെ ഡി.ജി.പി. തസ്തികയിലുള്ള വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ്കുമാർ സ്വയം വിരമിക്കുന്നു. വിദേശത്ത് അധ്യാപനത്തിനായി അവധിക്ക് അപേക്ഷിച്ചിരുന്നത് കേന്ദ്രം അനുവദിക്കാത്തതിനു പിന്നാലെയാണ് അദ്ദേഹം സ്വയംവിരമിക്കലിന് അപേക്ഷിച്ചത്.

ഇക്കാര്യം അംഗീകരിച്ച സർക്കാർ അടുത്തമാസം 11 മുതൽ വിരമിക്കാൻ അനുമതി നൽകി ഉത്തരവായി. ടി.കെ. വിനോദ് കുമാർ സ്ഥാനമൊഴിയുന്നതോടെ ബിവറേജസ് കോർപ്പറേഷൻസ് എം.ഡി.യായ എ.ഡി.ജി.പി. യോഗേഷ് ഗുപ്തയ്ക്ക് ഡി.ജി.പി. തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.

1992 ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനായ ടി.കെ. വിനോദ് കുമാർ അടുത്തവർഷം ഓഗസ്റ്റിലായിരുന്നു വിരമിക്കേണ്ടിയിരുന്നത്. നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹേബിന്റെ കാലാവധി നീട്ടിനൽകിയതോടെ ടി.കെ. വിനോദ് കുമാറിന് ഇനി സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയില്ലാതെയുമായി. ഈ സാഹചര്യത്തിലാണ് അദ്ദേഹം സ്വയംവിരമിക്കലിലേക്കു കടന്നത്.

നേരത്തേ അമേരിക്കയിലെ ഇന്ത്യാന സർവകലാശാലയിൽ അദ്ദേഹം അധ്യാപകനായിരുന്നു. ഇന്ത്യാന സർവകലാശാലയിൽനിന്നുതന്നെയാണ് ക്രിമിനൽ ജസ്റ്റിസിൽ അദ്ദേഹം പിഎച്ച്.ഡി. നേടിയതും.

Content Highlights: Central sanction not granted for leave- Vigilance Director Voluntary Retirement