റിയാസും വീണയും സുഹൃത്തുക്കളും പ്രതികളായ ഹവാലക്കേസിൽ കേന്ദ്രഏജൻസികളുടെ ‘രഹസ്യ’ അന്വേഷണം

#വിവേക് ആർ. ചന്ദ്രൻ
പി.എ. മുഹമ്മദ് റിയാസും വീണ ടിയും | ഫോട്ടോ: മാതൃഭൂമി
പി.എ. മുഹമ്മദ് റിയാസും വീണ ടിയും | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസും ഭാര്യ ടി. വീണയും സുഹൃത്തുക്കളും പ്രതികളായ ഹവാലക്കേസിൽ രഹസ്യനീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസികൾ. ഇ.ഡി.ക്ക് ലഭിച്ച വിവരങ്ങളും രേഖകളും എൻ.ഐ.എ.യും സി.ബി.ഐ.യും അടക്കമുള്ള ഏജൻസികൾ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. വിവിധ അന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥർ കോഴിക്കോട് കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്യുന്നുണ്ട്.

കേസന്വേഷണത്തിന് ഔദ്യോഗികമായി ഇപ്പോൾ രണ്ട് ഏജൻസികളാണുള്ളത് -ഇ.ഡി.യും സംസ്ഥാന വിജിലൻസും. കോഴിക്കോട് കേന്ദ്രീകരിച്ചിട്ടുള്ള അന്വേഷണ ഉദ്യോഗസ്ഥർ ഈ ഏജൻസികളിലുള്ളവരല്ല. അന്താരാഷ്ട്ര ബന്ധം, സാമ്പത്തിക ഇടപാടുകൾ, ഷെൽകമ്പനി എന്നിവയെല്ലാം കേസിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ വിജിലൻസിന് പരിമിതിയുണ്ട്. കേസ് സി.ബി.ഐ.പോലുള്ള കേന്ദ്ര ഏജൻസികൾക്ക് കൈമാറാനുള്ള സാധ്യത ഏറെയാണ്. ഇ.ഡി. മറ്റ് അന്വേഷണ ഏജൻസികളെക്കൂടി പങ്കാളിയാക്കി അന്വേഷണത്തിന് തയ്യാറെടുക്കുന്നുവെന്ന സംശയവുമുണ്ട്.

റിയാസിന്റെ സുഹൃത്തുക്കളുടെ സാമ്പത്തിക ഇടപാടുകളിൽ ഗൗരവസ്വഭാവമുണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. അന്വേഷണമാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയതിനെക്കാൾ അധികവിവരങ്ങൾ കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ഇ.ഡി. കേസ് അടിസ്ഥാനമാക്കിത്തന്നെ ചില അറസ്റ്റുകൾ കോഴിക്കോട്ടുനിന്നുണ്ടാകുമെന്ന നിഗമനമാണ് കേരള പോലീസിനുമുള്ളത്.

Content Highlights: Central investigative agencies have launched a covert probe into the hawala case involving CPM leader PA Mohammed Riyas and T. Veena, examining extensive financial transactions and international links.