നിയമവിരുദ്ധ ഫണ്ട് ശേഖരണത്തിന് കൂട്ടുനിന്നില്ല; അതുകൊണ്ടാണ് ഞാൻ പാർട്ടിവിരുദ്ധനായത്- സി.സി മുകുന്ദൻ

തൃശ്ശൂർ: നാട്ടികയിലെ സമ്പന്നർക്ക് നിയമവിരുദ്ധമായി പലകാര്യങ്ങളും ചെയ്തുകൊടുത്ത് ഫണ്ട് ശേഖരണത്തിന് പാർട്ടി തന്നെ നിർബന്ധിച്ചെന്ന് നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ. അരനൂറ്റാണ്ടോളം നീണ്ട പാർട്ടി പ്രവർത്തനത്തിൽ സാമ്പത്തിക അഴിമതി നടത്താൻ താൻ ഇതുവരെ കൂട്ടു നിന്നിട്ടില്ല. അതുകൊണ്ടാണ് താൻ പാർട്ടിവിരുദ്ധൻ ആയതെന്നും സി.സി. മുകുന്ദൻ മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
അനധികൃത ഭൂമി കൈമാറ്റം, ഉദ്യോഗസ്ഥ സ്ഥലംമാറ്റങ്ങൾ തുടങ്ങി വിവിധ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയുള്ള ശുപാർശകൾ എന്നെ ഡമ്മിയാക്കി നിർത്തി ചെയ്യിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. എനിക്കെതിരെയുള്ള വ്യക്തിവൈരാഗ്യങ്ങളാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് എത്തിച്ചതെന്നും സി.സി. മുകുന്ദൻ ചൂണ്ടിക്കാട്ടി.
ഗീതാഗോപിയെ സ്ഥാനാർഥിയാക്കിയാൽ ഈ നേതാക്കൾക്ക് അവർ വിചാരിച്ചതുപോലെ പണംകണ്ടെത്താൻ സാധിക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യം എനിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് ഗീതാ ഗോപിക്കെതിരെ പെയ്‌മെന്റ് സീറ്റ് ആരോപണം ഉന്നയിച്ചതെന്നും സി.സി. മുകുന്ദൻ പറഞ്ഞു. ആരു പിന്തുണച്ചാലും ഇല്ലെങ്കിലും നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. ഇത് ജയിക്കാൻ മാത്രമല്ല, ചില കാര്യങ്ങൾ ജനങ്ങളോട് തുറന്നുപറയാൻ കൂടിയാണ്.
നാട്ടികയിലെ സാധാരണക്കാരായ ജനങ്ങൾ തനിക്കൊപ്പമുണ്ട്. ഇതുവരെ ഒരു ചായകുടിക്കാനുള്ള പൈസപോലും അനധികൃതമായി കൈപ്പറ്റിയിട്ടില്ല. അഴിമതിക്കും നെറുകേടുകൾക്കും എതിരെ പോരാട്ടം തുടരുമെന്നും സി.സി. മുകുന്ദൻ വ്യക്തമാക്കി. ഞാൻ എംഎൽഎ ആയതിനുശേഷം ഓഫീസ് പ്രവർത്തനങ്ങളിൽ എനിക്ക് താൽപര്യമില്ലാത്ത പേഴ്‌സണൽ അസിസ്റ്റന്റിനെ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ. രമേഷ് കുമാർ വി.എസ്. സുനിൽകുമാർ എന്നിവർ ചേർന്ന് എന്നിൽ അടിച്ചേൽപ്പിച്ചു. ഇതിനെ ഞാൻ എതിർത്തു. ഇതോടെയാണ് എനിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതെന്നും സി.സി. മുകുന്ദൻ പറഞ്ഞു.
മുൻ എംഎൽഎയും പാർട്ടി നിലവിൽ തീരുമാനിച്ച സ്ഥാനാർഥിയുമായ ഗീതാഗോപിയെ പാർട്ടി മാനദണ്ഡങ്ങൾ മറികടന്നുകൊണ്ട് ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് തീരുമാനിച്ചത്. തന്നെ ഒഴിവാക്കാൻവേണ്ടി മാത്രം തന്നോട് വ്യക്തിവൈരാഗ്യമുള്ള പാർട്ടിയിലെ ചില വ്യക്തികൾ ഇതിനായി നിരന്തരം ശ്രമിച്ചെന്നും സി.സി. മുകുന്ദൻ പറഞ്ഞു.
2021-ൽ ഞാൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി നാട്ടിക നിയോജകമണ്ഡലത്തിൽ വരുമ്പോൾ അന്നത്തെ എംഎൽഎ ആയ ഗീതാ ഗോപിക്കെതിരെ നിരവധി വിഷയങ്ങളിൽ ജനവികാരവും പാർട്ടി പ്രവർത്തകരുടെ വികാരവും ശക്തമായിരുന്നു. ആ സാഹചര്യത്തിലാണ് ഞാൻ നാട്ടികയിൽ എംഎൽഎ ആയി വരുന്നത്. എംഎൽഎ ആയി വന്നതിനുശേഷം ഒൻപത് പഞ്ചായത്തുകളിൽനിന്നുള്ള, എൽഡിഎഫ് നേതൃത്വം നൽകുന്ന വികസന നിർദ്ദേശങ്ങളാണ് മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ സിപിഎം നേതൃത്വം നൽകുന്ന വികസന നിർദ്ദേശങ്ങൾ നടപ്പാക്കാൻ പാടില്ലെന്നും തങ്ങൾ പറയുന്ന കാര്യങ്ങൾ മാത്രമേ നടപ്പിലാക്കാൻ സാധിക്കൂ എന്നും സിപിഐ മണ്ഡലം നേതൃത്വം എനിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, നാട്ടിക മണ്ഡലത്തിൽ രാഷ്ട്രീയത്തിന് അതീതമായാണ് ഞാൻ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഇവയെല്ലാം ജനങ്ങൾ അംഗീകരിച്ചിട്ടുള്ളതാണ്. പക്ഷേ, പാർട്ടിക്ക് എന്നോട് വിരോധമുണ്ടായി. നിയമസഭയിൽ എന്‍റെ വ്യാജ ഒപ്പിട്ട് പണം വാങ്ങിയ വി.എസ്. സുനിൽകുമാറിന്റെ വിശ്വസ്തനെ ഞാൻ സ്റ്റാഫിൽനിന്ന് ഒഴിവാക്കി. ഇതും വിരോധത്തിന് കാരണമായി. അദ്ദേഹത്തിന് എതിരെ മൊഴി നൽകരുതെന്നും പാർട്ടി പറഞ്ഞിരുന്നു. ഇത് ഞാൻ അനുസരിച്ചില്ല, മുകന്ദൻ പറഞ്ഞു.
പാർട്ടി ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന മുൻ എംഎൽഎ കൂടിയായ സ്ഥാനാർത്ഥി ഗീതാഗോപി എംഎൽഎ ആയതിന് ശേഷമുള്ള പത്തു വർഷത്തിനിടെയുള്ള സ്വത്ത് വിവരങ്ങൾ ഗൗരവമായി പരിശോധിക്കണം. എന്നാൽ, പാർട്ടി നേതൃത്വം അത് പരിശോധിക്കാത്തത് ഈ നേതാക്കൾക്ക് സാമ്പത്തിക സംരക്ഷണം ഒരുക്കുന്നത് കൊണ്ടാണെന്നും സിസി മുകുന്ദൻ പറഞ്ഞു.
സിപിഐ നേതാവ് സുനിൽകുമാർ ടി.ആർ രമേഷ് കുമാർ എന്നിവരുടെ വിഭാഗീയത പ്രവർത്തനങ്ങൾ മൂലം നാട്ടിക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരുപാട് പാർട്ടി പ്രവർത്തകരാണ് രാജിവെച്ചിരിക്കുന്നത്. ഇവരുടെയെല്ലാം പിന്തുണ തനിക്കുണ്ട്. അഴിമതി സ്വഭാവമുള്ള സ്ഥാനാർത്ഥിയെ നാട്ടിക മണ്ഡലം വിജയിപ്പിക്കില്ല എന്ന് ഉറപ്പാണെന്നും സി.സി. മുകുന്ദൻ പറഞ്ഞു.
Content Highlights: CC Mukundan alleges forced illegal fund collection by CPI leaders in Nattika., Claims personal vendetta and corruption led to his isolation within the party., Alleges Geetha Gopi's candidacy is part of a payment seat arrangement., Confirms his decision to contest as an independent candidate in Nattika., Highlights disputes over office staff appointments and corruption resistance.