കത്തോലിക്കാ വിശ്വാസികൾ കൂടി, വൈദികരും കന്യാസ്ത്രീകളും കുറഞ്ഞു

#ജോസഫ് മാത്യു
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ആലപ്പുഴ: ലോകത്ത് കത്തോലിക്ക വിശ്വാസികൾ കൂടിയെങ്കിലും വൈദികരും കന്യാസ്ത്രീകളും കുറഞ്ഞതായി വത്തിക്കാന്റെ കണക്ക്. ബിഷപ്പുമാരുടെ എണ്ണവും കൂടിയിട്ടുണ്ട്. രണ്ടുവർഷം കൂടുമ്പോഴാണ് വത്തിക്കാൻ ഈ കണക്കെടുക്കാറ്. 2022-23 കാലത്തെ വിവരമാണ് ഇപ്പോൾ പുറത്തുവന്നത്.

അതനുസരിച്ച് ഇക്കാലയളവിൽ ലോകത്തെ കത്തോലിക്ക വിശ്വാസികൾ 139-ൽനിന്ന് 140.6 കോടിയായി കൂടി. ആഫ്രിക്കയിലാണ് കൂടുതൽ വളർച്ച- 3.3 ശതമാനം. ഏറ്റവുമധികം കത്തോലിക്കരുള്ളത് ബ്രസീലിലാണ്- 18.20 കോടി.

2023 അവസാനിച്ചപ്പോൾ ലോകത്ത് 4,06,996 വൈദികരാണുള്ളത്. മുൻ കാലയളവിനെക്കാൾ 734 പേർ കുറഞ്ഞു. യൂറോപ്പിൽ 1.6-ഉം ഓഷ്യാനിയയിൽ ഒന്നും അമേരിക്കയിൽ 0.7 ശതമാനവുമാണ് കുറഞ്ഞത്. എന്നാൽ, ആഫ്രിക്കയിൽ 2.7-ഉം ഏഷ്യയിൽ 1.6-ഉം ശതമാനം കൂടി. കന്യാസ്ത്രീകളുടെ എണ്ണം കുറയുന്ന പ്രവണത ഇക്കാലയളവിലും തുടർന്നു. 5,99,228-ൽനിന്ന് 5,89,423 ആയാണ് കുറഞ്ഞത്. 1.6 ശതമാനം.

യൂറോപ്പിൽ 3.8-ഉം നോർത്ത് അമേരിക്കയിൽ 3.6-ഉം സൗത്ത് അമേരിക്കയിൽ മൂന്നു ശതമാനവുമാണ് കുറഞ്ഞത്. അതേസമയം, ആഫ്രിക്കയിൽ 2.2-ഉം തെക്കുകിഴക്കൻ ഏഷ്യയിൽ 0.1 ശതമാനവും കൂടി. മരണം കൂടിയതാണ് എണ്ണം കുറയാൻ കാരണമെന്നാണ് വത്തിക്കാൻ രേഖയിലെ വിലയിരുത്തൽ. ഇക്കാലയളവിൽ സന്ന്യസ്തജീവിതം അവസാനിപ്പിച്ചു പോയവരുടെ എണ്ണം നാമമാത്രമാണെന്നും പറയുന്നു.

ബിഷപ്പുമാർ 5,353-ൽനിന്ന് 5,430 ആയിട്ടുണ്ട്. പുതുതായി സെമിനാരിയിൽ എത്തുന്നവർ 2012 മുതൽ കുറഞ്ഞുവരുകയാണെന്നും റിപ്പോർട്ടിലുണ്ട്. കണക്കെടുത്തകാലത്ത് എണ്ണം 1,08,481-ൽനിന്ന് 1,06,495 ആയി കുറഞ്ഞിരുന്നു. ആഫ്രിക്കയൊഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും കുറവാണ് രേഖപ്പെടുത്തിയത്. ആഫ്രിക്കയിൽ 1.1 ശതമാനം കൂടി. യൂറോപ്പിൽ 4.9-ഉം ഏഷ്യയിൽ 4.2-ഉം അമേരിക്കയിൽ 1.3 ശതമാനവുമാണ് കുറവ്. ഓഷ്യാനിയയിലെ കുറവ് നാമമാത്രമാണ്.

യൂറോപ്പിൽ സഭയ്ക്കു ക്ഷീണം

ഏഷ്യയിലും ആഫ്രിക്കയിലും വളരുമ്പോൾ യൂറോപ്പിൽ സഭയുടെ സ്വീകാര്യത കുറയുകയാണ്. സഭയുടെ സ്ഥാപനവത്കരണത്തെ അവർ അംഗീകരിക്കുന്നില്ല. കന്യാസ്ത്രീകൾ കുറയാൻ മുഖ്യകാരണം മരണം തന്നെയാണ്. പുരുഷമേധാവിത്തം നിരന്തരം കാണുന്നവരാണ് കന്യാസ്ത്രീകൾ. പുതുതായി പെൺകുട്ടികൾ വരുന്നതു കുറയാൻ അതും കാരണമായിട്ടുണ്ടാകും.

- ഫാ. പോൾ തേലക്കാട്ട് (മുൻ പി.ആർ.ഒ., സിറോ മലബാർ സഭ)

Content Highlights: Vatican report says number of Catholic believers increase and priests & nuns decline in world