പൂച്ചകളറിയാത്ത ലോക പൂച്ചദിനത്തില്‍ പൂച്ചകള്‍ക്കായി ഒരു പൂച്ച സദ്യ, മീന്‍ പ്രധാന വിഭവം

ലോക പൂച്ചദിനത്തിൽ ഹരിവിഹാറിലെ പൂച്ചകൾക്കായുള്ള ഊട്ടുപുരയിൽ ഭക്ഷണം കഴിക്കുന്ന പൂച്ചകൾ
ലോക പൂച്ചദിനത്തിൽ ഹരിവിഹാറിലെ പൂച്ചകൾക്കായുള്ള ഊട്ടുപുരയിൽ ഭക്ഷണം കഴിക്കുന്ന പൂച്ചകൾ

ചെറായി: പൂച്ചകളറിയാത്ത ലോക പൂച്ചദിനത്തില്‍ പൂച്ചകള്‍ക്ക് സദ്യയൊരുക്കി എടവനക്കാട് ഹരിശ്രീ വിഹാറില്‍ ഹരിപ്രസാദ്. ഹരിവിഹാറിലെ പൂച്ചകള്‍ക്കായുള്ള ഊട്ടുപുരയില്‍ പൂച്ചകള്‍ക്ക് നിത്യേന സദ്യ ഒരുക്കാറുണ്ടെങ്കിലും ഓഗസ്റ്റ് എട്ടിലെ പൂച്ചദിനത്തിലെ സദ്യ സമൃദ്ധമായിരുന്നു.

സദ്യയുടെ മണം പിടിച്ച് പുറത്തുനിന്ന് പതിവുകാരല്ലാത്ത പൂച്ചകളുമെത്തി. ഹരിപ്രസാദ് തന്നെയാണ് പൂച്ചകള്‍ക്ക് സദ്യ ഒരുക്കുന്നതും വിളമ്പുന്നതും. പൂച്ചയൂട്ടിന് മീനാണ് കൂടുതലായും വാങ്ങുന്നത്. മീന്‍ ഉപ്പും മഞ്ഞളും ചേര്‍ത്ത് വേവിച്ച് ചോറില്‍ കുഴച്ചാണ് കൊടുക്കുന്നത്. കുട്ടിക്കാലം മുതല്‍ വീട്ടില്‍ പൂച്ചകളുണ്ട്. അച്ഛനും അമ്മയ്ക്കും അവയെ ഇഷ്ടമായിരുന്നു. മിണ്ടാപ്രാണികള്‍ക്ക് തീറ്റ കൊടുക്കുക, അവയെ സ്‌നേഹിച്ചു വളര്‍ത്തുക എന്നാണ് അച്ഛനും അമ്മയും പഠിപ്പിച്ചിട്ടുള്ളത്-ഹരിപ്രസാദ് പറഞ്ഞു.

പിതാവിന്റെ പൂച്ചസ്‌നേഹത്തിന് പിന്തുണയുമായി മകള്‍ ആത്മജാദേവിയുമൊപ്പമുണ്ട്. ജില്ലാ വെറ്ററിനറി ആശുപത്രിയിലെ ഡോക്ടറാണ്. ബാങ്ക് ജോലിക്കാരിയായ ഭാര്യ ആശയ്ക്കും പൂച്ചകളെ വളരെ ഇഷ്ടമാണ്. 28 പൂച്ചകള്‍ വരെ വീട്ടിലുണ്ടായിരുന്നു. ഇപ്പോള്‍ വിവിധ നിറത്തിലുള്ള പത്തോളം പൂച്ചകളുണ്ട്. പൂച്ചകളുടെ ചലനങ്ങളും കരച്ചിലും ശബ്ദവുമെല്ലാം ഓരോ കാര്യങ്ങള്‍ക്കുള്ള സിഗ്‌നലാണ്. അതൊക്കെ ഇത്രയുംകാലത്തെ അനുഭവത്തില്‍നിന്ന് മനസ്സിലാകുമെന്നും ഹരിപ്രസാദ് പറഞ്ഞു.

Content Highlights: Hariprasad of Edavanakkad, Kerala, prepared a grand feast for cats on International Cat Day