നായ്ക്കള്‍ ഓടിച്ചു; പ്രാണരക്ഷാര്‍ഥം 'സുന്ദരി' തെങ്ങുകയറി, താഴെയിറക്കി അഗ്‌നിരക്ഷാസേന

മതിലകം: നായ്ക്കള്‍ ആക്രമിക്കാന്‍ ഓടിച്ചപ്പോള്‍ പ്രാണരക്ഷാര്‍ഥം 'സുന്ദരി' പൂച്ച ഓടി തെങ്ങില്‍ കയറി. കൂളിമുട്ടം തട്ടുങ്ങല്‍ സെന്ററിനടുത്തു മുന്‍ പഞ്ചായത്തംഗം കളപറമ്പത്ത് ഹസീന ഫത്താഹിന്റെ വീട്ടിലെ പൂച്ചയെ താഴെയിറക്കാന്‍ വീട്ടുകാര്‍ പഠിച്ച പണി പതിനെട്ടും പയറ്റി. ഉയരമുള്ള തെങ്ങിലേക്ക് ഓടിക്കയറിയതുപോലെ ഇറങ്ങാന്‍ പറ്റാതെ വന്നതോടെ ഒന്നരവയസ്സുകാരി പൂച്ചക്കുഞ്ഞ് പേടിച്ചു.
സങ്കരയിനത്തില്‍പ്പെട്ട പൂച്ച ഒരു ദിവസം മുഴുവന്‍ തെങ്ങില്‍ കുടുങ്ങി. ചൊവ്വാഴ്ച വൈകീട്ടാണ് നായ്ക്കള്‍ സുന്ദരിയെ ഓടിച്ചത്. പൂച്ച സ്വയം താഴെയിറങ്ങുമെന്ന് പറഞ്ഞ് ചാലക്കുടി ഫോറസ്റ്റ് ആര്‍ആര്‍ടി അന്‍സാരി വീട്ടുകാര്‍ക്ക് ആശ്വാസം പകര്‍ന്നു. എന്നാല്‍, ബുധനാഴ്ച ഉച്ചകഴിഞ്ഞും താഴെയിറങ്ങാതെ വന്നതോടെ അന്‍സാരി സ്ഥലത്തെത്തി. ഉടന്‍തന്നെ കൊടുങ്ങല്ലൂര്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു.
അഗ്‌നിരക്ഷാസേന ഓഫീസര്‍ കെ.എസ്. ഷിജിലും സംഘവും സുന്ദരിയെ രക്ഷിക്കാന്‍ ഓടിയെത്തി. സേനയ്‌ക്കൊപ്പം വീട്ടുടമ ഫത്താഹ് വീടിന്റെ ടെറസിനു മുകളില്‍ നിന്ന് ഗോവണി വഴി തെങ്ങില്‍ കയറി. സുന്ദരിപ്പൂച്ചയെ സുരക്ഷിതമായി താഴെയിറക്കി.
Content Highlights: A cat named `Sundari` climbed a tall coconut tree to escape attacking dogs. After a day trapped, firefighters successfully rescued the scared feline. Learn more about this dramatic rescue!