VCമാർ സ്വന്തംചെലവിൽ കേസ് നടത്തണമെന്ന് ഗവർണർ; സർവകലാശാലാ ഫണ്ടിൽ നിന്നെടുത്ത പണം തിരിച്ചടക്കാൻ ഉത്തരവ്

#പ്രശാന്ത് കൃഷ്ണ/ മാതൃഭൂമി ന്യൂസ്
ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി
ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: വൈസ് ചാന്‍സ്‌ലര്‍മാര്‍ സ്വന്തം ചെലിൽ കേസ് നടത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലാ ഫണ്ടിൽ നിന്നും ഗവർണർക്കെതിരേ കേസ് നടത്താൻ ചെലവിട്ട ഒരു കോടി 13 ലക്ഷം രൂപ തിരിച്ചടക്കാനും ഗവർണർ ഉത്തരവിട്ടു. ഉത്തരവ് വന്നതോടെ വി.സിമാർ ഇനി സ്വന്തം ചെലവിൽ കേസ് നടത്തേണ്ടി വരും.

കോടതി ചെലവുകൾക്കായി സർവകലാശാലാ ഫണ്ടിൽ നിന്നും പണം എടുത്തത് ധനദുർവിനിയോഗമാണെന്നും ഈ തുക തിരിച്ചടച്ച് റിപ്പോർട്ട് ചെയ്യണമെന്നുമാണ് വി.സിമാർക്ക് ഗവർണർ ഉത്തരവിട്ടിരിക്കുന്നത്. പണം ചെലവഴിച്ച എല്ലാ വി.സി മാര്‍ക്കും ഗവർണറുടെ സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്. 

വി.സി. നിയമനം അസാധുവാക്കിയ ഗവർണറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വി.സിമാർ കേസ് നടത്താൻ സർവകലാശാലയിൽ നിന്ന് ഫണ്ട് തുക ചെലവഴിച്ചിരുന്നു.

കണ്ണൂർ വി.സി. ആയിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രൻ 69 ലക്ഷം രൂപയും കുഫോസ് വി.സി. 36 ലക്ഷം രൂപയും കെ.ടി.യു. വിസി ഒന്നര ലക്ഷം രൂപയും കാലിക്കറ്റ് വിസി 4 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. ഇതിൽ പ്രിയാ വർഗീസിന്റെ കേസുമായി ബന്ധപ്പെട്ട് 7,80000 രൂപ കണ്ണൂർ സർവകലാശാല ചെലവഴിച്ചിട്ടുണ്ടെന്നാണ് വിവരം.

Content Highlights: cases against Chancellor at own cost order Kerala Governor