തിരുത്തേണ്ടവരെ തിരുത്തും, അല്ലാത്തവരെ തുരത്തും; സുകുമാറിന്റെ പരിഹാസ ശരമേല്‍ക്കാത്തവര്‍ ചുരുക്കം

#ടി.ജി.ബേബിക്കുട്ടി
കാർട്ടൂണിസ്റ്റ് സുകുമാർ കാക്കനാട് തുതിയൂർ പാലച്ചുവട് തന്റെ പേരിലുള്ള സുകുമാർ ലെയ്‌നിൽ | Photo: Mathrubhumi
കാർട്ടൂണിസ്റ്റ് സുകുമാർ കാക്കനാട് തുതിയൂർ പാലച്ചുവട് തന്റെ പേരിലുള്ള സുകുമാർ ലെയ്‌നിൽ | Photo: Mathrubhumi

തിരുവനന്തപുരം: എഴുത്തിലും വരയിലും തുടക്കംമുതൽ ഒടുക്കംവരെ മലയാളിയെ ഹാസ്യത്തിന്റെ കഷായം കുടിപ്പിച്ച് രസിക്കുകയായിരുന്നു സുകുമാർ. കഷായത്തിന്റെ കയ്പുരസം കുടിച്ചിറക്കിയ ആസ്വാദകന്റെ ഉള്ളും ഉടലും നുരഞ്ഞുപൊന്തുമ്പോൾ സുകുമാറും ഉള്ളിൽ ഊറിച്ചിരിച്ചിരുന്നു. ഒടുവിൽ എല്ലാവരും ഒന്നിച്ചുചിരിച്ചുമറിയുമ്പോൾ വാക്കും വരയും കൊള്ളേണ്ടിടത്തു കൊണ്ടതിന്റെ രസം സുകുമാറിന്റെ ശരീരംതന്നെ വിളിച്ചുപറഞ്ഞു. മുഖം കോട്ടിയുള്ള ആ നിൽപ്പ് തലസ്ഥാനത്തെ നർമകൈരളിയുടെ വേദിമുതൽ സംസ്ഥാനത്തെ സരസവേദികളെല്ലാം ഏറെ കണ്ടറിഞ്ഞു.

മലയാളനാടിലാണ് കഷായം എന്ന തലക്കെട്ട് സുകുമാർ അവതരിപ്പിച്ചത്. നർമലേഖനങ്ങളും വരകളുമായി വന്ന കഷായം വായനക്കാർക്ക് നന്നേ രസിച്ചതോടെ കഷായത്തെ ജീവിതാവസാനംവരെ സുകുമാറിനും കൂടെക്കൂട്ടേണ്ടിവന്നു. സുകുമാരൻ പോറ്റിയിൽനിന്ന്‌ സുകുമാറിലേക്കും വളർന്ന അദ്ദേഹം അങ്ങനെ കഷായം സുകുമാറായും അറിയപ്പെട്ടു. കഷായം പിൽക്കാലത്ത് ഹാസ്യപരിപാടിയായി ടി.വി.യിലും തുടർച്ചയായി അവതരിപ്പിച്ചു.

കാർട്ടൂണും നർമരചനയും നർമപ്രഭാഷണവും ഒരുപോലെ വഴങ്ങുമെന്നതാണ് സുകുമാറിനെ ജനപ്രിയനാക്കിയത്. സമകാലിക രാഷ്ട്രീയവും അഴിമതിക്കഥകളുമൊക്കെ വാക്കിലും വരയിലും വിരിയിച്ച സുകുമാറിന്റെ പരിഹാസ ശരമേൽക്കാത്തവർ നന്നേ ചുരുക്കവുമായിരുന്നു. തലസ്ഥാനത്തെ രാഷ്ട്രീയ പൗരപ്രമുഖരൊക്കെ സുകുമാറിന്റെ വരയുടെ രുചിയറിഞ്ഞവരാണ്. തിരുത്തേണ്ടവനെ തിരുത്താനും അല്ലാത്തവനെ തുരത്താനുമുള്ള ചൂരൽവടിയായിരുന്നു സുകുമാറിന്റെ ആക്ഷേപഹാസ്യങ്ങൾ.

മുന്നിലിരിക്കുന്ന പണ്ഡിതനും പാമരനും ഒരുപോലെ രസിക്കുന്നതായിരുന്നു സുകുമാറിന്റെ ഭാഷയും വരകളുമെന്നതാണ് പൂർവസൂരികളിൽനിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. അത് കുഞ്ചന്റെ മെയ്‌വഴക്കമെന്നോ ഫലിതപ്രിയനായ നമ്പൂതിരിക്കുള്ള സരസ്വതീകടാക്ഷമെന്നോ ഒക്കെ സുകുമാർതന്നെ ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്.

പൊതുജനം പലവിധം എന്ന ലേഖന പരമ്പരയിലൂടെ നമുക്കുചുറ്റുമുള്ള ഒരുപിടി കഥാപാത്രങ്ങളെയാണ് സുകുമാർ പുനഃസൃഷ്ടിച്ച് വായനക്കാരനു മുന്നിലേക്കിട്ടത്. ശരീരഭാഷകൊണ്ടും നടപ്പുകൊണ്ടും വാക്കുകൊണ്ടുമൊക്കെ അവർ നമുക്കിടയിലെ ഒരാൾതന്നെയായി ഇപ്പോഴും നിൽക്കുന്നു.

കർണകഠോര സഹോദരിമാർ, ഒരുവഴിക്കമ്മാവൻ, നാലുമുക്കിൽ ബാലൻപിള്ള, കൈപ്പുണ്യമില്ലാ പപ്പുണ്ണി വൈദ്യൻ, സർവജ്ഞനദ്ദേഹം, പഞ്ചാംഗം പപ്പു ആശാൻ ഇങ്ങനെ നീളുന്ന കഥാപാത്രങ്ങളുടെ ക്യൂ തന്നെ വായനക്കാരനു മുന്നിൽ എക്കാലവും മിന്നിമറഞ്ഞുകൊണ്ടിരിക്കും.

റിട്ടയേർഡ് ഡിറ്റക്ടീവായ ഇൻസ്പെക്ടർ പപ്പുപിള്ളയെന്ന കാർട്ടൂൺ പരമ്പരയ്ക്ക് അനുഭവം പകർന്നത് സുകുമാറിന്റെ 30 വർഷം നീണ്ട പോലീസ് ജീവിതമായിരുന്നു. മലയാളത്തിലെ ആദ്യകാല കാർട്ടൂണിസ്റ്റ് കെ.എസ്.പിള്ളയെ അനുകരിച്ചാണ് സുകുമാർ കാർട്ടൂൺ വരയിലേക്കു കടന്നത്. അദ്ദേഹത്തെ ഗുരുവായിത്തന്നെക്കണ്ട് കൂടെനിന്നു. പിന്നീട് ആർട്ടിസ്റ്റ് ഹരിഹരന്റെ ശിക്ഷണത്തിൽ കാർട്ടൂണിന്റെ ഉള്ളറകളിലേക്കു കൂടുതൽ കടന്നു. ഡിസൈനിങ്ങിൽ കൂടുതൽ വൈദഗ്‌ധ്യം നേടി. ഹ്യൂമൻ അനാട്ടമിയിൽത്തന്നെ സുകുമാർ ഹാസ്യരസം നിറച്ചതിന് ഹരിഹരന്റെ ശിക്ഷണം ഗുണംചെയ്തു. സുകുമാറിന്റെ കഥാപാത്രങ്ങളുടെ മുഖഭാവവും ശരീരലക്ഷണവും അവലക്ഷണവുമൊക്കെ കണ്ട് ആസ്വാദകനിൽ മാലപ്പടക്കംപോലെ ചിരിപൊട്ടിക്കൊണ്ടേയിരുന്നു.

അക്കാലത്തിറങ്ങിയിരുന്ന പ്രസിദ്ധീകരണങ്ങളായ ദേശബന്ധുവിലും മലയാളിയിലും മലയാള രാജ്യത്തിലും സരസനിലും രസികനിലും ഒക്കെ സുകുമാർ വരയായും നർമലേഖനങ്ങളായും നിറഞ്ഞു. തിരുമേനിയും തിരുമാലിയും എന്ന കാർട്ടൂൺ പരമ്പര ജനപ്രിയമാകുന്നതും അക്കാലത്തായിരുന്നു. ഇടക്കാലത്ത് ശങ്കേഴ്‌സ്‌ വീക്കിലിയിലും ഇലസ്ട്രേറ്റഡ് വീക്കിലിയിലുമൊക്കെ സുകുമാറിന്റെ ഇംഗ്ലീഷ് കാർട്ടൂണുകളും പ്രത്യക്ഷപ്പെട്ടിരുന്നു. മനഃശാസ്ത്രം മാസികയിലെ ഡോ. മനശാസ്ത്രിക്ക് പിൽക്കാലത്ത് ഒരുപാട് ആരാധകരുണ്ടായിരുന്നു. കഥ, കവിത, നാടകം, നോവൽ, ഉപന്യാസം എന്നിവയിലായി 40-ൽ അധികം ഹാസ്യഗ്രന്ഥങ്ങൾതന്നെ സുകുമാറിന്റേതായുണ്ട്. കാർട്ടൂൺ ഗ്രന്ഥങ്ങളായി രണ്ടെണ്ണം വേറെയും.

മായുന്നത് തലസ്ഥാനത്തിന്റെ ചിരിമുദ്ര

ബിനു സി. തമ്പാൻ

തിരുവനന്തപുരം:നിരവധി പതിറ്റാണ്ടുകൾ നഗരത്തെ ചിരിയിലൂടെ ചിന്തിപ്പിച്ചാണ് കാർട്ടൂണിസ്റ്റ് സുകുമാർ അഞ്ച് വർഷം മുൻപ് കൊച്ചിയിലേക്ക് കൂടുമാറിയത്. ആറ്റിങ്ങലിൽ ജനിച്ച സുകുമാർ തമ്പാനൂർ സുബ്രഹ്മണ്യൻ കോവിലിൽ ശാന്തിക്കാരനായ അച്ഛനൊപ്പമാണ് മൂന്നാം വയസ്സിൽ തിരുവനന്തപുരത്തെത്തിയത്. അറപ്പുര പള്ളിക്കൂടത്തിലും ഗവ. മോഡൽ സ്‌കൂൾ, ഇൻറർ മീഡിയറ്റ് കോളേജെന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ ആർട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

കാർട്ടൂണിസ്റ്റ് കെ.എസ്.പിള്ളയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് കാർട്ടൂൺ വരച്ച് തുടങ്ങി. കെ.എസ്.പിള്ളയുടെ പേരിൽ പിന്നീട് അവാർഡ് ഏർപ്പെടുത്താനും സുകുമാർ മുൻകൈയെടുത്തു. ഇൻറർമീഡിയറ്റിന് പഠിക്കുമ്പോൾ തന്നെ സ്റ്റാച്യുവിലെ മലയാളി പത്രത്തിലും കെ.ബാലകൃഷ്ണന്റെ കൗമുദിയിലും സുകുമാർ വരച്ച കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചു.

ഇൻറർ മീഡിയറ്റ് പഠനത്തിനുശേഷമുള്ള അവധിക്കാലത്ത് തൈയ്ക്കാട് അയ്യപ്പൻ ക്ഷേത്രത്തിലെ ശാന്തിക്കാരനായും പ്രവർത്തിച്ചിരുന്നു. വിഗ്രഹത്തിൽ ചന്ദനം ചാർത്തുമ്പോൾ ഒരുദിവസം വിഗ്രഹത്തിൽ ഭഗവാന്റെ ചുണ്ടിനിടയിൽ മുല്ലമൊട്ടുകൾ വെച്ച് പുഞ്ചിരിക്കുന്ന മുഖമൊരുക്കി. ഇത് ശ്രദ്ധയിൽപ്പെട്ട ആർട്ടിസ്റ്റ് ഹരിഹരനാണ് ചിത്രകല പഠിക്കാൻ താത്‌പര്യമുണ്ടോ എന്ന് സുകുമാറിനോട് ചോദിച്ചു. ആര്യശാലയിൽ അദ്ദേഹത്തോടൊപ്പം മൂന്നുമാസം കഴിഞ്ഞ് ഗുരുകുല സമ്പ്രദായത്തിൽ ചിത്രകലയിലെ ബാലപാഠങ്ങൾ പഠിച്ചു.

വിദ്യാഭ്യാസത്തിനുശേഷം വീട്ടിലെ ഉത്തരവാദിത്വങ്ങൾ കാരണം സർക്കാർ ജോലിക്ക് ശ്രമിച്ചു. എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് വഴി ആദ്യം ചില താത്കാലിക ജോലികളാണ് ലഭിച്ചത്. അതിനുശേഷം യൂണിവേഴ്‌സിറ്റിയിലും തുടർന്ന് പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച് സി.ഐ.ഡി.യിൽ മിനിസ്റ്റീരിയൽ സ്റ്റാഫായും ജോലി ലഭിച്ചു.

തലസ്ഥാനത്തെ പോലീസ് കഥകൾ പറഞ്ഞാണ് സുകുമാർ ഹാസസാഹിത്യത്തിലേക്ക് കടന്നത്. എം.പി. നാരായണപിള്ളയുടെ നിർദേശപ്രകാരമായിരുന്നു അത്.

'കാക്കിക്കുള്ളിൽ' എന്നായിരുന്നു പംക്തിയുടെ പേര്. വിമർശനങ്ങൾ കടുത്തതോടെ അന്നത്തെ പോലീസ് മേധാവി എം.കെ.ജോസഫ് വിമർശനത്തിന്റെ അളവ് അല്പം കുറയ്ക്കാനും പംക്തിയുടെ പേര് മാറ്റാനും നിർദേശിച്ചു. അതോടെ പംക്തിയുടെ പേര് മാറി ‘കാക്കിക്ക് പുറത്ത്'.

ഹൈദരാബാദിൽ നടന്ന ലോക ഹാസസമ്മേളനത്തിൽ പ്രാദേശിക തലത്തിൽ ചിരിക്ലബ്ബുകൾ തുടങ്ങാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുകുമാറിന്റെ നേതൃത്വത്തിൽ 1985-ൽ തിരുവനന്തപുരത്ത് 'നർമകൈരളി'ക്ക് തുടക്കമിട്ടത്. പിന്നീട് 2018-ൽ തലസ്ഥാനത്തോട് വിടപറയും വരെ നർമകൈരളിയുടെ അമരക്കാരനും തലസ്ഥാനത്തിന്റെ ചിരിമുദ്രയുമായിരുന്നു കാർട്ടൂണിസ്റ്റ് സുകുമാർ.

ശുദ്ധഹാസ്യത്തിന്റെ നർമകൈരളി വേദികൾ

വിവേക് ആർ.ചന്ദ്രൻ

തിരുവനന്തപുരം: സൗമ്യമായ പതിഞ്ഞ ശബ്ദത്തിൽ തമാശയുടെ മേമ്പൊടിയോടെ വരുന്ന രൂക്ഷമായ വിമർശനങ്ങൾ തലസ്ഥാനവാസികളെ നാലുപതിറ്റാണ്ടോളം പൊട്ടിച്ചിരിപ്പിച്ചിരുന്നു. നർമകൈരളിയുടെ ചിരിയരങ്ങ് വേദികളിലൂടെയാണ് സമകാലിക സംഭവങ്ങളെ രസകരമായി സുകുമാർ അവതരിപ്പിച്ചിരുന്നത്.

നർമകൈരളി എന്ന ചിരി ക്ലബ്ബിനു തലസ്ഥാനത്തിനു തുടക്കമിട്ടതും നാല് പതിറ്റാണ്ടോളം അതിനെ സജീവമായി മുന്നോട്ടുകൊണ്ടുപോയതും സുകുമാറാണ്. അദ്ദേഹത്തിന്റെ പ്രസംഗംതന്നെയായിരുന്നു ഈ ചിരിയരങ്ങുകളുടെ മുഖ്യ ആകർഷണവും.

സഭ്യമായ ഭാഷയിൽ ശുദ്ധമായ ഹാസ്യത്തിന്റെ വിമർശനം തീർക്കുന്നതായിരുന്നു പ്രസംഗത്തിന്റെ ശൈലി. എന്നാൽ ഒരിക്കൽ ഒരു പരിപാടിയിലെ പരാമർശങ്ങൾ വിവാദമായി. വക്കീൽ ചിരി, ഡോക്ടർ ചിരി, എന്നിങ്ങനെ വിവിധ മേഖലകളെക്കുറിച്ചുള്ള തമാശകളവതരിപ്പിക്കുന്ന പരിപാടിയിൽ ട്രാൻസ്പോർട്ട് ചിരിയിലെ പരാമർശങ്ങളാണ് വിവാദമായത്. പോലീസ് ചിരി നടത്താത്തത് ഭാഗ്യമായി എന്നാണ് സുകുമാർ സ്വതസിദ്ധമായ ഭാഷയിൽ പിന്നീട് പറഞ്ഞത്.

ഹൈദരാബാദിൽ നടന്ന ലോക ഹാസ്യസമ്മേളനമാണ് തലസ്ഥാനത്തെ നർമകൈരളി എന്ന പ്രസ്ഥാനത്തിനു പ്രചോദനമായത്. ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറി ലൂഥറായിരുന്നു സമ്മേളനത്തിന്റെ മുഖ്യസംഘാടകൻ. വി.കെ.എൻ.‍, വേളൂർ കൃഷ്ണൻകുട്ടി, ചെമ്മനം ചാക്കോ, ജെ.ലളിതാംബിക, സുബ്ബയ്യാപിള്ള തുടങ്ങിയവർ കേരളത്തിൽനിന്നു സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇവിടെവെച്ച് എല്ലാ പ്രദേശങ്ങളിലും ചിരി ക്ലബ്ബുകൾ തുടങ്ങാൻ തീരുമാനിച്ചു. അങ്ങനെയാണ് 1985-ൽ തിരുവനന്തപുരത്ത് നർമകൈരളി ആരംഭിക്കുന്നത്. സുകുമാറിനൊപ്പം മുൻ ചീഫ് സെക്രട്ടറി സി.പി.നായരടക്കമുള്ളവർ ഇതിനായി മുൻകൈയെടുത്തു.

മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയായിരുന്നു ചിരിയരങ്ങ് എന്ന പരിപാടി അരങ്ങേറിയിരുന്നത്. ആദ്യം വി.ജെ.ടി. ഹാളായിരുന്ന സ്ഥിരംവേദി. ഇതു നവീകരണത്തിനായി അടച്ചസമയത്ത് ബാങ്ക് എംപ്ലോയീസ് ഹാളിലേക്കും പിന്നീട് വൈ.എം.സി.എ. ഹാളിലേക്കും ഒടുവിൽ ഹസൻമരയ്ക്കാർ ഹാളിലേക്കും മാറ്റി. പ്രസംഗങ്ങളും നാടകങ്ങളും നർമപരിപാടികളും എല്ലാം ചേർത്തതായിരുന്നു ചിരിയരങ്ങ്.

എറണാകുളത്ത് മകളുടെ വീട്ടിലേക്ക് സുകുമാർ താമസം മാറ്റിയതോടെ വേദികൾ അവസാനിച്ചു. നിർമകൈരളിയുടെ പരിപാടികൾ പിന്നീട് ഓൺലൈനിലായി.

Content Highlights: cartoonist sukumar passes away life story profile