പി.പി. ദിവ്യ ഉൾപ്പെട്ട വിവാദത്തിൽ കാർട്ടൺ കമ്പനി എം.ഡി.യുടെ വാദങ്ങൾ പൊളിയുന്നു; പണം കൈമാറ്റത്തിന് തെളിവായി ശബ്ദസന്ദേശം

#സി.കെ വിജയന്‍/മാതൃഭൂമി ന്യൂസ്

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ഉൾപ്പെട്ട കാർട്ടൺ കമ്പനി കരാർ വിവാദത്തിൽ കമ്പനി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ആസിഫിന്റെ വാദങ്ങൾ തള്ളുന്ന ബാങ്ക് രേഖകളും ശബ്ദസന്ദേശവും പുറത്തുവന്നു. ജില്ലാ പഞ്ചായത്തിൽ ടെൻഡർ നടപടിക്രമങ്ങൾ പാലിക്കാതെ കാർട്ടൺ കമ്പനിക്ക് കരാർ നൽകിയതിലെ ദുരൂഹത നിലനിൽക്കെയാണ് സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ പുറത്തുവരുന്നത്. കാർട്ടൺ ഇന്ത്യ അലയൻസ്ഡ് എം.ഡി. മുഹമ്മദ് ആസിഫ് തനിക്ക് പി.പി. ദിവ്യയുമായി യാതൊരു ബന്ധവുമില്ലെന്നും പണം കൈമാറിയതായി പ്രചരിക്കുന്ന ബാങ്ക് രേഖകൾ വ്യാജമാണെന്നും നേരത്തെ അവകാശപ്പെട്ടിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെ ഏതെങ്കിലും കരാർ നേടിയിട്ടുണ്ടെന്നോ, കമ്പനി ദിവ്യയുടെ ബിനാമിയാണെന്നോ തെളിയിച്ചാൽ ഒരു കോടി രൂപ നൽകാൻ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേരള സർക്കാർ സ്ഥാപനമായ സ്റ്റീൽ ഇന്റസ്ടിയൽ കേരള-സിൽക്ക് (SILK) എം.ഡി., കാസർഗോഡ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, ദിവ്യയുടെ സഹോദരൻ, ഡ്രൈവർ എന്നിവർക്ക് കമ്പനിയിൽ നിന്ന് പണം അയച്ചിട്ടില്ലെന്നായിരുന്നു ആസിഫിന്റെ വാദം. എന്നാൽ ആസിഫിന്റെ നിലപാടുകൾക്ക് വിരുദ്ധമായി കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖർക്ക് പണമായും സമ്മാനങ്ങളായും തുക നൽകിയതിന്റെ ബാങ്ക് രേഖകളും സ്‌ക്രീൻഷോട്ടുകളും പുറത്തുവന്നു. സിൽക്ക് ജനറൽ മാനേജർ, പി.പി. ദിവ്യയുടെ സഹോദരൻ, ഡ്രൈവർ തുടങ്ങിയവരുടെ അക്കൗണ്ടുകളിലേക്ക് പണം നൽകിയതായുള്ള വിവരങ്ങളാണ് പുറത്തുവന്നത്. സിൽക്ക് വഴി ടെൻഡർ നേടിയാണ് കാർട്ടൺ കമ്പനി കണ്ണൂർ, കാസർഗോഡ് ജില്ലാ പഞ്ചായത്തുകളിൽ പ്രവർത്തികൾ നടത്തിയത്. കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന പി. പി. ദിവ്യ, കാസർഗോഡ് ജില്ലാപഞ്ചായത്ത് മുൻ പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, മുൻ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. പി ഷാജിർ എന്നിവരിലേക്കും മറ്റ് ചില പ്രമുഖർക്കും പണം നൽകിയതിന്റേതായ സ്‌ക്രീൻ ഷോട്ടുകളാണ് പുറത്തുവന്നത്‌.

കാർട്ടൺ ഇന്ത്യ പ്രൈവറ്റ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്നുമാണ് രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിൽ ഉള്ള പ്രമുഖർക്ക് പണം പാരിതോഷികമായി കൊടുത്തതിന്റെ ബാങ്ക് രേഖകൾ പുറത്തുവന്നത്. കേരള സർക്കാർ സ്ഥാപനമായ സ്റ്റീൽ ഇന്റസ്ടിയൽ കേരളയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് സ്വർണ്ണം പാരിതോഷികമായി വാങ്ങി നൽകിയതിന്റെയും ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെയും രേഖകൾ പുറത്തായി. കൂടാതെ മറ്റ് ചില ജനപ്രതിനിധികൾ, കണ്ണൂർ, കാസർഗോഡ് ജില്ലാ പഞ്ചായത്ത് ജീവനക്കാർ, പി. പി. ദിവ്യയുടെ സഹോദരൻ, കാർ ഡ്രൈവർ എന്നിവർക്കും പണം നൽകിയ രേഖകൾ ഉണ്ട്. കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ എൽ.ഡി. എഫ് കാസർഗോഡ് മണ്ഡലത്തിൽ സ്ഥാനാർത്ഥി ആയിരുന്ന ഷാനവാസ് പാദൂർ പണം കൈപ്പറ്റിയതിന്റെ രേഖകളും പുറത്തുവന്നു.

പ്രധാനമായും ഈ കമ്പനി പി. പി ദിവ്യ, പി.പി ഷാജിർ, ആസിഫ് എന്നിവരുടെ നിയന്ത്രണത്തിൽ ആണ് പ്രവർത്തിക്കുന്നത്. എന്നാൽ കമ്പനി രജിസ്‌ട്രേഷൻ രേഖകളിൽ ഡയറക്ടർമാരായി കാണിച്ചിട്ടുള്ളത് മുഹമ്മദ് ആസിഫ്, ബിജു മോഹൻ, എന്നിവരെയാണ്. മുഹമ്മദ് ആസിഫിന്റെയും പി. പി ദിവ്യയുടെ ഭർത്താവ് പി.പി അജിത്തിന്റെയും പേരിൽ കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഭൂമി വാങ്ങിയതിന്റെ രജിസ്ട്രഷൻ രേഖകളും പുറത്ത് വന്നു. ബിജു മോഹൻ എന്നയാൾ കണ്ണൂരിലെ വിജിലൻസ് സി. ഐ ബിനുമോഹന്റെ ജേഷ്ഠനാണ്. ഇയാൾ എങ്ങനെ ഈ കമ്പനിയുടെ ഭാഗമായി എന്നത് ദുരൂഹമാണ്. വിജിലൻസ് സി.ഐ ബിനുമോഹൻ, എ.ഡിഎം നവീൻ ബാബുവിനെ അദ്ദേഹം മരിക്കുന്നതിന് മുമ്പ് ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കിയതായി ചില വാർത്തകൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഒറ്റ ദിവസം കൊണ്ട് ഇയാളെ ന്യൂമാഹി പള്ളൂർ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീടിയാൾ വിജിലൻസിൽ തിരിച്ചെത്തി. 

പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പണം നൽകിയതിനെക്കുറിച്ച് ആസിഫ് തന്നെ സംസാരിക്കുന്നത് വ്യക്തമാണ്. കാസർഗോഡ് ഷാനവാസ് പാദൂരിന് നൽകേണ്ട തുകയുടെ ഒരു ഭാഗമായ 15 ലക്ഷം രൂപ നൽകുന്നതിനെക്കുറിച്ച് ഇതിൽ സംസാരിക്കുന്നുണ്ട്. കണക്കുകളിൽ ഷാനവാസിന്റെ പേര് കാണിക്കാതെ 'കാസർഗോഡ് എക്‌സ്‌പെൻസ്' എന്ന രീതിയിൽ മാറ്റാൻ നിർദ്ദേശിക്കുന്നുമുണ്ട്. നിതിന്റെ അക്കൗണ്ട് വഴി തുക പിൻവലിക്കുന്നതായും ഇത് ബേബി ബാലകൃഷ്ണനുള്ള പണമാണെന്നും ശബ്ദരേഖയിൽ വ്യക്തമാക്കുന്നുണ്ട്. മാധ്യമങ്ങൾക്ക് മുന്നിൽ നൽകിയ പ്രസ്താവനകളും ബാങ്ക് രേഖകളും ശബ്ദസന്ദേശവും തമ്മിൽ വലിയ വൈരുധ്യമുള്ളതിനാൽ, കാർട്ടൺ കമ്പനി പി.പി. ദിവ്യ ഉൾപ്പെടെയുള്ളവരുടെ ബിനാമി സ്ഥാപനമാണെന്ന ആരോപണങ്ങൾക്ക് ബലമേറുകയാണ്.

Content Highlights: Bank records reveal political connections in the Carton India controversy, contradicting claims by director Mohammed Asif about financial transactions.