ആനകൾക്കും വേണം 'കാർബ് കട്ട്'; അവർ തലയാട്ടുന്നത് ബോറടി കാരണം, നൽകൂ കളിപ്പാട്ടങ്ങൾ

തൃശ്ശൂർ: “തളച്ചിട്ട ആനകൾ തുടർച്ചയായി തലയാട്ടുന്നത് വെറുതേയല്ല, കഠിനമായ ബോറടി കാരണമാണ്. അവയ്ക്ക് ഉല്ലസിക്കാൻ എന്തെങ്കിലും ‘കളിപ്പാട്ടങ്ങൾ’ നൽകിയാൽ മതി.” പ്രമുഖ ആനഗവേഷകൻ ഡോ. പി.എസ്. ഈസ പറയുന്നത് ആനപ്പാപ്പാൻമാരോടാണ്. കാലുകൊണ്ട് തട്ടാൻ കഴിയുന്ന എന്തെങ്കിലും നൽകിയാൽ ആനകൾ അതിൽ രസംകണ്ടെത്തും.
വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം ആനപ്പാപ്പാൻമാർക്കായി സംഘടിപ്പിച്ച ശില്പശാലയിൽ ക്ലാസ്സെടുക്കുകയായിരുന്നു ഡോ. ഈസ.
ആനകൾ 118 ഇനം സസ്യങ്ങൾ ഭക്ഷിക്കുന്നുണ്ട്. ദിവസം 30 തവണ പിണ്ഡം ഇടുന്നതിലൂടെ ഇവയിൽ പലതിന്റേയും വിത്തുകൾ വിതരണം ചെയ്യപ്പെടുന്നു. സ്വന്തം സ്ഥലത്തേക്ക് പോകാനുള്ള ആഗ്രഹം ആനകൾക്ക് എപ്പോഴുമുണ്ട്. കാടിനടുത്ത് മേയാൻ വിട്ടാൽ അവ കാട്ടിൽ കയറിപ്പോകുന്നത് അതുകൊണ്ടാണ്.
പണ്ട്, അന്തമാനിൽനിന്ന് കേരളത്തിലേക്ക് കപ്പലിൽ കൊണ്ടുവരുന്നതിനിടെ കൊൽക്കത്തയ്ക്കുസമീപം എത്തിയപ്പോൾ ആന കടലിലേക്ക് ചാടി തിരികേ നീന്തിയ സംഭവം അതാണ് സൂചിപ്പിക്കുന്നത്.
ആനപ്പക എന്നത് വിശ്വാസം മാത്രമാണ്. അതിന് ശാസ്ത്രീയ അടിത്തറയില്ല. ആനക്കൂട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന പെണ്ണാനകൾക്ക് ഭക്ഷണം കിട്ടുന്ന സ്ഥലങ്ങൾ ഓർത്തുവെക്കാൻ കഴിയും. ആണാനകളേക്കാൾ കൂടുതലായി പെണ്ണാനകൾക്ക് ചില ശബ്ദങ്ങൾ ഉണ്ടാക്കാൻ കഴിവുണ്ട്. - ഡോ. ഈസ പറഞ്ഞു.
ആനകൾ അകാലത്തിൽ ചരിഞ്ഞത് ഭൂരിഭാഗവും മദപ്പാടുകാലത്തെ സങ്കീർണതകളെത്തുടർന്നായിരുന്നെന്ന്, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. മിഥുൻ ഒ.വി. പറഞ്ഞു. മദപ്പാട് പൂർത്തിയാക്കാൻ അനുവദിക്കാതെ പണിയെടുപ്പിക്കുന്ന സാഹചര്യമുണ്ട്. 2025-ൽ 10 ആനകളെ പോസ്റ്റ്മോർട്ടം ചെയ്തു. മിക്കവയ്ക്കും മദപ്പാട് പൂർത്തിയായിരുന്നില്ല.
ആനകൾക്ക് അധികം ചോറ് കൊടുക്കരുത്. പലതരം പുല്ലുകളാണ് നല്ലത് -ഡോ. മിഥുൻ പറഞ്ഞു.
സാമൂഹിക വനവത്കരണ വിഭാഗം എറണാകുളം മേഖലാ ഫോറസ്റ്റ് കൺസർവേറ്റർ എസ്. വൈശാഖ് ശില്പശാല ഉദ്ഘാടനം ചെയ്തു. പാലക്കാട് അസി.ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് അബ്രഹാം, റിട്ട. ഡി.എഫ്.ഒ. ഡോ. എം.ഐ. വർഗീസ് തുടങ്ങിയവരും ക്ലാസ്സെടുത്തു.
Content Highlights: Provide enrichment toys to reduce repetitive stress behaviors in captive elephants. Avoid excessive rice feeding; focus on a diverse diet of various grasses. Scientific evidence shows that 'elephant revenge' is a myth. 2025 post-mortem reports indicate health complications often arise from incomplete musth cycles. Female elephants possess superior memory for food sources and communication skills.