'വിഎസിന് ക്യാപിറ്റൽ പണിഷ്‌മെന്റ് കൊടുക്കണമെന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞു; ഡയസിലിരുന്നവർ അതാസ്വദിച്ചു'

തിരുവനന്തപുരം: സിപിഎമ്മിനെ പലപ്പോഴും പ്രതിരോധത്തിലാക്കുന്ന 'ക്യാപിറ്റല്‍ പണിഷ്‌മെന്റ്' പ്രയോഗം കെട്ടുകഥയല്ലെന്ന് പാര്‍ട്ടി മുന്‍ സംസ്ഥാനസമിതി അംഗം പിരപ്പന്‍കോട് മുരളി. വി.എസ്. അച്യുതാനന്ദനെതിരേ നടത്തിയ ആ പരാമര്‍ശം, സമ്മേളനത്തില്‍ പങ്കെടുത്ത താന്‍ നേരിട്ട് കേട്ടിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. 2012-ലെ തിരുവനന്തപുരം സമ്മേളനത്തില്‍വെച്ചാണ് ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗം നടന്നതായി വാർത്തകൾ പുറത്തുവന്നത്.
പിരപ്പന്‍കോട് മുരളിയുടെ വാക്കുകള്‍: സമ്മേളനം നടക്കുമ്പോള്‍, നന്നായി സംസാരിക്കുന്ന ഒരു ചെറുപ്പക്കാരന്‍ പാര്‍ട്ടിക്കകത്ത് വിഭാഗീയതയുണ്ടാക്കുന്ന വി.എസിന് 'ക്യാപിറ്റല്‍ പണിഷ്‌മെന്റ്' കൊടുക്കുകയാണ് വേണ്ടതെന്ന് പ്രസംഗിച്ചു. പാര്‍ട്ടിയുടെ സ്ഥാപകനായ വിഎസിനേക്കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം വരുമ്പോള്‍ ഡയസില്‍നിന്ന് അതിനെ ചെറുക്കേണ്ടത് ആവശ്യമായിരുന്നു. പക്ഷേ, ഡയസില്‍ ഉണ്ടായിരുന്ന പാര്‍ട്ടി നേതാക്കൾ എല്ലാവരും അത് ആസ്വദിക്കുകയായിരുന്നു. ഞാന്‍ അന്ന് ഡെലിഗേറ്റായിരുന്നു.
'ക്യാപിറ്റല്‍ പണിഷ്‌മെന്റ്' പരാമര്‍ശത്തേക്കുറിച്ച് സമ്മേളനകാലത്ത് പുറത്തുവന്ന വാര്‍ത്തകള്‍ എം. സ്വരാജ് നിഷേധിച്ചിരുന്നെങ്കിലും വി.എസിന്റെ അന്നത്തെ മറുപടി വാര്‍ത്തകളെ സജീവമാക്കിയിരുന്നു. 'തൂക്കുകയറിനെയും വെല്ലുവിളിച്ചുകൊണ്ട് നേരിട്ട ഞങ്ങളെ ഇപ്പോള്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്ന് പറഞ്ഞ് ഭയപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് വിലപ്പോകില്ല എന്നുകൂടി ഞാന്‍ ഈ അവസരത്തില്‍ അറിയിക്കുകയായിരുന്നു' എന്നായിരുന്നു അന്ന് വി.എസ്. പ്രതികരിച്ചത്.
1996-ല്‍ മാരാരിക്കുളത്ത് പാര്‍ട്ടിയിലെ ഒരു വിഭാഗം വി.എസ്. അച്യുതാനന്ദനെ മനപ്പൂര്‍വം തോല്‍പിച്ചതാണെന്നും പിരപ്പന്‍കോട് മുരളി പറഞ്ഞു. അന്ന് മാരാരിക്കുളത്ത് വിജയിച്ച കോണ്‍ഗ്രസ് എംഎല്‍എ പി.ജെ. ഫ്രാന്‍സിസ് ആണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും താന്‍ പ്രതീക്ഷിക്കാത്ത പല ആളുകളും അതിലുണ്ടായിരുന്നെന്നും പിരപ്പന്‍കോട് മുരളി പറഞ്ഞു. സുശീലാ ഗോപാലനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ആ ശ്രമമൊക്കെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016-ല്‍ എല്‍ഡിഎഫ് വിജയിച്ചതിന് പിന്നാലെ വിഎസിനെ ആറുമാസം മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം താന്‍ മുന്നോട്ടുവെച്ചിരുന്നെന്നും അതിന് പിന്നാലെയാണ് തന്നെ സിപിഎം സംസ്ഥാനസമിതിയില്‍നിന്ന് ഒഴിവാക്കിയതെന്നും പിരപ്പന്‍കോട് മുരളി പറഞ്ഞു. 2016-ല്‍ വിഎസ് ആണ് തിരഞ്ഞെടുപ്പ് നയിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ സ്വാഭാവികമായും വിഎസ് മുഖ്യമന്ത്രിയാകും എന്നാണ് ആളുകള്‍ കരുതിയത്. എന്നാല്‍, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന ഘട്ടംവന്നപ്പോള്‍ ഇവിടുത്തെ സെക്രട്ടേറിയേറ്റ് കൂടി തീരുമാനിച്ചു, പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്ന്. വി.എസിനെ ആറുമാസം മുഖ്യമന്ത്രിയാക്കണം. അതിനു ശേഷം പിണറായിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ വിരോധമില്ലെന്ന് താന്‍ പറഞ്ഞു. തൃശ്ശൂര്‍ സമ്മേളനം നടന്നപ്പോള്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് എണ്‍പതു വയസ്സുകഴിഞ്ഞ 10-14 പേരെ ഒഴിവാക്കുകയാണെന്ന് പറഞ്ഞു. എന്നിട്ട് ആദ്യം അയച്ചത് എന്റെ പേരാണ്. തനിക്ക് അന്ന് 74 വയസ്സേയുണ്ടയിരുന്നുള്ളൂ എന്നും പിരപ്പന്‍കോട് മുരളി പറഞ്ഞു.
Content Highlights: capital punishment remark is true says pirappancode murali