'മെയിൻ പൈലറ്റിനെ കുത്തി സഹപൈലറ്റ് വിമാനം തകർക്കാൻ ശ്രമിച്ച പോലെ...'; അടൂർ പ്രകാശിനെതിരെ BRM ഷഫീർ

#ന്യൂസ് ഡെസ്ക്
ബി.ആർ.എം. ഷഫീർ, അടൂർ പ്രകാശ് | Photos: Facebook, Mathrubhumi
ബി.ആർ.എം. ഷഫീർ, അടൂർ പ്രകാശ് | Photos: Facebook, Mathrubhumi

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ ഒളിയമ്പുമായി കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീർ. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിലും പിന്നീടും അടൂർ പ്രകാശ് പരസ്യവിമർശനം നടത്തിയിരുന്നു. ഇതിനെതിരെയാണ് ഷഫീറിന്റെ പരോക്ഷ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബി.ആർ.എം. ഷഫീർ യുഡിഎഫ് കൺവീനർക്കെതിരെ തുറന്നടിച്ചത്.

കഴിഞ്ഞദിവസം ഫ്‌ളൈദുബായ് വിമാനത്തിലുണ്ടായ സംഭവവുമായി ഉപമിച്ചാണ് അദ്ദേഹം അടൂർ പ്രകാശിനെതിരായ വിമർശനം ഉന്നയിച്ചത്. ശരിയായ ദിശയിൽ അതിവേഗത്തിൽ പറക്കുന്ന വിമാനത്തിലെ പ്രധാന പൈലറ്റിനെ സഹപൈലറ്റ് ഒപ്പമിരുന്ന് കുത്തി വിമാനം തകർക്കാൻ ശ്രമിച്ചതുപോലെയായിരുന്നു വാർത്താസമ്മേളനം എന്നാണ് ഷഫീർ കുറിച്ചത്. അടൂർ പ്രകാശ് കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തെ ഉദ്ദേശിച്ചാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

'അതിവേഗതയിൽ ശരിയായ ദിശയിൽ പറക്കുന്ന വിമാനത്തിലെ മെയിൻ പൈലറ്റിനെ സഹ പൈലറ്റ് കൂടെയിരുന്ന് കുത്തി വിമാനം തകർക്കാൻ ശ്രമിച്ചത് പോലെ ഒരു പത്രസമ്മേളനം' -ഇതായിരുന്നു ഷഫീറിന്റെ പോസ്റ്റ്. നിരവധി കോൺഗ്രസ് അനുഭാവികൾ അദ്ദേഹത്തിന്റെ പോസ്റ്റിൽ അനുകൂലിച്ച് കമന്റുകളിട്ടു. അതേസമയം എതിർത്തുള്ള കമന്റുകളും പോസ്റ്റിന് താഴെ കാണാം.

താനറിയാതെ പല കാര്യങ്ങളും മുന്നണിക്കുള്ളിൽ നടക്കുന്നു എന്നാണ് കഴിഞ്ഞദിവസം അടൂർ പ്രകാശ് പറഞ്ഞത്. പലതീരുമാനങ്ങളും മുന്നണി കൺവീനർ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ഇത് ദുഃഖകരമായ അവസ്ഥയാണ്. ഇത് തുറന്നുപറയുന്നത് ജനങ്ങൾ അറിയണമെന്നു കരുതിയാണെന്നും അദ്ദേഹം പറയുകയുണ്ടായി. യു.ഡി.എഫ്. യോഗം അടുത്തകാലത്തൊന്നും നടന്നിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

ചെയർമാൻ എന്നനിലയിൽ മുഖ്യമന്ത്രിയാണ് മുൻകൈയെടുക്കേണ്ടത്. അദ്ദേഹം ഇതുവരെ അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. കൺവീനർ എന്നനിലയിൽ താനുമായി ചർച്ചകളും ആലോചനയും നടക്കുന്നില്ല. യുഡിഎഫിലെ കക്ഷിനേതാക്കൾക്ക് കാബിനറ്റ് പദവി നൽകിയതിൽ കൺവീനർ എന്നനിലയിൽ താനുമായി ചർച്ചയോ തീരുമാനമെടുക്കുന്നതിനെക്കുറിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.

Content Highlights: KPCC General Secretary BRM Shafeer likened UDF Convener Adoor Prakash's public press conference against CM VD Satheesan to a co-pilot trying to crash a smooth-flying aircraft, escalating internal rift within Congress.