വൻനഷ്ടമാകും ഫലമെന്ന് റിപ്പോർട്ട്; ബ്രഹ്മപുരം ബയോമെെനിങ് ആദ്യ നാലുബില്ലിൽ 9.48 കോടി അധികച്ചെലവ്

ബ്രഹ്മപുരം പ്ലാന്റ്
ബ്രഹ്മപുരം പ്ലാന്റ്

കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ബയോ മൈനിങ് നടത്തുന്നതിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായെന്ന് ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ സ്പെഷ്യൽ ഓഡിറ്റിലാണ് വലിയ നഷ്ടമുണ്ടായതായി ചൂണ്ടിക്കാട്ടുന്നത്. തരംതിരിച്ച മാലിന്യം പുറത്തേക്ക് കൊണ്ടുപോകാൻ നൽകിയ അതേ നിരക്കുതന്നെ, പദ്ധതിപ്രദേശത്ത് ലാൻഡ്‌ ഫില്ലിങ് നടത്തിയ മാലിന്യത്തിനും നൽകി എന്നതാണ് പ്രധാന കണ്ടെത്തൽ. 9.48 കോടി അധികച്ചെലവ് ഇതിലൂടെയുണ്ടായി. അനുമതിയില്ലാതെ ആരോഗ്യത്തിന് ദോഷകരമായ ലോഹസാന്നിധ്യം നിറഞ്ഞ മാലിന്യങ്ങൾ പുഴയോരത്ത് ലാൻഡ് ഫില്ലിങ്ങിന് ഉപയോഗിച്ചത് അതീവ ഗുരുതരമാെണന്നും ഓഡിറ്റ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. കമ്പനിക്ക് നൽകിയ ആദ്യത്തെ നാലുബില്ലുകൾ ഓഡിറ്റ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. അതുകൊണ്ടുതന്നെ പദ്ധതിയുടെ കാലാവധി പൂർത്തിയാവുമ്പോഴേക്കും വൻ തുക അധികമായി നൽകേണ്ടി വരുമെന്നും ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ നിർദേശിക്കുന്നു.

അതേസമയം ബയോ മൈനിങ്ങിലൂടെ മാലിന്യം വേർതിരിക്കുന്നത് തൃപ്തികരമാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. വേർതിരിച്ച മാലിന്യങ്ങൾ ലാൻഡ്‌ ഫില്ലിങ് നടത്തിയതിലാണ് സാമ്പത്തിക-പാരിസ്ഥിതിക അപാകങ്ങൾ കടന്നുകൂടിയത്. പുണെ ആസ്ഥാനമായ ഭൂമി ഗ്രീൻ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ബയോ മൈനിങ്ങിനുള്ള കരാർ നൽകിയിരിക്കുന്നത്. ബയോ മൈനിങ്ങിലൂടെ സി. ആൻഡ് ഡി. ഇനേർട്ട്, കോർസ് റിഫ്രാക്ഷൻ, ആർ.ഡി.എഫ്. തുടങ്ങി അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മാലിന്യം വേർതിരിക്കുന്നത്. വേർതിരിച്ച മാലിന്യം പുറത്തുകൊണ്ടുപോയി സിമന്റ് കമ്പനികൾക്ക് നൽകുന്നതിന് ടണ്ണിന് 1690 രൂപയാണ് കരാർ. ഇത് രാജ്യത്തെ ഏറ്റവും വലിയ തുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വേർതിരിച്ച മാലിന്യത്തിൽ ആർ.ഡി.എഫ്. സംസ്ഥാനത്തിനു പുറത്ത് സിമന്റ് കമ്പനികൾക്ക് കൈമാറുകയാണ്. സി ആൻഡ് ഡി ഇനേർട്ട് വേസ്റ്റും കോർസ് ഫ്രാക്ഷൻ കംപോണന്റ് മാലിന്യങ്ങളും ബ്രഹ്മപുരത്തുതന്നെ കുഴിച്ചുമൂടുകയാണ്.

ബ്രഹ്മപുരത്തുതന്നെ കുഴിച്ചുമൂടുന്ന മാലിന്യത്തിനു പുറമേ കൊണ്ടുപോയി കൊടുക്കുന്ന മാലിന്യത്തിന് ട്രാൻസ്‌പോർട്ടിങ് ചാർജ് ഉൾപ്പെടെ ടണ്ണിന് 1690 രൂപ തന്നെ നൽകി. പദ്ധതി പ്രദേശത്തുതന്നെ നിക്ഷേപിക്കുന്നതിന് ഗതാഗതച്ചെലവ് ആവശ്യമില്ലെന്നിരിക്കേ പുറത്തുകൊണ്ടുപോകേണ്ട വസ്തുക്കളുടെ അതേ തുക തന്നെ നൽകിയതാണ് പ്രധാന അപാകമായി കാണിക്കുന്നത്. കരാറുണ്ടാക്കിയപ്പോൾ ശരിയായ നിലപാട് സ്വീകരിക്കാത്തതുമൂലമാണ് ഈ അധികച്ചെലവെന്നാണ് ഓഡിറ്റിലെ വിലയിരുത്തൽ.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം കുടിവെള്ളത്തിൽ ലെഡിന്റെ സാന്നിധ്യമുണ്ടാകാൻ പാടില്ല. ചിത്രപ്പുഴയോടു ചേർന്നുള്ള ബ്രഹ്മപുരം പ്ലാന്റിൽ സാനിറ്ററി ലാൻഡ് ഫില്ലിങ്ങിനായി ഉപയോഗിച്ച ഇനേർട്ട് മെറ്റീരിയലുകളിലെ ലെഡ് സാന്നിധ്യം അനുവദനീയമായ അളവിലും വളരെ കൂടുതലാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെയാണ് ലാൻഡ്‌ ഫില്ലിങ് നടത്തിയിരിക്കുന്നത്.

ഇനെർട്ട് മെറ്റീരിയൽസ് ലാൻഡ് ഫില്ലിങ്ങിന് ഉപയോഗിക്കാമെന്ന് കരാറിൽ പറഞ്ഞിട്ടില്ല. ഇത് നഗരസഭയുമായി കമ്പനിയുണ്ടാക്കിയ ബയോ മൈനിങ് കരാറിന്റെ ലംഘനമാെണന്നും റിപ്പോർട്ടിലുണ്ട്. ഇനേർട്ട് മെറ്റീരിയൽസ് റോഡുപണിക്ക് ഉപയോഗിക്കുന്നതിന്റെ സാധ്യത കരാർ കമ്പനി തേടുകയോ നഗരസഭ ഇതിനുള്ള സഹായം നൽകുകയോ ചെയ്തിട്ടില്ല. നഗരസഭയുടെ അനുമതി ലഭിക്കും മുൻപുതന്നെ കമ്പനി ലാൻഡ്‌ ഫില്ലിങ് തുടങ്ങിയതും അപാകമായി റിപ്പോർട്ടിൽ പറയുന്നു. വ്യവസ്ഥകൾ ലംഘിച്ചിട്ടും നഗരസഭ കരാർ കമ്പനിക്ക് ബയോ മൈനിങ് തുടരാൻ അനുമതി നൽകിയത് വിശദീകരിക്കണമെന്നും സംസ്ഥാന ഓഡിറ്റ് വകുപ്പ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഓഡിറ്റ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

Content Highlights: brahmapuram waste management plant audit report, BioMining extra cost aroung 9.28 crore