കടിച്ചുപിടിച്ച എലിയുമായി പൂച്ച, കൈകഴുകി കിടക്കുമ്പോൾ ഉഗ്രശബ്ദം; ഞെട്ടൽമാറാതെ ജെയ്സണും കുടുംബവും

#ന്യൂസ് ഡെസ്ക്
ട്രാക്ടറിലുറപ്പിച്ച കുഴൽക്കിണർ റിഗ് വരക്കാട്ടെ വീടിനുമുകളിലേക്ക് മറിഞ്ഞ നിലയിൽ
ട്രാക്ടറിലുറപ്പിച്ച കുഴൽക്കിണർ റിഗ് വരക്കാട്ടെ വീടിനുമുകളിലേക്ക് മറിഞ്ഞ നിലയിൽ

നർക്കിലക്കാട് (കാസർകോട്): ട്രാക്ടറിലുറപ്പിച്ച കുഴൽക്കിണർ റിഗ് ശനിയാഴ്ച പുലർച്ചെ വീടിനുമുകളിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് തെങ്ങുംപേരിയിൽ ജെയ്സണുൾപ്പെടെയുള്ള നാലംഗ കുടുംബം. പാലാവയൽ സ്വദേശി പുത്തേട്ട് പടവിൽ പോളിന്റെ ഉടമസ്ഥതയിലുള്ള വരക്കാട്ടെ വീട്ടിൽ ആറുമാസമായി വാടകയ്ക്കുതാമസിക്കുകയായിരുന്നു കുടുംബം. ജെയ്സൺ, ഭാര്യ ഏലിയാമ്മ, മകൻ ജസ്റ്റിൻ, ഭാര്യാ സഹോദരി ശാന്തമ്മ എന്നിവരാണ് വീട്ടിൽ താമസം.

ജസ്റ്റിനും മാതൃസഹോദരിയായ ശാന്തമ്മയും ഓരോ മുറികളിലായിരുന്നു. ജെയ്‌സണും ഭാര്യ ഏലിയാമ്മയും ഹാളിലാണ് കിടന്നത്. വീടിന്റെ ഹാളിന്റെ ഭിത്തിയിലേക്കാണ് ട്രാക്ടറും കുഴൽക്കിണർ റിഗും റോഡിൽനിന്ന്‌ മറിഞ്ഞത്. ഭിത്തി തകർന്ന് ചെങ്കല്ലുകൾ ഹാളിലേക്ക് പതിച്ചു. വണ്ടിയിൽ സൂക്ഷിച്ചിരുന്ന അഞ്ചുമീറ്റർ നീളമുള്ള 10 ഇരുമ്പ് ദണ്ഡുകൾ (റാഡ്) വീടിന്റെ മുകളിലെത്തി. അതിൽ മൂന്നെണ്ണം മുകളിലത്തെ വാതിൽ തകർത്ത് ഹാളിലേക്ക് വീണു.

ഹാളിലുണ്ടായിരുന്ന ജെയ്‌സണും ഭാര്യ ഏലിയാമ്മയും അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. ഉഗ്രശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ വീട് പൂർണമായും തകർന്നുവെന്നാണ് ആദ്യം കരുതിയതെന്ന് കുടുംബാംഗം ശാന്തമ്മ പറഞ്ഞു.. ചുറ്റും പൊടിപടലമായിരുന്നു. ഓടി ഹാളിലെത്തിയപ്പോൾ എല്ലാം തകർന്ന നിലയിലായിരുന്നു. ഇതിനിടയിൽ പോറലേല്ക്കാതെ രക്ഷപ്പെട്ട സഹോദരിയെയും ഭർത്താവിനെയും കണ്ടപ്പോൾ ആശ്വാസമായെന്നും ശാന്തമ്മ പറഞ്ഞു

ജീവൻ രക്ഷിച്ചത് പൂച്ച

കുഴൽക്കിണർ റിഗ് മറിഞ്ഞ് വീടുതകർന്ന അപകടത്തിൽനിന്ന്‌ ജീവൻ രക്ഷിച്ചത് വളർത്തുപൂച്ചയാണെന്ന് തെങ്ങുംപേരിയിൽ ജെയ്‌സണും ഭാര്യ ഏലിയാമ്മയും ആശ്വാസത്തോടെ പറഞ്ഞു. ചൂടുകാരണം ഇവർ ഹാളിലാണ് കിടന്നിരുന്നത്. രാത്രി 1.30-ഓടെ പൂച്ചയുടെ തുടർച്ചയായ കരച്ചിൽ കേട്ടാണ് ഇരുവരും ഉണർന്നത്. പിടികൂടിയ എലിയുമായി നിൽക്കുന്ന പൂച്ചയെയാണ് ഇരുവരും കണ്ടത്. എലിയെ പുറത്തുകളഞ്ഞ് കൈകഴുകി കിടക്കാൻ നോക്കുമ്പോഴാണ് ഉഗ്രശബ്ദത്തോടെ ഭിത്തിതകർന്ന് ഹാളിലേക്ക് ചെങ്കല്ലും മുകളിൽനിന്ന് സ്റ്റെയർകേസ് വഴി ഇരുമ്പ് ദണ്ഡുകളും പതിച്ചത്. പൂച്ച ബഹളമുണ്ടാക്കിയില്ലായിരുന്നെങ്കിൽ എന്താകും സംഭവിച്ചിട്ടുണ്ടാകുകയെന്ന് ഞെട്ടലോടെയേ ഓർക്കാൻ കഴിയുകയുള്ളൂവെന്ന് ദമ്പതിമാർ പറഞ്ഞു. അപകടമറിഞ്ഞ് ആളുകൾ എത്തിത്തുടങ്ങിയതോടെ സ്ഥലംവിട്ട പൂച്ചയെ പിന്നെ കണ്ടിട്ടില്ല.

അപകടങ്ങൾ തുടർക്കഥയായ വരക്കാട് എളേരി കവല

: റോഡുനിർമാണത്തിലെ അപാകവും അധികൃതരുടെ അനാസ്ഥയുമാണ് രണ്ടുജീവൻ പൊലിഞ്ഞ വരക്കാട്ടെ വാഹനാപകടത്തിനു കാരണമെന്ന്‌ നാട്ടുകാർ. മൂന്നുവർഷത്തിനുള്ളിൽ ആറാമത്തെ അപകടമാണ് ശനിയാഴ്ചയുണ്ടായത്. ചിറ്റാരിക്കാൽ ഭീമനടി റോഡിൽ വരക്കാട് ടൗണിൽ എളേരി റോഡുമായി ബന്ധിപ്പിക്കുന്ന കവലയിലാണ് വാഹനാപകടമുണ്ടായത്.

എളേരിയിൽനിന്ന്‌ അമിതവേഗത്തിൽ വന്ന കുഴൽക്കിണർ റിഗ് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തുള്ള വീട്ടിലേക്ക് മറിയുകയായിരുന്നു. എളേരിയിൽനിന്നുള്ള കുത്തനെയുള്ള ഇറക്കവും കവലയിൽ റോഡിന് ആവശ്യമായ വീതിയില്ലാത്തതുമാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്.

സമീപകാലത്താണ് ചിറ്റാരിക്കാൽ ഭീമനടി റോഡ് വീതികൂട്ടി മെക്കാഡം ടാറിങ്‌ നടത്തിയത്. 10 മീറ്ററാണ് റോഡിന്റെ വീതി. എന്നാൽ, പല സ്ഥലത്തും റോഡിന് ആവശ്യമായ വീതിയില്ല. കവലയിൽ റോഡിന് വീതികൂട്ടണമെന്നും താഴെ ഭാഗത്ത് പാർശ്വഭിത്തി നിർമിക്കണമെന്നും 2019 മുതൽ നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് കളക്ടറും എ.ഡി.എമ്മും സ്ഥലം സന്ദർശിക്കുകയുണ്ടായി. എന്നാൽ, തുടർനടപടികൾ ഒന്നുമുണ്ടായില്ല.

കവലയിൽ റോഡരികിലെ ട്രാൻസ്ഫോർമറും വാഹനങ്ങൾക്കു ഭീഷണിയാണ്. അപകടങ്ങൾ കുറയ്ക്കാൻ വരക്കാട് എളേരി കവലയിൽ പാർശ്വഭിത്തി നിർമിച്ച് റോഡിന് വീതി കൂട്ടണം. റോഡരികിലെ ട്രാൻസ്ഫോർമർ കവലയിൽനിന്ന്‌ മാറ്റിസ്ഥാപിക്കണം. ഇവിടെ ആവശ്യമായ ബോർഡുകൾ സ്ഥാപിക്കണമെന്ന് പൊതുപ്രവർത്തകനായ പി. കുഞ്ഞാരാണൻ ആവശ്യപ്പെട്ടു.

നടുക്കുന്ന ഓർമ്മയായി 2014-ലെ കാറ്റാംകവല അപകടവും

: വരക്കാട്ട് കുഴൽക്കിണർ തുരക്കൽ വാഹനം മറിഞ്ഞ് രണ്ടുപേർ മരിച്ച വാർത്ത പടരുമ്പോൾ മലനാട്ടുകാരുടെ മനസ്സിൽ തെളിയുന്നത് മറ്റൊരു ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾ. ഇപ്പോൾ മലയോരഹൈവേയുടെ ഭാഗമായ കാറ്റാംകവല ഇറക്കത്തിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സംഭവമാണത്. കുഴൽക്കിണർ യന്ത്രങ്ങളടങ്ങിയ ലോറി വളവിൽനിന്ന്‌ താഴ്ചയിലേക്ക് മറിയുകയായിരുന്നു. 2014 ജനുവരി 26-നായിരുന്നു സംഭവം. സേലം സ്വദേശി ചിന്നൻ, മധ്യപ്രദേശ് ധാബ വില്ലേജിലെ വൈശാഖ്, ശ്യാംലാൽ, രംഗലാൽ, ശംഭു എന്നിവരാണ് അന്ന് മരിച്ചത്.

•  ട്രാക്ടറിലുറപ്പിച്ച കുഴൽക്കിണർ റിഗ് വീടിനുമുകളിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽനിന്ന്‌ രക്ഷപ്പെട്ട ജെയ്സൺ, ഭാര്യ ഏലിയാമ്മ, ഭാര്യാ സഹോദരി ശാന്തമ്മ എന്നിവർ

കാറ്റാംകവല വളവിൽ പിന്നെയും ഒട്ടേറെ അപകടങ്ങളുണ്ടായി. കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തരുടെ ബസ് ഇതേസ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് മൈസൂരു സ്വദേശി മരിച്ചത് ഒരുവർഷം മുമ്പ്. അമ്പതോളം പേർക്ക് അന്ന് പരിക്കേറ്റു. അപകടവളവായി യാത്രക്കാർ ഭീതിയോടെ കാണുന്ന ഇവിടെ നിരവധി ഇരുചക്രവാഹന അപകടങ്ങളുണ്ടായി. ചെറിയ റോഡ് ഹൈവേ ആയി വികസിപ്പിച്ചതിന് ശേഷവും അപകടങ്ങൾ ആവർത്തിച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു.

ഇവിടെ റോഡ് സുരക്ഷിതമാക്കണമെന്ന് കഴിഞ്ഞ മാർച്ചിൽ കൊന്നക്കാട്ട് നടന്ന മാതൃഭൂമിയുടെ മലയോരവികസനസെമിനാർ ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു. ഗതാഗതവകുപ്പധികൃതർ അപകടാവസ്ഥ സാക്ഷ്യപ്പെടുത്തിയതാണ്. പുതിയ സർക്കാരിന്റെ മുമ്പിലും പ്രശ്നം എത്തിയിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിലും മലയോരഹൈവേ സുരക്ഷിതമാക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടു. ഇതിനായി പ്രത്യേക രൂപരേഖയും പദ്ധതിയും വേണമെന്ന ആവശ്യവും നിലവിലുണ്ട്.

കുഴൽക്കിണർ വാഹനം വീടിന് മുകളിലേക്ക്‌ മറിഞ്ഞ് ഡ്രൈവറും സഹായിയും മരിച്ചു

: ട്രാക്ടറിലുറപ്പിച്ച കുഴൽക്കിണർ റിഗ് നിയന്ത്രണംവിട്ട് വീടിനുമുകളിലേക്ക് മറിഞ്ഞ് രണ്ട് മറുനാടൻ തൊഴിലാളികൾ മരിച്ചു. ട്രാക്ടർ ഡ്രൈവർ മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര(35)നും സഹായി ഛത്തീസ്ഗഢ്‌ സ്വദേശി മാൻസറു(19)മാണ് മരിച്ചത്.

വീടിന്റെ ഹാളിന്റെ ഭിത്തിയും ജനലും തകർന്നെങ്കിലും ഉള്ളിലുണ്ടായിരുന്ന തെങ്ങുംപേരിയിൽ ജെയ്സണും മൂന്ന് കുടുംബാംഗങ്ങളും അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ഇവർ ഈ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെ 1.45-ന് വരക്കാട് എളേരി കവലയിലാണ് അപകടം. തമിഴ്നാട് സ്വദേശിയുടെ വാഹനം കാസർകോട്ടുള്ള ഏജൻസി വഴി കുഴൽക്കിണർ നിർമിക്കാനാണ് എത്തിയത്. ജോലികഴിഞ്ഞ് രാത്രി എളേരിയിൽനിന്ന് മടങ്ങവെ വൈദ്യുതത്തൂൺ തകർത്ത് വീടിനുമുകളിലേക്ക് മറിയുകയായിരുന്നു.

ട്രാക്ടറിൽ സൂക്ഷിച്ചിരുന്ന അഞ്ചുമീറ്റർ നീളമുള്ള 10 ഇരുമ്പുദണ്ഡുകൾ ഒന്നാം നിലയിലേക്ക് പതിച്ചു. അതിൽ മൂന്നെണ്ണം സ്റ്റെയർകേസിന്റെ മുകളിലെ വാതിൽ തകർത്ത് ഹാളിലേക്ക്‌ വീണു. ഹാളിൽ കിടന്നുറങ്ങുകയായിരുന്ന ജയ്സണും ഭാര്യ ഏലിയാമ്മയും അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. ജയ്സന്റെ മകൻ ജസ്റ്റിനും ഭാര്യാ സഹോദരി ശാന്തമ്മയും വീട്ടിലെ മറ്റു മുറികളിൽ ഉറങ്ങുന്നുണ്ടായിരുന്നു. ഇവർക്കും അപകടമൊന്നുമുണ്ടായില്ല.

ശബ്ദംകേട്ടെത്തിയ പരിസരവാസികളും റിഗുമായി പോയവരെ തിരഞ്ഞ് മറ്റൊരു വാഹനത്തിലെത്തിയവരും ചേർന്ന് വാഹനത്തിൽ കുടുങ്ങിയ ദേവേന്ദ്രനെയും മാൻസറിനെയും പുറത്തെടുത്തു.

അപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. ജസ്റ്റിന്റെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു.

Content Highlights: A tractor-mounted borewell rig crashed into a rented house in Varakkad, Kasaragod, during the early hours of Saturday., Two migrant workers, driver Devendra (35) and helper Mansar (19), lost their lives in the tragic accident., A four-member family inside the house narrowly escaped unhurt, crediting their pet cat's timely noise for waking them up., Locals blame unscientific road construction, lack of width, and authorities' apathy for recurring fatal accidents at the Varakkad-Eleri junction.