മജ്ജ മാറ്റിവെച്ച് രക്താർബുദത്തെ അതിജീവിച്ചതുമുതലുള്ള കാത്തിരിപ്പ്; ആദികണ്ടു ആയുസ് ദാനംതന്നയാളെ

#ആര്‍. ആതിര
മജ്ജ മാറ്റിവെക്കലിലൂടെ രക്താർബുദത്തിൽനിന്ന്‌ മുക്തനായ ആദിനാരായണൻ മജ്ജ ദാനംചെയ്ത വിഷ്ണു വേണുഗോപാലിനെ (ഇടത്) ആദ്യമായി കണ്ടുമുട്ടിയപ്പോൾ ആദിനാരായണന്റെ അമ്മ ദിവ്യ സമീപം. തിരുവനന്തപുരം എം.ജി. കോളേജിൽ ധാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കൂടിക്കാഴ്ച
മജ്ജ മാറ്റിവെക്കലിലൂടെ രക്താർബുദത്തിൽനിന്ന്‌ മുക്തനായ ആദിനാരായണൻ മജ്ജ ദാനംചെയ്ത വിഷ്ണു വേണുഗോപാലിനെ (ഇടത്) ആദ്യമായി കണ്ടുമുട്ടിയപ്പോൾ ആദിനാരായണന്റെ അമ്മ ദിവ്യ സമീപം. തിരുവനന്തപുരം എം.ജി. കോളേജിൽ ധാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കൂടിക്കാഴ്ച

തിരുവനന്തപുരം: കണ്ടത് സ്വന്തം ജീവദാതാവിനെ, തൊട്ടത് സ്വന്തമാക്കിയ ജീവകോശത്തെ, മനസ്സുനിറഞ്ഞൊരു കൂടിക്കാഴ്ചയായിരുന്നു അത്. ആദിയും വിഷ്ണുവും പുണര്‍ന്നപ്പോള്‍ കൂടെയുള്ളവരുടെ കണ്ണുനിറഞ്ഞു. മകന് ജീവിതം നല്‍കിയവനെ അമ്മ ദിവ്യയും ചേര്‍ത്തുപിടിച്ചു. നന്ദി, വാക്കുകള്‍ക്കപ്പുറം കണ്ണീരായി ഒഴുകി.

മജ്ജ മാറ്റിവെക്കലിലൂടെ രക്താര്‍ബുദത്തെ അതിജീവിച്ച നാള്‍മുതലുള്ള രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനാണ് തിരുവനന്തപുരം എം.ജി. കോളേജില്‍ വെള്ളിയാഴ്ച വിരാമമായത്.

ധാത്രി ബ്ലഡ് സ്റ്റെം സെല്‍ ഡോണര്‍ രജിസ്ട്രിയാണ് ഈ അപൂര്‍വ നിമിഷത്തിന് വേദിയൊരുക്കിയത്. പത്തുവര്‍ഷം മുന്‍പ് രക്താര്‍ബുദം പിടിപെട്ട രണ്ടാംക്ലാസുകാരന് എട്ടുവര്‍ഷത്തോളമുള്ള ചികിത്സയ്‌ക്കൊടുവിലാണ് മജ്ജ മാറ്റിവെച്ചത്. വട്ടപ്പാറ സ്വദേശിയും ഇന്‍ഫോസിസിലെ ജീവനക്കാരനുമായ വിഷ്ണു വേണുഗോപാലിന്റെ രക്തമൂലകോശങ്ങളാണ് ആദിക്ക് നല്‍കിയത്. ചികിത്സയ്‌ക്കൊടുവില്‍ വിഷ്ണുവിന്റെ രക്തഗ്രൂപ്പായ ബി നെഗറ്റീവിലേക്ക് ആദി മാറി. കൂടപ്പിറപ്പുകളില്ലാത്ത ആദിക്ക് വിഷ്ണു രക്തബന്ധുവായി.

''ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് ജീവനോളം വിലമതിക്കുന്ന സഹായംചെയ്യാന്‍ കഴിഞ്ഞത്. ആരെന്ന് അറിയാത്ത ഒരാളുടെ ജീവന്‍ നിലനിര്‍ത്താനുള്ള പോംവഴി എന്നുമാത്രമാണ് കരുതിയത്. ആദിക്ക് എല്ലാകാലവും ഒരു സഹോദരനായി ഒപ്പമുണ്ടാകും''.- വിഷ്ണു പറയുന്നു.

എം.ജി. കോളേജില്‍ 2014-ല്‍ രണ്ടാംവര്‍ഷ ബിരുദത്തിന് പഠിക്കുമ്പോഴാണ് ധാത്രിയുടെ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എട്ടുവര്‍ഷത്തിനുശേഷം 2023-ലാണ് അതൊരാള്‍ക്ക് സാമ്യമാണെന്നറിച്ചുള്ള ഫോണ്‍ വരുന്നതും രക്തമൂലകോശം ദാനം ചെയ്യുന്നതും.

''17 വയസ്സിനപ്പുറമുള്ള അനുഭവങ്ങളാണ് ജീവിതത്തിലുണ്ടായത്. പലപ്പോഴും മരണത്തെ മുഖാമുഖം കണ്ടു. ജീവന്‍ തിരികെ കിട്ടിയ നാള്‍മുതല്‍ രക്ഷകനായ വ്യക്തിയെ എന്നും ഓര്‍ത്തിരുന്നു. ജീവിതത്തില്‍ ജ്യേഷ്ഠസ്ഥാനമാണ് അദ്ദേഹത്തിനുള്ളത്''.- ആദിയുടെ വാക്കുകളില്‍ സന്തോഷംമാത്രം.

കൊല്ലം അഞ്ചല്‍സ്വദേശിയായ ആദിനാരായണന് രണ്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് രക്താര്‍ബുദം സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരം ആര്‍സിസിയിലെ ചികിത്സയിലൂടെ രോഗമുക്തനായി. അഞ്ചുവര്‍ഷത്തിനുശേഷം വീണ്ടും രോഗം. ചികിത്സ നടക്കുന്നതിനിടെ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ രോഗം പിടിമുറുക്കി. 2023-ല്‍ കോഴിക്കോട് എംവിആര്‍ കാന്‍സര്‍സെന്ററില്‍ വെച്ചാണ് മജ്ജ മാറ്റിവെച്ചത്.

ധാത്രി ബ്ലഡ് സ്റ്റെം സെല്‍ ഡോണര്‍ രജിസ്ട്രി സംഘടിപ്പിച്ച സംഗമത്തില്‍ എന്‍എസ്എസ് സംസ്ഥാന ഓഫീസര്‍ ഡി. ദേവിപ്രിയ വിശിഷ്ടാതിഥിയായി. എം.ജി. കോളേജ് പ്രിന്‍സിപ്പല്‍ വി.എം. ആനന്ദകുമാര്‍, കോളേജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ എസ്. രാഹുല്‍, വി.എസ്. ചിത്ര, ധാത്രി നാഷണല്‍ ഓപ്പറേഷന്‍ ഹെഡ് (സൗത്ത്) എബി സാം ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: After battling blood cancer and a bone marrow transplant, Adi finally meets his lifesaver, Vishnu, i