'വന്യജീവി ആക്രമണവുമായി ബന്ധമില്ല, നിലമ്പൂരിലെ അപകടത്തെ ബോധപൂർവം രാഷ്ട്രീയവത്കരിക്കാൻ ശ്രമം'

നിലമ്പൂര്‍: നിലമ്പൂരില്‍ പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തെ വന്യജീവി ആക്രമണവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന അധ്യക്ഷന്‍ എം.വി. ഗോവിന്ദന്‍. സംഭവത്തെ രാഷ്ട്രീയവൽകരിക്കാന്‍ മനപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും അതിന് തെളിവാണ് എ. വിജയരാഘവന്‍ അടക്കമുള്ളവരുടെ വാഹനം തടഞ്ഞ പ്രവര്‍ത്തിയെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ഒന്നും ലഭിക്കാത്ത സമയത്ത്, വീണുകിട്ടിയ അവസരം പോലെ കോണ്‍ഗ്രസ് പാര്‍ട്ടി നിലമ്പൂരിലെ അപകടത്തെ ഉപയോഗപ്പെടുത്തുന്നതായി എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ മുതലെടുക്കലിന് വേണ്ടി ഇടതുപക്ഷ മുന്നണിയേയും അതിന്റെ നേതാക്കളേയും ആക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് ശരിയായ നിലപാടല്ല. ഇതിന് പിന്നില്‍ ഒരു ഗൂഢാലോചനാ സംഘം തന്നെയുണ്ടെന്നും ഗോവിന്ദന്‍ ആരോപിച്ചു.
'കെഎസ്ഇബി എത്രയെന്നുവെച്ച് ഇത്തരം പരിശോധനകള്‍ നടത്തും. നിലമ്പൂരിലെ അപകടത്തില്‍ പഞ്ചായത്ത് മെമ്പറടക്കം കുറ്റക്കാരാണ്. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അടുത്ത സുഹൃത്താണ് അദ്ദേഹം. ഇവര്‍ക്കെല്ലാമെതിരെ അന്വേഷണം വരണം, പരിശോധനകള്‍ നടക്കണം. ഇത്തരം അപകടങ്ങള്‍ ഇതിനുമുമ്പും അവിടെ നടന്നിട്ടുണ്ട്. എന്നിട്ടും പഞ്ചായത്ത് മെമ്പര്‍ ഇതില്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടില്ല. ഇതൊക്കെ ഗൂഢാലോചനയുടെ ഭാഗമാണ്,' ഗോവിന്ദന്‍ ആരോപിച്ചു.
'പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ ഇതിനുപിന്നിലെ ഗൂഢാലോചന പുറത്തുവരും. ആരൊക്കെയായി ബന്ധപ്പെട്ടിട്ടാണ് ഈ സംഭവം നടന്നത് എന്ന സത്യം അതോടെ പുറത്തുവരും. അതുകൊണ്ടാണ് പ്രതിയുടെ ഫോണ്‍ പരിശോധിക്കണമെന്ന് പോലീസ് പറഞ്ഞത്,' എം.വി. ഗോവിന്ദന്‍ പറഞ്ഞു. വൈദ്യുതി കട്ടെടുത്ത്, അപകടമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നിലമ്പൂരില്‍ നടന്നിരിക്കുന്നതെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങളുമായി ഈ അപകടത്തിന് ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: congress is trying to make nilambur boar trap accident as political tool accuses mv govindan