കോഴിക്കോട് കോർപ്പറേഷനിൽ നികുതികാര്യ സമിതി അധ്യക്ഷസ്ഥാനം ബിജെപിക്ക്; CPM-BJP ഒത്തുകളിയെന്ന് UDF

#സ്വന്തം ലേഖിക
കോഴിക്കോട് കോര്‍പ്പറേഷന്‍, പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി, എ.എഫ്.പി.
കോഴിക്കോട് കോര്‍പ്പറേഷന്‍, പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി, എ.എഫ്.പി.

കോഴിക്കോട് കോർപ്പറേഷനിൽ നികുതികാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ബിജെപിക്ക്. സിവിൽസ്റ്റേഷൻ ഡിവിഷനിൽ നിന്നുള്ള ബിജെപി കൗൺസിലർ വിനീത സജീവൻ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

നികുതികാര്യ സ്ഥിരം സമിതിയിൽ യുഡിഎഫിൽ നിന്നും നാലും ബിജെപിയിൽ നിന്ന് നാലും സിപിഎമ്മിൽ നിന്ന് ഒരാളുമാണ് ഉണ്ടായിരുന്നത്. എന്നാൽ വോട്ടെടുപ്പ് വേളയിൽ സിപിഎം അംഗം വിട്ടുനിന്നതോടെ യുഡിഎഫിനും ബിജെപിക്കും തുല്യ വോട്ടുകൾ ലഭിക്കുകയും മത്സരം ടൈയിൽ കലാശിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് വിജയിയെ നിശ്ചയിക്കാൻ അധികൃതർ നറുക്കെടുപ്പ് നടത്തിയത്. ഭാഗ്യം ബിജെപി സ്ഥാനാർത്ഥി വിനീത സജീവനെ തുണച്ചതോടെ സമിതിയുടെ അധ്യക്ഷസ്ഥാനം ബിജെപിക്ക് സ്വന്തമായി.

കോഴിക്കോട് കോർപ്പറേഷനിൽ ആകെ എട്ട് സ്ഥിരംസമിതി അധ്യക്ഷന്മാരിൽ ആറെണ്ണം എൽഡിഎഫിനും ഓരോന്ന് വീതം യുഡിഎഫിനും ബിജെപിക്കും ലഭിച്ചു. ബിജെപിക്ക് നികുതികാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ലഭിച്ചത് സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമാണെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു.

Content Highlights: BJP secures Tax Committee chairmanship in Kozhikode Corporation via draw. UDF alleges CPM-BJP collusion in this controversial election.