BJP നേതാക്കളോട് അമിത്ഷാ,എല്ലാ വാർഡിലും മത്സരിച്ചേ മതിയാകൂ, 'സ്വതന്ത്രരെ അത്ര പ്രോത്സാഹിപ്പിക്കേണ്ട'

കൊല്ലം:തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ വാർഡുകളിലും ബിജെപി സ്ഥാനാർഥികൾ ഉണ്ടാകണമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിർദേശം. മത്സരിക്കാതിരുന്നാൽ പാർട്ടിയുടെ വോട്ടുവിഹിതം താഴേക്കു പോകുമെന്നതിനാലാണ് താമര ചിഹ്നത്തിൽത്തന്നെ മത്സരിക്കണമെന്ന് പറഞ്ഞത്. ഇതേത്തുടർന്ന് പാർട്ടിക്ക് സ്വാധീനം കുറവുള്ള പ്രദേശങ്ങളിലും സ്ഥാനാർഥികളെ കണ്ടെത്താൻ കീഴ്ഘടകങ്ങളോട് സംസ്ഥാന നേതൃത്വം നിർദേശിച്ചിരിക്കുകയാണ്.
തെക്കൻ ജില്ലകളിൽ 90 ശതമാനം വാർഡുകളിലും ബിജെപിക്ക് സ്ഥാനാർഥികളുണ്ടാകാറുണ്ട്. എന്നാൽ മലബാർമേഖലയിൽ 70-80 ശതമാനം സീറ്റുകളിലേ മത്സരിക്കാൻ ശേഷിയുള്ളൂ. വിശേഷിച്ച് മലപ്പുറം, കണ്ണൂർ ജില്ലകളിൽ. എല്ലാ സീറ്റിലും മത്സരിച്ചെങ്കിൽ മാത്രമേ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച 20 ശതമാനം വോട്ട് വിഹിതം, വർധിപ്പിക്കാനാകൂ എന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 25 ശതമാനം വോട്ട് വിഹിതം ഉണ്ടാകണമെന്നും അമിത്ഷാ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് വോട്ട് വിഹിതം കുറഞ്ഞിരുന്നു.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ഭാരവാഹി യോഗം ഇക്കാര്യം ചർച്ചചെയ്യുകയും സ്വാധീനംകുറഞ്ഞ ന്യൂനപക്ഷ കേന്ദ്രീകൃത വാർഡുകളിൽപ്പോലും താമര ചിഹ്നത്തിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കാനും തീരുമാനിച്ചു. സ്വതന്ത്രരെ പിന്തുണയ്ക്കുന്ന രീതി ഇക്കുറി പ്രോത്സാഹിപ്പിക്കില്ലെന്നാണ് വിവരം. ജയസാധ്യത തീരെയില്ലാത്ത വാർഡുകളിൽ മത്സരിച്ച് സമയവും പണവും പാഴാക്കേണ്ടതില്ലെന്ന് ഒരുവിഭാഗം സംസ്ഥാന നേതാക്കൾക്ക് അഭിപ്രായമുണ്ടായിരുന്നു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയസാധ്യതയില്ലാത്ത നാല്പതോളം മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കേണ്ടെന്നും ഒരുവിഭാഗം നേതാക്കൾ വാദിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ഒന്നിലേറെ പ്രാവശ്യം കേന്ദ്രനേതൃത്വംതന്നെ ഈ നിർദേശം െവച്ചിരുന്നു. എന്നാൽ അവസാനഘട്ടത്തിൽ എല്ലായിടത്തും മത്സരിക്കാൻ തീരുമാനംവരികയാണ് പതിവ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് പുതിയ സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ അടക്കം നിലപാട് സ്വീകരിച്ചിട്ടും മുതിർന്ന ചില നേതാക്കളുടെ സമ്മർദത്തിനൊടുവിൽ സ്ഥാനാർഥിയെ നിർത്തേണ്ടിവരികയായിരുന്നു.
Content Highlights: Amit Shah directs BJP to contest all wards in Kerala local body elections to boost vote share