വോട്ട് കിട്ടുന്നതും കിട്ടാത്തതും തരംതിരിക്കണം, രണ്ട് സ്റ്റെപ്പ് ഇറങ്ങി പ്രവർത്തിക്കണം- BJP അധ്യക്ഷൻ

#കെ. പത്മജൻ
• എറണാകുളം പാലാരിവട്ടത്ത് ബി.ജെ.പി. മണ്ഡലം ഇൻചാർജുമാരുടെ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ അധ്യക്ഷൻ നിതിൻ നബീനെയും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും അഡ്വ. കെ.എസ് ഷൈജു, അഡ്വ. പ്രിയ പ്രശാന്ത്, സജികുമാർ എന്നിവർ ചേർന്ന് ഹാരമണിയിച്ച് സ്വീകരിക്കുന്നു. ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവഡെ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, തിരഞ്ഞെടുപ്പ് സഹപ്രഭാരി ശോഭ കരന്തലജെ, സി.കെ. പദ്മനാഭൻ തുടങ്ങിയവർ സമീപം

കൊച്ചി: നേതാക്കൾ രണ്ട് സ്‌റ്റെപ്പ് താഴേക്കിറങ്ങി പ്രവർത്തിക്കണമെന്ന് ബി.ജെ.പി. അധ്യക്ഷൻ നിതിൻ നബീൻ. മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണം പിടിക്കണമെന്ന സന്ദേശം മുന്നോട്ടുവെക്കുമ്പോഴും, എടുത്തുപറയാനാവുന്ന വിജയം ഇക്കുറി ഉണ്ടാവണമെന്നാണ് കർശന നിർദേശം. ബൂത്ത് അധ്യക്ഷരെയും മണ്ഡലം ഇൻ ചാർജുമാരെയുമാണ് രണ്ട് യോഗങ്ങളിലായി നിതിൻ നബീൻ കണ്ടത്. കിട്ടുന്നത്, കിട്ടാത്തത്, നിഷ്പക്ഷർ എന്നിങ്ങനെ വോട്ടർമാരെ തരംതിരിക്കണം.

നിഷ്പക്ഷരായവരെ കൂടെനിർത്താനുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. എല്ലാ മണ്ഡലങ്ങളിലും എംഎൽഎമാർക്കെതിരേയുള്ള പ്രക്ഷോഭങ്ങൾ ഏറ്റെടുക്കണം. നേതാക്കൾ ജയപരാജയങ്ങൾക്ക് ഉത്തരവാദികൾ ആവുന്നവിധത്തിൽ കൃത്യമായി ചുമതലകൾ വീതിച്ചുനൽകാനാണ് നിർദേശിച്ചിട്ടുള്ളത്. ഒഴിവാക്കപ്പെട്ട പാർട്ടി വോട്ടുകളുണ്ടെങ്കിൽ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. തിരഞ്ഞെടുപ്പ് കാംപെയ്നുകളുടെ ഔചാരിക ഉദ്ഘാടനം ചുവരെഴുത്തു നടത്തിക്കൊണ്ട് നിതിൻ നബിൻ ശനിയാഴ്ച തൃശ്ശൂരിൽ നിർവഹിക്കും. ഘടകകക്ഷികളുമായുള്ള ഉഭയ കക്ഷി ചർച്ചകൾ വേഗത്തിലാക്കും.

ഈ മാസം നടത്തേണ്ട പരിപാടികളുടെ വിവരങ്ങൾ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് അവതരിപ്പിച്ചു. പിന്നീട് എൻഡിഎ ഘടകക്ഷി നേതാക്കളെ പ്രത്യേകമായി നിതിൻ നബീൻ കണ്ടു. എളമക്കരയിലെ ആർ.എസ്.എസ്. ആസ്ഥാനം സന്ദർശിച്ച് സംഘം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രാത്രി ബി.ജെ.പി. കോർ-കമ്മിറ്റിയോഗത്തിൽ പങ്കെടുത്തു. ശനിയാഴ്ച തൃശ്ശൂരിൽ സംസ്ഥാന നേതാക്കളെ നേരിട്ടുകണ്ട് ചർച്ചകൾ നടത്തിയ ശേഷമാവും നിതിൻ നബിൻ മടങ്ങുക.

Content Highlights: BJP Chief's Directive: Leaders Must Engage Deeper for Electoral Success