'ഇന്ത്യയുടെ ദേശീയപതാക കാവിക്കൊടിയാക്കണം'; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

Photo: Screengrab/ mbi news
Photo: Screengrab/ mbi news

പാലക്കാട്: ഇന്ത്യയുടെ ദേശീയപതാക കാവിക്കൊടിയാക്കണമെന്ന വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന ബിജെപി നേതാവ് എന്‍. ശിവരാജന്‍. എല്‍ഡിഎഫും യുഡിഎഫും ആര്‍എസ്എസിന്റെ ഭാരതാംബയെ അധിക്ഷേപിച്ചെന്നാരോപിച്ച് പാലക്കാട്ട് ബിജെപി നടത്തിയ പ്രതിഷേധത്തിലാണ് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗമായ ശിവരാജന്‍റെ പരാമര്‍ശം. പാലക്കാട് നഗരസഭ കൗണ്‍സിലര്‍ കൂടിയാണ് ഇദ്ദേഹം.

ദേശീയ പതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു. കോണ്‍ഗ്രസും എന്‍സിപിയും ഇത്തരത്തില്‍ പതാക ഉപയോഗിക്കരുത്. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎം വേണമെങ്കില്‍ പച്ചയും വെള്ളയും പതാക ഉപയോഗിക്കട്ടെയെന്നു പറഞ്ഞ ശിവരാജൻ, കാവിക്കൊടി ഇന്ത്യന്‍ പതാകയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും കൂട്ടിച്ചേര്‍ത്തു. പ്രതികരണത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെയും ശിവരാജന്‍ അധിക്ഷേപിച്ചു. ശിവന്‍കുട്ടിയല്ല, ശവന്‍കുട്ടിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം.

Content Highlights: A BJP leader sparked controversy by suggesting India`s national flag be changed to a saffron flag