തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടുകുറവ് ബിജെപി പഠിക്കും; പലരും തെറിക്കും

തിരുവനന്തപുരം: വോട്ടുകുറഞ്ഞതെങ്ങനെയെന്ന് താഴേത്തട്ടുമുതൽ ബിജെപി പഠിക്കും. തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്നവർക്ക് വീഴ്ചയുണ്ടെന്നുകണ്ടാൽ ഭാരവാഹിസ്ഥാനം തെറിച്ചേക്കും. കണ്ണൂരിൽ ചേർന്ന കോർകമ്മിറ്റി അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ, പ്രഭാരിമാർ തുടങ്ങിയവരുടെ യോഗത്തിലാണ് തീരുമാനം.
എന്തുകൊണ്ട് വോട്ടുകുറഞ്ഞു, എവിടെയൊക്കെ നില മെച്ചപ്പെടുത്താനായി എന്നതടക്കം ഓരോ വാർഡിൽനിന്നും ജനുവരി ആദ്യത്തോടെ റിപ്പോർട്ട് നൽകണം. ഇത് ജില്ലാതലത്തിൽ വിലയിരുത്തിയായിരിക്കും തുടർനടപടി. പ്രതീക്ഷിച്ച മുന്നേറ്റം തൃശ്ശൂരിലടക്കം ഉണ്ടാക്കാനാകാത്തതും ചർച്ചയായി. തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് പ്രവർത്തനം മെച്ചമായിരുന്നില്ലെന്നാണ് വിലയിരുത്തൽ. ജനുവരി 15 മുതൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലേക്ക് പ്രവേശിക്കാനും തീരുമാനിച്ചു.
ക്രോസ് വോട്ട് നടന്നു
ബിജെപി സ്ഥാനാർഥികൾക്കെതിരേ സിപിഎമ്മും കോൺഗ്രസും ക്രോസ് വോട്ട് ചെയ്തെന്നും എണ്ണൂറോളം വാർഡുകളിൽ തോൽവിക്ക് ഇതു കാരണമായെന്നുമാണ് ബിജെപിയുടെ വിലയിരുത്തൽ. തദ്ദേശതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വോട്ടുശതമാനം ഉയർത്താമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയുണ്ടായെങ്കിലും തിരുവനന്തപുരം കോർപ്പറേഷനിലെ വിജയവും മറ്റുനഗരങ്ങളിലുണ്ടായ മുന്നേറ്റവും നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷനൽകുന്നതാണെന്നാണ് നേതാക്കളുടെ അഭിപ്രായം.
മേയറെ കണ്ടെത്താൻ അഭിപ്രായം തേടും
തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ, തൃപ്പൂണിത്തുറ, പാലക്കാട് മുനിസിപ്പാലിറ്റികളിൽ അധ്യക്ഷർ എന്നിവരെ നിശ്ചയിക്കാൻ ബുധനാഴ്ച പാർട്ടി കൗൺസിലർമാരിൽനിന്ന് അഭിപ്രായംതേടും. ജില്ലാ പ്രസിഡന്റ്, പ്രഭാരി എന്നിവരും സംസ്ഥാനനേതൃത്വത്തിൽനിന്ന് ഒരാളും അടങ്ങുന്ന സമിതിയാണ് അഭിപ്രായം ആരായുക.
Content Highlights: BJP to conduct grassroots analysis of vote decline in Kerala. Identify failures, potential leadership changes, and prepare for upcoming assembly elections.