ഡയറിയിലെ പേര്; രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും നേർക്കുനേർ പോര്; ആരും ഒറ്റയ്ക്ക് ആളാകേണ്ടെന്ന് BJP

കൊല്ലം: സി.എം.ആർ.എൽ. മാസപ്പടി കേസുമായി ബന്ധപ്പെട്ട ഡയറിയിലെ പേജ് പുറത്തുവിട്ടതിനെ ചൊല്ലി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുതിർന്ന നേതാവ് വി. മുരളീധരനും തമ്മിൽ നേർക്കുനേർ പോര്. പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ഷോൺ ജോർജ് അമിതാവേശത്തിൽ ഡയറി പുറത്തുവിട്ടതല്ല, ആലോചിച്ചുറപ്പിച്ച് പത്രസമ്മേളനം നടത്തുകയായിരുന്നുവെന്ന ആരോപണം പാർട്ടിക്കുള്ളിൽ ശക്തമാണ്.
ബി.ജെ.പി. സംസ്ഥാന മാധ്യമവിഭാഗവുമായി ചർച്ചചെയ്തശേഷമേ ഇത്തരം പത്രസമ്മേളനങ്ങൾ സാധാരണ നടത്താറുള്ളൂ. മാധ്യമവിഭാഗം, സംസ്ഥാന അധ്യക്ഷന്റെ അനുമതി വാങ്ങാറുമുണ്ട്. പാർട്ടി നേതൃത്വത്തിന്റെ അനുമതി ലഭിച്ചശേഷമാണ് ഷോൺ പത്രസമ്മേളനം നടത്തിയതെന്ന് മുരളീധരവിഭാഗം ആരോപിക്കുന്നു. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്തപ്പോൾ വി. മുരളീധരൻ അവഗണിക്കപ്പെട്ടതിനു പിന്നാലെ പാർട്ടിയിൽ രൂക്ഷമായ അസ്വാരസ്യം രൂപംകൊണ്ടിരുന്നു. ഇതിനുപിന്നാലെയാണ് തിരഞ്ഞെടുപ്പു ഫണ്ട് തട്ടിപ്പ് പരാതി ഉയർന്നത്. പരാതിക്കാരനും സംസ്ഥാന സെക്രട്ടറിക്ക് കമ്മിഷൻ നൽകിയെന്ന് പറയുന്ന സ്ഥാപനത്തിന്റെ തലവനും വി. മുരളീധരനുമായി അടുപ്പമുള്ളവരാണെന്ന് രാജീവ് പക്ഷം പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ പാർട്ടിയിൽ അടിമുടി പുനഃസംഘടന നടത്താൻ രാജീവ് ചന്ദ്രശേഖർ തീരുമാനിച്ചിരുന്നു. ഫണ്ടുതട്ടിപ്പ് വിവാദത്തോടെ പുനഃസംഘടനാ നീക്കം കേന്ദ്രനേതൃത്വം തടഞ്ഞു. ഇതിനുപിന്നിൽ വി. മുരളീധരനും രണ്ടു ദേശീയ നേതാക്കളുമാണെന്നാണ് രാജീവ് വിഭാഗത്തിന്റെ ആരോപണം. ഈ തിരിച്ചടികൾക്ക് മറുപടിയെന്നവണ്ണമാണ് ഡയറി പേജ് പുറത്തുവിട്ടതെന്ന് വിശ്വസിക്കുന്നവർ പാർട്ടിയിലുണ്ട്.
ഡയറിയിൽ പേരുള്ളവരെ പ്രതിയാക്കി പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്താൽ പാർട്ടി അന്വേഷിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ഡയറിയുടെ ആധികാരികതയെപ്പറ്റി ഷോൺ ജോർജിനോടും ഷോണിനെ സംബന്ധിച്ച കാര്യങ്ങൾ സംസ്ഥാന പ്രസിഡന്റിനോടും ചോദിക്കണമെന്ന് വി. മുരളീധരനും തുറന്നടിച്ചു. ഇരുവരുടെയും പത്രസമ്മേളന വീഡിയോകൾ, കമന്റുകൾ സഹിതം ബി.ജെ.പി. നേതാക്കൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. വിവാദം പൊതുമധ്യത്തിലെത്തിയതിലുള്ള അമർഷം ആർ.എസ്.എസ്. നേതൃത്വം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.
ആരും ഒറ്റയ്ക്ക് ആളാകേണ്ടെന്ന് ബി.ജെ.പി.
: നിർണായകവിഷയങ്ങളിൽ പാർട്ടിനിലപാട് പറയുമ്പോൾ, ഒരുനേതാവും ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ടെന്നും നേതൃത്വം അറിഞ്ഞുമതിയെന്നും ബി.ജെ.പി.. ഷോൺ ജോർജിന്റെ പത്രസമ്മേളനത്തിനെതിരേ വി. മുരളീധരനും പി.കെ. കൃഷ്ണദാസുമടക്കം കടുത്ത പ്രതിഷേധം ഉയർത്തിയതോടെയാണ് സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നിർദേശം. പാർട്ടിയെടുക്കുന്ന നിലപാടുകളും തീരുമാനവുംമാത്രം പത്രസമ്മേളനത്തിലുൾപ്പെടെ പറഞ്ഞാൽ മതിയെന്നാണ് മുന്നറിയിപ്പ്.
സി.എം.ആർ.എൽ. മാസപ്പടിക്കേസ് ഡയറിയിലെ പേജ് ഷോൺ ജോർജ് പുറത്തുവിട്ടതിനുപിന്നാലെ ബി.ജെ.പി., സംഘപരിവാർ നേതാക്കളുടെയും പേരുകൾ അതിലുണ്ടെന്ന പ്രചാരണം വന്നതാണ് പാർട്ടിക്കുള്ളിൽ പ്രശ്നമായത്.
മുരളീധരന്റെ രൂക്ഷപ്രതികരണത്തെത്തുടർന്നാണ് അദ്ദേഹത്തിനൊപ്പമാണ് പാർട്ടിയെന്ന് രാജീവ് ചന്ദ്രശേഖറിന് വ്യക്തമാക്കേണ്ടിവന്നത്. രണ്ടുമുന്നണികളും അഴിമതി കാട്ടുന്നവരാണെന്ന ബി.ജെ.പി. പ്രചാരണത്തിന്റെ മുനയൊടിച്ചാണ് ഷോണിന്റെ അമ്പ് പാർട്ടിയുടെതന്നെ നേർക്കെത്തിയത്.
മാധ്യമ, സാമൂഹികമാധ്യമ വിഭാഗങ്ങളുടെ പ്രഭാരിയായി ഷോണിനെ അടുത്തിടെയാണ് നിയമിച്ചത്. പാർട്ടി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തുമ്പോൾത്തന്നെ ബി.ജെ.പി.യുടെ സമൂഹികമാധ്യമപേജിൽ ഡയറിയിലെ പേജും പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഡയറിയുടെ ബാക്കിഭാഗംകൂടി മറ്റുചിലർ പുറത്തുവിടുകയായിരുന്നു.
Content Highlights: Public clash between BJP state president Rajeev Chandrasekhar and senior leader V. Muraleedharan over the CMRL diary page leak., Allegations that Shawn George held the press conference with party leadership approval., Discontent within the party following the assembly election defeat and subsequent fund-trolling allegations., RSS leadership expressed displeasure over the public dispute.