'മകരവിളക്ക് ദിനത്തിൽ ശബരിമല സംരക്ഷണ ദീപം തെളിയിക്കണം'; സ്വർണക്കൊള്ളയിൽ പ്രക്ഷോഭവുമായി ബിജെപി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ശക്തമായ പ്രക്ഷേഭത്തിനൊരുങ്ങി ബിജെപി. മകരവിളക്ക് ദിനത്തിൽ ശബരിമല സംരക്ഷണ ദീപം തെളിയിക്കണമെന്നും ഇതിൽ എല്ലാ അയ്യപ്പവിശ്വാസികളും പങ്കെടുക്കണമെന്നും ബിജെപി ആഹ്വാനം ചെയ്തു. ശബരിമല ക്ഷേത്രത്തിൽ കൊള്ളനടത്തുന്നവർക്കെതിരെ അന്വേഷണം നടക്കണം എന്ന ആവശ്യവും മുന്നോട്ടുവെക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ് തിരുവനന്തപുരത്ത് പറഞ്ഞു.
'ശബരിമല ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കാൻ ആഗ്രഹമുള്ള എല്ലാ വിഭാഗം ആളുകളെയും ഒരുമിച്ച് ചേർത്തുകൊണ്ടുള്ള വലിയ പ്രക്ഷോഭത്തിനാണ് പാർട്ടി തയ്യാറെടുക്കുന്നത്. ജനുവരി 14, മകരവിളക്ക് ദിനത്തിൽ കേരളത്തിലെ എല്ലാ വീടുകളിലും, മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും ശബരിമല സംരക്ഷണ ദീപം തെളിയിക്കാൻ തീരുമാനിച്ചിട്ടുണ്ട്.' എം.ടി. രമേശ് അറിയിച്ചു.
'കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ അയ്യപ്പ വിശ്വാസികളും മകരജ്യോതി തൊഴുന്ന ദിവസമാണ് അന്ന്. ആ ദിവസം തന്നെ, ശബരിമല ക്ഷേത്രത്തെ കൊള്ളയടിക്കാൻ പരിശ്രമിക്കുന്ന ഈ കൊള്ളസംഘത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ അന്വേഷണം വേണം എന്നുകൂടി ആവശ്യപ്പെട്ടുകൊണ്ടാണ് ശബരിമല സംരക്ഷണ ദീപം തെളിയിക്കുന്നതിനായി തീരുമാനിച്ചിട്ടുള്ളത്.' അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം യുഡിഎഫിനാണ് ഗുണംചെയ്തത് എന്ന തിരിച്ചറിവിൽനിന്നാണ് ബിജെപി ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുതിയ പ്രക്ഷോഭത്തിന് മുതിരുന്നത് എന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിച്ചേക്കും എന്ന് മുൻകൂട്ടി കണ്ടാണ് ബിജെപിയുടെ പുതിയ നീക്കം. ബിജെപിയാണ് ശബരിമല വിഷയത്തിൽ ആത്മാർഥമായ നിലപാടെടുക്കുന്നത് എന്നാണ് പാർട്ടി നേതൃത്വം പറയാൻ ശ്രമിക്കുന്നത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ എൽഡിഎഫും യുഡിഎഫും ഒരുപോലെ കുറ്റക്കാരാണെന്നും അതുകൊണ്ടുതന്നെ കേസിൽ സിബിഐ അന്വേഷണം വേണം എന്നും ഇന്നത്തെ കോർ കമ്മിറ്റി യോഗത്തിൽ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ശബരിമല സംരക്ഷണ ദീപം തെളിയിക്കുക എന്നതടക്കമുള്ള പ്രക്ഷോഭപരിപാടികളിലേക്ക് നീങ്ങാൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്.
Content Highlights: BJP Kerala announces protest against Sabarimala gold scam. Light 'Sabarimala Samrakshana Deepam' on Makaravilakku Day. Demand swift investigation and justice.