ദേശീയഗാനം തെറ്റിച്ചുപാടിയ സംഭവം: പാലോട് രവിക്കെതിരെ ബിജെപി പോലീസിൽ പരാതി നൽകി

സമരാഗ്നി സമാപന സമ്മേളനത്തില്‍ നിന്നുള്ള ദൃശ്യം
സമരാഗ്നി സമാപന സമ്മേളനത്തില്‍ നിന്നുള്ള ദൃശ്യം

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിച്ച ‘സമരാഗ്നി’ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തിൽ ദേശീയ​ഗാനം തെറ്റിച്ച് പാടിയ ഡിസിസി അധ്യക്ഷൻ പാലോട് രവിക്കെതിരെ ബിജെപി പോലീസിൽ പരാതി നൽകി. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നൽകിയത്.    

'പാലോട് രവി ദേശീയ​ഗാനത്തെ അവഹേളിക്കുന്നതായി മാധ്യമങ്ങളിൽനിന്നും അറിയാൻ സാധിച്ചു. മൈക്ക് സ്റ്റാൻഡിൽ താളംപിടിച്ചും തെറ്റായുമായാണ് ദേശീയ​ഗാനം ആലപിക്കാൻ ആരംഭിച്ചത്. ഇത് ബോധപൂർവ്വമാണെന്നേ കാണുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കൂ. അതിനാൽ വിഷയം അന്വേഷിച്ച് നടപടി സ്വീകരിക്കരിക്കണം' എന്നാണ് പരാതിയിൽ പറയുന്നത്. 

തിരുവനന്തപുരത്ത് വ്യാഴാഴ്ച വൈകീട്ട് നടന്ന ചടങ്ങിലായിരുന്നു വിവാദ സംഭവം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സച്ചിൻ പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാലോട് രവി ദേശീയ​ഗാനം തെറ്റിച്ചുപാടിയത്. മൈക്കിനടുത്തേക്ക് വന്ന് ദേശീയ​ഗാനം തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. തെറ്റിയെന്ന് മനസ്സിലായതോടെ ടി സിദ്ദിഖ് ഇടപെടുകയും ​സി.ഡി. ഇടാമെന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ, ആലിപ്പറ്റ ജമീല വന്ന് ദേശീയ​​ഗാനം തിരുത്തിആലപിക്കുകയായിരുന്നു. 


 

Content Highlights: BJP filed police complaint against Palode Ravi for singing the National Anthem wrongly