‘കേരള പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണം’; രാഷ്ട്രപതിയെ കണ്ട് ബി.ജെ.പി. സംഘം

ന്യൂഡൽഹി: കേരളത്തിലെ പി.എസ്.സി. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള ബി.ജെ.പി. പ്രതിനിധിസംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് നിവേദനം നൽകി.
ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളുടെയും പ്രാഥമികാന്വേഷണങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നൽകിയ ശുപാർശയിൽ തുടർനടപടികൾ സ്വീകരിക്കണമെന്നും വിഷയം സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വിടണമെന്നും അഭ്യർഥിച്ചാണ് ബി.ജെ.പി. സംഘം രാഷ്ട്രപതിയെ കണ്ടത്.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ., രാജ്യസഭാംഗങ്ങളായ സി. സദാനന്ദൻ, പി.ടി. ഉഷ എന്നിവരടങ്ങിയ സംഘമാണ് രാഷ്ട്രപതിയെ സന്ദർശിച്ചത്. സംസ്ഥാനസർക്കാർ സർവീസിലേക്ക് റിക്രൂട്മെന്റ് നടത്തുന്ന കേരള പി.എസ്.സി.യുടെ പ്രവർത്തനത്തിൽ ഗുരുതരമായ സ്വജനപക്ഷപാതവും അഴിമതിയുമാണ് നടക്കുന്നതെന്ന് നിവേദനത്തിൽ ആരോപിച്ചു. പി.എസ്.സി. ചെയർമാനെ നീക്കണമെന്നാവശ്യപ്പെട്ട് കേരള ഗവർണറായിരിക്കേ ആർ.വി. ആർലേക്കർ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.
ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വിടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ അഭ്യർഥിച്ചു.