രണ്ട് സംഘടനാ ജില്ലകൾക്ക് രണ്ട് പ്രസിഡന്റുമാർ; ആലപ്പുഴ BJP-യിൽ ചേരിതിരിവ്, ഭാരവാഹികളാവാന്‍ മത്സരം

ആലപ്പുഴ: തിങ്കളാഴ്ച നടന്ന ബി.ജെ.പി. ഭാരവാഹി തിരഞ്ഞെടുപ്പ് ഗ്രൂപ്പുകളിയില്‍ മുങ്ങി. ജില്ലാ പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാനുള്ള നിരീക്ഷകര്‍ക്കു മുന്നിലും ചേരിതിരിവു പ്രകടമായി. ആലപ്പുഴ ജില്ലയെ രണ്ടു സംഘടനാ ജില്ലകളാക്കിയതോടെ രണ്ടു പ്രസിഡന്റുമാര്‍ വേണം. മാവേലിക്കര കേന്ദ്രീകരിച്ചു തെക്കന്‍മേഖലയിലേക്കും ആലപ്പുഴ കേന്ദ്രീകരിച്ച് വടക്കന്‍ മേഖലയിലേക്കുമാണിത്.
തെക്കന്‍മേഖലാ പ്രസിഡന്റുസ്ഥാനത്തേക്ക് നിലവിലെ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, സന്ദീപ് വാചസ്പതി, ബി. കൃഷ്ണകുമാര്‍ എന്നിവരാണു മത്സരിച്ചത്. വടക്കന്‍ ജില്ലയിലേക്ക് എട്ടുപേരും; പി.കെ. വാസുദേവന്‍, ടി.കെ. അരവിന്ദാക്ഷന്‍- കുട്ടനാട്, പി.കെ. ബിനോയി, വിമല്‍ രവീന്ദ്രന്‍- ചേര്‍ത്തല, സി. മധുസൂദനന്‍ അരൂര്‍, അരുണ്‍ അനിരുദ്ധന്‍, കെ.പി. പരീക്ഷിത്ത്, ജി. വിനോദ് കുമാര്‍-ആലപ്പുഴ.
നിലവിലെ മണ്ഡലം ഭാരവാഹികള്‍, ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന ഭാരവാഹികള്‍, വിവിധ മോര്‍ച്ചകളുടെ ഭാരവാഹികള്‍ എന്നിവരാണ് വോട്ടുരേഖപ്പെടുത്തിയത്. തെക്കന്‍മേഖലയില്‍ 55-ഉം വടക്കന്‍മേഖലയില്‍ 52-ഉം വോട്ടര്‍മാരാണുള്ളത്. പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍ പക്ഷം എന്നിങ്ങനെ ചേരിതിരിഞ്ഞാണ് പ്രസിഡന്റുസ്ഥാനത്തേക്കും മണ്ഡലം പ്രസിഡന്റുസ്ഥാനത്തേക്കും മത്സരം നടന്നത്.
തിരഞ്ഞെടുപ്പിന് സംസ്ഥാന ഭാരവാഹികളായ കെ.എസ്. രാധാകൃഷ്ണന്‍, ജെ. പത്മകുമാര്‍, പുഞ്ചക്കര സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇവര്‍ മുന്‍ഗണനാക്രമത്തില്‍ രണ്ടുപേരുടെ പേര് സംസ്ഥാന നേതൃത്വത്തിന് അയക്കും.
ജില്ലയില്‍ 18 സംഘടനാ മണ്ഡലങ്ങളാണുള്ളത്. ഇതിലേക്കുള്ള ഭാരവാഹികളെ നിശ്ചയിക്കാന്‍ നേരത്തേ കെ.എസ്. രാധാകൃഷ്ണനും രേണു സുരേഷും അഭിപ്രായ വോട്ടെടുപ്പു നടത്തിയിരുന്നു. നേതാക്കള്‍ ഗ്രൂപ്പുപോരില്‍ അര്‍ഹരെ തഴഞ്ഞെന്ന പരാതിയെത്തുടര്‍ന്ന് മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക സംസ്ഥാന നേതൃത്വം പുറത്തുവിട്ടിട്ടില്ല.
ഓരോ മണ്ഡലത്തിലെയും ഭാരവാഹികളുടെ പട്ടിക ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റി പരിശോധിച്ച് സംസ്ഥാന നേതൃത്വത്തിന് അയച്ചുകൊടുക്കുകയായിരുന്നു. സംസ്ഥാന നിരീക്ഷകര്‍ നല്‍കിയ പട്ടികയില്‍ തിരിമറി നടത്തി സ്വന്തം ഗ്രൂപ്പുകാര്‍ക്കു പ്രാമുഖ്യംനല്‍കിയെന്ന് ആക്ഷേപമുണ്ട്.
ശോഭാ സുരേന്ദ്രന്‍ വോട്ടു ചെയ്തില്ല
ആലപ്പുഴ: ബി.ജെ.പി. ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍ വോട്ടു ചെയ്തില്ല. ആലപ്പുഴ നോര്‍ത്തിലായാരുന്നു അവര്‍ വോട്ടു രേഖപ്പെടുത്തേണ്ടിയിരുന്നത്. ആലപ്പുഴയുടെ ചുമതല നല്‍കിയിരിക്കുന്നതിനാലാണ് ശോഭാസുരേന്ദ്രന്റ വോട്ട് ഇവിടെയായത്.
Content Highlights: Intense competition for BJP leadership positions in Alappuzha