4 തവണയും അപേക്ഷ നിരസിച്ചു, ഒടുവിൽ പിണറായി ഇടപെട്ടു; 3 വർഷത്തിനുശേഷം ബിനീഷിന് പാർട്ടിയിൽ അംഗത്വം

തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുതിർന്ന പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് മൂന്ന് വർഷത്തിനുശേഷം അംഗത്വം പുതുക്കിനൽകി സിപിഎം. നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായതോടെ പിണറായി വിജയൻ ഇടപെട്ടാണ് അംഗത്വം നൽകിയത്.
ഈ ആവശ്യവുമായി നാലുതവണയാണ് ബിനീഷ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നത്. എന്നാൽ അപ്പോഴെല്ലാം അപേക്ഷ നിരസിക്കുന്ന നിലപാടാണ് സിപിഎം എടുത്തിരുന്നത്. അംഗത്വം പുതുക്കി കിട്ടുന്നതിനുവേണ്ടി ബിനീഷ് കൊട്ടാത്ത വാതിലുകളും കയറാത്ത വാതിലുകളില്ല. ഇതിന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പോലും കൃത്യമായ വിശദീകരണം നൽകിയിരുന്നില്ല.
ഇത് വലിയ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ലഹരിക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് പാർട്ടി ബിനീഷിന്റെ അംഗത്വം റദ്ദാക്കിയത്. തുടർന്ന്, 2023-ൽ കേസിൽ നിന്നും പൂർണമായും കുറ്റവിമുക്തനായി. എന്നാൽ അതിനുശേഷവും പാർട്ടി അംഗത്വം പുതുക്കിനൽകാൻ തയ്യാറായിരുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കാരണമാണ് അംഗത്വം പുതുക്കിനൽകാതിരുന്നത്.
ജില്ലാ നേതൃത്വം ഇടപെട്ട് നാലുതവണയാണ് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അപേക്ഷ നൽകിയത്. എന്നിട്ടും സംസ്ഥാന നേതൃത്വം ഈ അപേക്ഷ പരിഗണിച്ചിരുന്നില്ല. ആലോചിച്ച് ചെയ്യാം എന്ന് മറുപടിയാണ് പാർട്ടി സെക്രട്ടറിയിൽ നിന്നും കിട്ടിയിരുന്നത്. മൂന്നുവർഷങ്ങൾക്ക് ശേഷമാണ് ബിനീഷിന് അംഗത്വം പുതുക്കിനൽകാൻ ഇപ്പോൾ പാർട്ടി തീരുമാനിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ പിണറായി വിജയൻ തന്നെ നേരിട്ട് ഇടപെട്ടാണ് ഈ വിഷയത്തിൽ നീക്കുപോക്കുണ്ടാക്കിയത് എന്നാണ് വിവരം. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ബിനീഷിന് വീണ്ടും അംഗത്വം നൽകാൻ പാർട്ടി തീരുമാനിച്ചത് എന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
Content Highlights: Bineesh Kodiyeri reinstated into CPI(M) after a three-year suspension. Four previous membership renewal applications were rejected by the state leadership. Chief Minister Pinarayi Vijayan personally intervened to resolve the issue. Bineesh was previously cleared of charges in a 2023 drug case.