കേരളത്തിന്റെ ഭാവി ചര്‍ച്ച ചെയ്ത് ബിയോണ്ട് ടുമാറോ

കോഴിക്കോട്: കേരളത്തിന്റെ വരുംഭാവിയിലെ സങ്കേതികവിദ്യകളെയും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയുടെ പ്രാധാന്യത്തെയും കുറിച്ച് ചര്‍ച്ച ചെയ്ത് ബിയോണ്ട് ടുമാറോ. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടിലാണ് ബിയോണ്ട് ടുമാറോ സമ്മേളനം നടന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ പ്രാധാന്യം നല്കുന്ന സംസ്ഥാനം എന്ന നിലയ്ക്ക് സര്‍ഗാത്മക സാങ്കേതികവിദ്യകളുടെ മുന്നിൽ അതിരുകളില്ലാത്ത ഭാവിയാണുള്ളതെന്ന് പരിപാടിയോടനുബന്ധിച്ച പാനല്‍ ചര്‍ച്ചകള്‍ അഭിപ്രായപ്പെട്ടു. പരിപാടി സാംസ്കാരിക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സഞ്ജയ് കൗള്‍ ഉദ്ഘാടനം ചെയ്തു.
ഡിസൈന്‍, മീഡിയ, കല, പൈതൃകം, ഫാഷന്‍, സംഗീതം, സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ സംസാരിച്ചു. വളര്‍ന്ന് വരുന്ന മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനും കേരളത്തെ സര്‍ഗാത്മകവും സാംസ്കാരികവുമായ നവീകരണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രാധാന്യത്തെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു.
സാഹിത്യോത്സവങ്ങളില്‍ പങ്കെടുക്കുക എന്നത് ഇന്ന് ജനങ്ങള്‍ അഭിമാനത്തോടെ കാണുന്നുണ്ടെന്ന് ഫെസ്റ്റിവല്‍ ആന്‍ഡ് ക്രിയേറ്റീവ് എക്കണോമിക്സ് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് മാതൃഭൂമി ഡയറക്ടര്‍, ഓപ്പറേഷന്‍സ് ദേവിക ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. ഓരോ വര്‍ഷവും സാഹിത്യോത്സവങ്ങളിലെത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളതെന്നും അവര്‍ പറഞ്ഞു. വെറും പുസ്തകചര്ച്ചകള്ക്കപ്പുറം വിവിധ വിഷയങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങളും സാംസ്കാരിക പരിപാടികളും കൂടി സാഹിത്യോത്സവത്തില്‍ നടക്കുന്നുണ്ട്. ഇത് ജനങ്ങളില്‍ വലിയ താത്പര്യമാണുണ്ടാക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സര്‍ഗാത്മക സാങ്കേതകവിദ്യകളിലൂടെ എങ്ങനെ വരുമാനമുണ്ടാക്കാമെന്നാണ് നോക്കേണ്ടതെന്ന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചുകൊണ്ട് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് വ്യക്തമാക്കി. ഇന്ന് കേരളത്തിലെ ജോലിയുടെ സ്വഭാവം അപ്പാടെ മാറി. നിര്‍മാണ മേഖലകളിലടക്കം മലയാളികള്‍ക്ക് റോളില്ലാതായി. അന്യസംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികള്‍ സജീവമായതോടെ ഇവിടെയെടുക്കുന്ന ജോലിയില്‍ നിന്നുള്ള പണം വലിയ തോതില്‍ മറ്റ് സംസ്ഥാനത്തേക്ക് ഒഴുകുകയാണ്. ഇതോടെ കേരളത്തിന് ലഭിക്കേണ്ടതും നമ്മുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കടക്കം ചെലവഴിക്കേണ്ടതുമായ തുകയാണ് പുറത്തേക്കൊഴുകുന്നത്. ഇവിടെയാണ് സ്റ്റാര്‍ട്ടപ്പുകളുടെ പ്രധാന്യം. സര്ഗാത്മകതയ്ക്ക സ്റ്റാര്‍ട്ടപ്പുകളില്‍ വലിയ പ്രാധാന്യമുണ്ട്. അത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോവാന്‍ കഴിയണമെന്നും ബീന ഫിലിപ്പ് പറഞ്ഞു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സി.ഇ.ഒ അനൂപ് അംബിക സ്വാഗതം പറഞ്ഞു. മേയര്‍ ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ഡോ.തന്യ അബ്രാം നന്ദി രേഖപ്പെടുത്തി. ആര്‍ട്ട് ലിങ്ക് ലേണിംഗ് ആന്‍ഡ് മെമ്പര്‍ സാധന റാവു, മാനേജിംഗ് ട്രെസ്റ്റി യുവ ഏക്ദാ ഫൗണ്ടേഷന് പുനീത് റോയ്, നൃത്താധ്യാപക ഡോ.അശ്വതി രാജന്, ഡിസി ബുക്സ് മാനേജിംഗ് പാര്‍ട്ണര്‍ രവി ഡി.സി, ടൈലെസ് അയോധ്യാ ഫെസറ്റിവെല് സഹ ഡയറക്ടര്‍ മിന്ഹാല് ഹസന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
Content Highlights: Beyond Tomato to discuss the future of Kerala.