അതിർത്തിസംസ്ഥാനങ്ങളിലെ എസ്ഐആർ: ബംഗ്ലാദേശികൾ കേരളത്തിൽ തമ്പടിക്കുന്നതായി കേന്ദ്ര ഇന്റലിജൻസ്

കണ്ണൂർ: അതിർത്തിസംസ്ഥാനങ്ങളിലെ എസ്.ഐ.ആർ. നടപടികളെത്തുടർന്ന് ബംഗ്ലാദേശ് പൗരൻമാർ കേരളമുൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലേക്ക് കടക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ്. അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും നിരീക്ഷണം ശക്തമാക്കാനും പോലീസിന് നിർദേശം നൽകി. നിരവധി ഇതരസംസ്ഥാന തൊഴിലാളികളുള്ളതിനാൽ കേരളത്തിൽ പ്രത്യേകം ശ്രദ്ധചെലുത്തിയാണ് പരിശോധന. വിദേശപൗരൻമാരെ നിരീക്ഷിക്കാനുള്ള ഇന്റലിജൻസ് വിഭാഗം ‘ഫോറിൻ സെല്ലിന്റെ’ നേതൃത്വത്തിലാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
പരിശോധനയിൽ കുടുങ്ങാതിരിക്കാൻ ലോക്കൽ ബസുകളിലും തീവണ്ടിയിലെ ജനറൽ കംപാർട്ട്മെന്റിലും യാത്രചെയ്താണ് ഇവർ കേരളത്തിലെത്തുന്നതെന്ന് കഴിഞ്ഞദിവസം കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശി യുവതികളെ പിടികൂടിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ചെറിയ ഗ്രൂപ്പുകളായിട്ടാണ് ഇവർ എത്തുന്നതെന്നും യുവതികൾ വെളിപ്പെടുത്തി.
പശ്ചിമബംഗാൾ, അസം ഉൾപ്പെടെയുള്ള ബംഗ്ളാദേശ് അതിർത്തി സംസ്ഥാനങ്ങളിൽ തീവ്രവോട്ടർ പട്ടിക പരിഷ്കരണം നടന്നതിനാൽ അനധികൃത കുടിയേറ്റക്കാർ രാജ്യം വിടേണ്ട സാഹചര്യമുണ്ട്. ഇതോടെയാണ് പിടിക്കപ്പെടാതിരിക്കാൻ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നതെന്ന് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പരിശോധന ആരംഭിച്ചത്.
കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശി യുവതികളാണ് കഴിഞ്ഞദിവസം പിടിയിലായത്. പലരും തൊഴിൽതേടിയാണ് കേരളത്തിൽ എത്തിയിട്ടുള്ളതെങ്കിലും തീവ്രവാദബന്ധവും മയക്കുമരുന്ന് കച്ചവടത്തിന്റെ സാധ്യതകളും അന്വേഷണ ഏജൻസികൾ തള്ളിക്കളയുന്നില്ല. പശ്ചിമബംഗാളിൽനിന്നുള്ളവരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബംഗ്ലാദേശികൾ കേരളത്തിൽ താമസിക്കുന്നത്. സംസ്ഥാനത്ത് 25 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവർക്ക് ആധാർ കാർഡും മൊബൈൽ സിം കാർഡുമുണ്ട്.
ബംഗാളികൾ എന്നപേരിൽ എത്തുന്ന ബംഗ്ലാദേശികൾ സുരക്ഷാഭീഷണിയാകുന്നതായി കേന്ദ്ര ഇന്റലിജൻസും സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും റിപ്പോർട്ട് നൽകിയിരുന്നു. കൊട്ടാരക്കരയിൽനിന്ന് 10 ബംഗ്ലാദേശികളെ പോലീസ് പിടികൂടിയതോടെയാണ് വൻ മാഫിയയുടെ പ്രവർത്തനങ്ങൾ വെളിച്ചത്തായത്. ഇവരുടെ കൈവശം കേരളത്തിലെ മേൽവിലാസത്തിലുള്ള ആധാർ കാർഡ്, പാൻ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽരേഖ, എന്നിവയ്ക്ക് പുറമേ റേഷൻ കാർഡ് വരെ ഉണ്ടായിരുന്നു. വ്യാജരേഖാ നിർമാണത്തിന് പിന്നിൽ ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന മാഫിയാസംഘമുണ്ടെന്നാണ് ഇന്റലിജൻസിന് ലഭിച്ച സൂചനകൾ.
Content Highlights: Central intelligence issued an alert regarding illegal Bangladeshi migrants shifting to Kerala following SIR drives in border states. Police have intensified surveillance and checks on migrant labor groups across the state.