‘ഓരോ നൂലിലും ഒരു കഥ, ഓരോ നെയ്ത്തിലും ഐക്യത്തിന്റെ ചൈതന്യം’ 6000 അടി നീളമുള്ള കസവുചേല ഒരുങ്ങി

#ന്യൂസ് ഡെസ്ക്
കനകക്കുന്ന് കൊട്ടാരത്തിൽ ആർട്ടിസ്റ്റ് ലക്ഷ്മി മാധവൻ അവതരിപ്പിക്കുന്ന ബാലരാമപുരം കസവ് പ്രോജക്ട് പ്രദർശനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശൻ.
കനകക്കുന്ന് കൊട്ടാരത്തിൽ ആർട്ടിസ്റ്റ് ലക്ഷ്മി മാധവൻ അവതരിപ്പിക്കുന്ന ബാലരാമപുരം കസവ് പ്രോജക്ട് പ്രദർശനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശൻ.

തിരുവനന്തപുരം:'ചില സൃഷ്ടികൾ നമ്മെ അക്ഷരാർത്ഥത്തിൽ നിശ്ശബ്ദരാക്കാറുണ്ട്. രണ്ടുവർഷം കൊണ്ട് 2,500 നെയ്ത്തുകാർ ചേർന്ന് നെയ്‌തെടുത്ത, 6,000 അടി നീളമുള്ള ഒരു കസവ് സാരി കാണാനിടയായത് അത്തരമൊരു അനുഭവമായിരുന്നു. ഓരോ നെയ്ത്തുകാരന്റെയും തനതായ വ്യക്തിമുദ്ര പേറുന്ന ഈ അസാധാരണമായ സൃഷ്ടി, ബാലരാമപുരത്തിന്റെ കൈത്തറി പാരമ്പര്യത്തിനുള്ള ഒരു സമർപ്പണം എന്ന നിലയിൽ എന്നെ വല്ലാതെ സ്പർശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. ഓരോ നൂലിലും ഒരു കഥ; ഓരോ നെയ്ത്തിലും ഐക്യത്തിന്റെ ചൈതന്യം' മുഖ്യമന്ത്രി വി.ഡി.സതീശൻ എക്‌സിൽ കുറിച്ച വാക്കുകളാണിത്.

പ്രമുഖ കലാകാരി ലക്ഷ്മി മാധവൻ സൃഷ്ടിച്ച 6000 അടി നീളമുള്ള കസവുചേലയുടെ പ്രദർശനം കനകക്കുന്ന് കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി ഇത്തരമൊരു കുറിപ്പ് എക്‌സിൽ കുറിച്ചത്.

ബാലരാമപുരം കൈത്തറിയുടെ ചരിത്രവും പാരമ്പര്യവും പ്രദർശിപ്പിക്കുന്നതിനായി തിരുവനന്തപുരം നഗരത്തിൽ മനോഹരമായ മ്യൂസിയം നിർമിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഇതിനായി അടുത്ത ബജറ്റിൽ തുക വിലയിരുത്തും. മ്യൂസിയം നിർമാണം സംബന്ധിച്ച് വിശദമായ പഠനം നടത്തും. ബാലരാമപുരം കൈത്തറി നെയ്തെടുക്കുന്നതെങ്ങനെയെന്ന് കാണാൻ മ്യൂസിയത്തിൽ സംവിധാനമുണ്ടാക്കും. ഇതിനായി പ്രത്യേകം കരിക്കുലം കമ്മിറ്റി ഉണ്ടാക്കും.

ബാലരാമപുരം കൈത്തറിയെ ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കാനുള്ള ഏറ്റവും മികച്ച പ്രയത്നമാണ് ബാലരാമപുരം കസവ് പ്രോജക്ട് എന്ന ഈ സൃഷ്ടി. താൻ പ്രതിനിധാനംചെയ്യുന്ന പ്രദേശത്തുള്ള ചേന്ദമംഗലം കൈത്തറിക്കായി എന്തുചെയ്തു എന്നതിൽ ഇപ്പോൾ കുറ്റബോധം തോന്നുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷ്മി മാധവന്റെ നേതൃത്വത്തിൽ നെയ്ത്തുകാർ രണ്ടുവർഷമെടുത്താണ് ബാലരാമപുരം കസവ് പ്രോജക്ട് പൂർത്തിയാക്കിയത്. നെയ്ത്തുകാരുടെ വിവരങ്ങൾ പ്രത്യേകരീതിയിൽ കസവിൽ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയുടെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിലെ മ്യൂസിയങ്ങളിലും ബാലരാമപുരം കസവ് പ്രോജക്ട് പ്രദർശിപ്പിക്കും. സംസ്ഥാന സർക്കാരും ഹാൻഡ്‍ലൂം ആൻഡ് ടെക്സ്‌െറ്റെൽസ് ഡയറക്ടറേറ്റും പദ്ധതിയുമായി സഹകരിച്ചു.

ഈ കലാസൃഷ്ടിയുടെയും അതുവഴി ബാലരാമപുരം കൈത്തറിയുടെയും അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താൻ സർക്കാർ ശ്രമിക്കുമെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നെയ്ത്ത് സമൂഹത്തിനു പിന്തുണ നൽകാൻ ലക്ഷ്മി മാധവൻ രൂപവത്കരിച്ച സത്യ ഫൗണ്ടേഷന്റെ ലോഗോ മന്ത്രി പ്രകാശനംചെയ്തു. ഫൗണ്ടേഷൻ രക്ഷാധികാരികൂടിയായ മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ്, ജോൺ ബ്രിട്ടാസ് എം.പി., ലക്ഷ്മി മാധവന്റെ അച്ഛൻകൂടിയായ ഡിസ്നി സ്ട്രാറ്റജിക് അഡ്വൈസർ കെ. മാധവൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

Content Highlights: Chief Minister announces a new handloom museum in Thiruvananthapuram to preserve Balaramapuram's heritage., Funds for the museum will be allocated in the upcoming budget., Exhibition of the 6,000-ft long Kasavu saree created by 2,500 weavers and artist Lakshmi Madhavan at Kanakakunnu Palace., Special curriculum committee to be formed to set up live weaving demonstration systems in the museum.