നികുതിവരുമാന വർധനവ്: മുഖ്യമന്ത്രിയുടെ അവകാശവാദം ശിക്കാരിശംഭുവിന്റെ കഥപോലെ- ബാലഗോപാൽ

കൊച്ചി: കേരളത്തിൽ നികുതിവരുമാനം വർധിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ഗീബൽസിയൻ ശൈലിയാണെന്ന് എംഎൽഎയും മുൻ ധനകാര്യ മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ. പൂ അറിയാതെ വണ്ട് തേൻ കുടിക്കുന്നതുപോലെ ഖജനാവിലേക്ക് പണമെത്തിച്ചെന്ന വാദം ശിക്കാരി ശംഭുവിന്റെ കഥകളെ ഓർമിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.
ഒക്ടോബർ മാസത്തിൽ സംസ്ഥാനത്ത് നികുതി വരുമാനത്തിൽ വർധനവുണ്ടാകാൻ നാല് പ്രധാന കാരണങ്ങളാണുള്ളതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിച്ചു.
കെ.എൻ. ബാലഗോപാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
എത്ര പൊളിഞ്ഞുവീണാലും ഒരേ കള്ളം ആവർത്തിക്കുക എന്ന ഗീബൽസിന്റെ ശൈലിയാണ് കേരള മുഖ്യമന്ത്രിയുടേത്. അദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ട് കേരളത്തിൽ നികുതി വരുമാനം വർധിച്ചുവത്രേ!! പൂ പോലും അറിയാതെ വണ്ട് തേൻ കുടിക്കുന്നത് പോലെ അദ്ദേഹം കേരളത്തിന്റെ ഖജനാവിലേക്ക് പണം എത്തിച്ചുവത്രേ! എങ്ങനെയാണ് ആളുകൾക്ക് ഇങ്ങനെ നുണകൾ അടിച്ചുവിടാൻ കഴിയുക? ഏതായാലും അദ്ദേഹത്തെ സമ്മതിക്കാതിരിക്കാൻ കഴിയില്ല! ശിക്കാരി ശംഭുവിന്റെ കഥയാണ് മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ കേൾക്കുമ്പോൾ ജനങ്ങൾക്ക് ഓർമ വരുന്നത്. ഒക്ടോബറിൽ കേരളത്തിന്റെ നികുതി വരുമാനം വർധിച്ചത് ചുവടെ പറയുന്ന നാല് കാരണങ്ങൾ കൊണ്ടാണ്.
1) ലോട്ടറിയുടെ മേലുള്ള നികുതി 28 ശതമാനത്തിൽ നിന്ന് 40 ശതമാനം ആയി ജിഎസ്ടി കൗൺസിൽ വർധിപ്പിച്ചതിനെ തുടർന്ന് ലഭിച്ച അധികനികുതി വരുമാനം. സംസ്ഥാന ഖജനാവിന് പ്രയോജനം ഇല്ലെങ്കിലും ആകെ നികുതി വരുമാനത്തിൽ ഈ വർദ്ധനവ് പ്രതിഫലിക്കും.
2) കഴിഞ്ഞ ഏതാനും വർഷങ്ങളായി ഐജിഎസ്ടി വരുമാനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പരാതികൾ കണക്കിലെടുത്ത് ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ടുന്ന വരുമാനത്തിൽ ജിഎസ്ടി കൗൺസിൽ വരുത്തിയ മാറ്റങ്ങളെ തുടർന്ന് ഒക്ടോബർ മാസത്തിൽ അധികമായി ലഭിച്ച വരുമാനം.
3) എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി തെറ്റായി 600 കോടിയുടെ ഇൻപുട്ട് ക്രെഡിറ്റ് എടുത്തത് മൂലമുണ്ടായ ഒറ്റത്തവണ വർദ്ധനവ്.
4) രാജ്യമാകെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും സമ്പദ് വ്യവസ്ഥയുടെ ഉണർവിന്റെ ഭാഗമായി നികുതി വരുമാനത്തിൽ സംഭവിച്ച വലിയ വർധനവും സംസ്ഥാനത്ത് നിലനിൽക്കുന്ന അസാധാരണമായ വിലക്കയറ്റത്തെ തുടർന്ന് സ്വാഭാവികമായി ഉണ്ടായ നികുതി വർധനവും.
മേൽപ്പറഞ്ഞ നികുതി വരുമാന വർധനവുകളിൽ സംസ്ഥാനത്ത് വിലക്കയറ്റം സൃഷ്ടിച്ചതിലൊഴികെ മറ്റൊന്നിലും വി.ഡി.സതീശൻ സർക്കാരിന് യാതൊരു ബന്ധവുമില്ല. ആറുമാസമായി സംസ്ഥാനത്തിന്റെ നികുതി വരുമാനം വർധിപ്പിക്കാനുതകുന്ന ഒരു നടപടിയും മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ വകുപ്പോ സ്വീകരിച്ചിട്ടുമില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഒന്നും രണ്ടും പിണറായി സർക്കാരുകൾ സ്വീകരിച്ചുവന്ന നടപടികളുടെ ഭാഗമായി കേരളത്തിന്റെ സാമ്പത്തിക രംഗത്തുണ്ടായ ക്രമാനുഗതമായ വളർച്ച ഇപ്പോഴും തുടരുന്നുണ്ട് എന്നുമാത്രം.
പ്രതിപക്ഷ നേതാവായിരിക്കെ സതീശൻ കേരളത്തിന്റെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താൻവേണ്ടി തങ്ങൾ അധികാരത്തിൽ വന്നാൽ ചെയ്യും എന്നു പറഞ്ഞിരുന്നത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്.
1) വി.ഡി.സതീശന്റെ പഴയ പ്രസ്താവന സ്വർണത്തിൽ നിന്നും ലഭിക്കുന്ന നികുതി വരുമാനത്തിൽ വലിയ ചോർച്ചയുണ്ടാകുന്നുണ്ട്. തങ്ങൾ അധികാരത്തിലെത്തിയാൽ സത്വര നടപടികളിലൂടെ സ്വർണ്ണക്കച്ചവടത്തിൽ നിന്നുമാത്രം ആയിരക്കണക്കിന് കോടി രൂപ നികുതിയായി ഖജനാവിലേക്ക് മുതൽക്കൂട്ടും.
ഇപ്പോഴത്തെ അവസ്ഥ
സ്വർണവില കഴിഞ്ഞ ആറുമാസം കൊണ്ട് വലിയ നിലയിൽ വർധിച്ചിട്ടും സ്വർണത്തിൽ നിന്നും മുൻ സർക്കാരിന്റെ കാലത്ത് ലഭിച്ചിരുന്നതിനേക്കാൾ കാര്യമായ ഒരു വർദ്ധനവും ഉണ്ടായിട്ടില്ല.
2) വി.ഡി.സതീശന്റെ പഴയ പ്രസ്താവന
ഐജിഎസ്ടി ഇനത്തിൽ സംസ്ഥാനത്തിന് ലഭിക്കാനുള്ളത് വലിയ തുകയാണ്. സംസ്ഥാനം രേഖകൾ സമർപ്പിക്കാത്തതുകൊണ്ടാണ് അത് ലഭിക്കാതിരിക്കുന്നത്. അത് നേടിയെടുക്കും.
ഇപ്പോഴത്തെ അവസ്ഥ
ഐജിഎസ്ടിയുമായി ബന്ധപ്പെട്ട് നാളിതുവരെ എന്തെങ്കിലും നടപടികൾ സർക്കാർ സ്വീകരിച്ചതായി കാണുന്നില്ല. മുൻ സർക്കാർ സമർപ്പിച്ച അപേക്ഷകളിൽ സെറ്റിൽ ചെയ്തു കിട്ടിയ പണമാണ് ഇപ്പോൾ ലഭിക്കുന്നത്.
3) വി.ഡി.സതീശന്റെ പഴയ പ്രസ്താവന
സംസ്ഥാനത്ത് കിട്ടാക്കടമായി ആയിരക്കണക്കിന് കോടി രൂപയുടെ നികുതി കുടിശ്ശിക നിലനിൽക്കുന്നു. ആയത് മാസങ്ങൾക്കുള്ളിൽ പിരിച്ചെടുക്കും.
ഇപ്പോഴത്തെ അവസ്ഥ
കേരള സംസ്ഥാനം രൂപീകൃതമായ കാലം മുതലിങ്ങോട്ടുള്ള നികുതി കുടിശ്ശിക സംബന്ധിച്ച് ആരോ എഴുതി നൽകിയ അബദ്ധമാണ് അന്നത്തെ പ്രതിപക്ഷ നേതാവ് ആവർത്തിച്ചുകൊണ്ടിരുന്നത്. ഭരണത്തിൽ എത്തിയപ്പോഴാണ് അതൊന്നും പറഞ്ഞതു പോലെ എളുപ്പമുള്ള കാര്യമല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായത്. ഇപ്പോൾ അവയെക്കുറിച്ചൊന്നും മുഖ്യമന്ത്രി മിണ്ടാറില്ല.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ക്രിയാത്മകമായ ഒരു നടപടിയും ആറുമാസത്തിനുള്ളിൽ ഈ സർക്കാർ സ്വീകരിച്ചിട്ടില്ല. 2.4 ലക്ഷം കോടി രൂപയുടെ സംസ്ഥാന ബജറ്റ് 2.28 ലക്ഷം കോടി രൂപയുടേതാക്കി സതീശൻ സർക്കാർ വെട്ടിക്കുറച്ചു. മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായ പദ്ധതിയും യുവാക്കൾക്കുള്ള കണക്ട് ടു വർക്ക് സ്കോളർഷിപ്പും നിർത്തലാക്കി. സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും ഏതാണ്ട് പൂർണമായും സ്തംഭനാവസ്ഥയിലാണ്. ഇതാണ് വസ്തുത.
Content Highlights: Former finance minister KN Balagopal dismissed claims of government-driven tax revenue growth in Kerala, attributing October's rise to GST adjustments, inflation, and a one-off input credit rather than state policy.