വി.ഡി. സതീശന്റേത് ക്രൈസ്തവ സഭയെ വഞ്ചിച്ചത് തിരിച്ചറിയുമോ എന്ന ഭയം- ബി. ഗോപാലകൃഷ്ണന്‍

ബി. ഗോപാലകൃഷ്ണന്‍ | Photo: Mathrubhumi
ബി. ഗോപാലകൃഷ്ണന്‍ | Photo: Mathrubhumi

തിരുവനന്തപുരം: ബി.ജെ.പി. നേതാക്കള്‍ ബിഷപ്പ് ഹൗസില്‍ പോയി ക്രൈസ്തവ മേലധ്യക്ഷന്മാരെ കണ്ട് ഈസ്റ്റര്‍ സന്ദേശം കൈമാറുന്നതില്‍ വി.ഡി. സതീശന്റെ ഭയം സ്വാഭാവികമാണെന്ന് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്‍. ഇത്രയും കാലം ക്രൈസ്തവസഭയെ കോണ്‍ഗ്രസ് വഞ്ചിക്കുകയായിരുന്നുവെന്ന യാഥാര്‍ഥ്യം സഭ തിരിച്ചറിയുമോ എന്ന ആശങ്കയാണ് സതീശനുള്ളത്. അരമനയിലെ അകത്തളങ്ങളില്‍ പോയിരുന്ന് ബി.ജെ.പി. വിരുദ്ധ ഉമ്മാക്കി പറഞ്ഞ് ക്രൈസ്തവ സമൂഹത്തില്‍ ആശങ്കയുണ്ടാക്കി വോട്ട് തട്ടിക്കൊണ്ടിരുന്ന പഴയ കലാപരിപാടി ഇനിയും നടക്കാന്‍ പോകുന്നില്ലന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.  

ക്രൈസ്തവ സഭയുടെ കുഞ്ഞാടുകളായി അഭിനയിച്ച് ക്രൈസ്തവ സമൂഹത്തെ ചൂഷണം ചെയ്തതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ന്യൂനപക്ഷക്ഷേമ ഫണ്ടിന്റെ കേരളത്തിലെ വിനിയോഗം. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യേണ്ട ന്യൂനപക്ഷ ഫണ്ടിലെ ശരിയായ വിഹിതം എന്തുകൊണ്ട് ക്രൈസ്തവ സഭയ്ക്ക് ഇതുവരെ കിട്ടാതെ പോയി. ബി.ജെ.പി. ഉയര്‍ത്തിക്കാട്ടിയ ഈ കാര്യത്തില്‍ ക്രൈസ്തവ സഭയ്ക്ക് ഹൈക്കോടതിയില്‍ കേസ് കൊടുക്കേണ്ടിവന്നത് എന്തുകൊണ്ട്? ഇന്നുവരെ ഇക്കാര്യത്തില്‍ ഒരക്ഷരം ഉരിയാടാന്‍ പ്രതിപക്ഷ നേതാവിന്റെ നാവ് പൊന്തിയിട്ടില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

മതഭീകരവാദികള്‍ ഭീഷണിയുമായി പാലായിലെ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ വി.ഡി. സതീശന്‍ എവിടെയായിരുന്നു. അന്നും ബിഷപ്പ് ഹൗസില്‍ എത്തിയതും ഭീഷണികളെ തടഞ്ഞ് പുറത്ത് കാവല്‍ നിന്നതും ബി.ജെ.പി.ക്കാരണന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ക്രൈസ്തവ സഭ എന്താവശ്യപ്പെട്ടാലും നീതിയുടെയും നിയമത്തിന്റെയും ഉള്ളില്‍നിന്നുകൊണ്ട് ക്രൈസ്തവ സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി ബി.ജെ.പി. പ്രവര്‍ത്തിക്കും. വിഡി സതീശനും കോണ്‍ഗ്രസുകാരും ഭയപ്പെട്ടിട്ട് ഒരു കാര്യവുമില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Content Highlights: b gopalakrishnan against vd stheesan, bishop house visit, bjp