പ്രശാന്ത് എതിർത്തു, പാളി കൊടുക്കാതിരുന്നപ്പോൾ പോറ്റി ഇടഞ്ഞു; സ്പോൺസർമാർ വലിഞ്ഞു

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് സ്പോൺസർമാർ പിൻവലിഞ്ഞത് ഉണ്ണിക്കൃഷ്ണൻ പോറ്റി ദേവസ്വവുമായി ഇടഞ്ഞതിനെത്തുടർന്നെന്ന് സൂചന. 2025-ൽ ദ്വാരപാലകശില്പങ്ങളിലെ പാളികൾ പോറ്റിയുടെ കൈവശം കൊടുത്തുവിടുന്നതിനെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അന്നത്തെ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എതിർത്തതാണ് പോറ്റി ഇടയാൻ കാരണമെന്നാണ് വിവരം.
മുരാരി ബാബു എക്സിക്യുട്ടീവ് ഓഫീസറായിരുന്ന 2024 മുതൽ ദ്വാരപാലകശില്പങ്ങളുടെ നവീകരണത്തിനുള്ള ഫയലുകൾ തയ്യാറാക്കിത്തുടങ്ങിയതാണ്. ഇതിലാണ് സ്പോൺസറായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊടുത്തുവിടാമെന്ന് മുരാരി ബാബു എഴുതിയിരുന്നത്.
എന്നാൽ, പുറത്തുനിന്നുള്ള വ്യക്തിയുടെ കൈവശം കൊടുത്തുവിടാൻ കഴിയില്ലെന്ന് പ്രശാന്ത് നിലപാടെടുത്തു. പോറ്റി സമ്മർദംചെലുത്തിയെങ്കിലും ദേവസ്വം ഉദ്യോഗസ്ഥരാണ് അന്ന് കൊണ്ടുപോയത്. അസംതൃപ്തനായ പോറ്റി, ഗോവർധൻ അടക്കമുള്ള കർണാടകയിൽനിന്നുള്ള സ്പോൺസർമാരെ അയ്യപ്പസംഗമത്തിൽ സഹകരിക്കുന്നതിൽനിന്ന് പിൻവലിച്ചു. ഇതോടെ ബോർഡ് പ്രതിസന്ധിയിലായി. ധനലക്ഷ്മി ബാങ്ക് രണ്ടുകോടിയും കേരളബാങ്ക് 84.75 ലക്ഷവും നൽകിയതുമാത്രമാണ് കിട്ടിയ സ്പോൺസർഷിപ്പുകൾ.
താൻ മുൻപ് രണ്ട് താങ്ങുപീഠങ്ങൾ ദേവസ്വം ബോർഡിന് കൈമാറിയെന്നും ഇപ്പോൾ എവിടെയെന്ന് അറിയില്ലെന്നും ഇതിനിടെ പോറ്റി ആരോപിച്ചതും ഇടഞ്ഞുനിന്ന പശ്ചാത്തലത്തിലായിരുന്നു. ഫലത്തിൽ ആ ആരോപണമാണ് മൊത്തം സ്വർണക്കൊള്ളയുടെ ചുരുളഴിക്കുന്നതിലേക്കും പോറ്റിയും കുടുങ്ങുന്നതിലേക്കും നയിച്ചത്.
Content Highlights: Ayyappa Sangamam Sponsorship Crisis: Allegations of Dispute with Unnikrishnan Potty Emerge