അയ്യപ്പസംഗമം: വീഴ്ച സമ്മതിച്ച് ബോർഡ്; പുതിയ ഓഡിറ്റ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും

കെ. ജയകുമാര്‍ | ഫോട്ടോ: ബിജു വര്‍ഗീസ്/മാതൃഭൂമി
കെ. ജയകുമാര്‍ | ഫോട്ടോ: ബിജു വര്‍ഗീസ്/മാതൃഭൂമി

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിലെ പിഴവുകൾ തിരുത്തി പുതിയ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് ഇല്ലെന്ന ആദ്യ പ്രസ്താവന ദേവസ്വം ബോർഡ് പിൻവലിക്കുകയും റിപ്പോർട്ട് ഉണ്ടെന്ന് അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം, ഓ‍ഡിറ്റ് റിപ്പോർട്ട് അന്തിമമല്ലെന്നും റിപ്പോർട്ടിൽ കൂടുതൽ കൃത്യത വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപുണ്ടായിരുന്ന അവ്യക്തതകൾ നീക്കി പുതിയ ഓഡിറ്റ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് ബോർഡിന്റെ ഇപ്പോഴത്തെ നീക്കം.

ഓഡിറ്റ് റിപ്പോർട്ടിലെ പല പരാമർശങ്ങൾക്കും കാരണം ഓഡിറ്ററുടെ പിഴവല്ലെന്നും, മറിച്ച് ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. “ഓഡിറ്ററുമായി കൃത്യമായ ആശയവിനിമയം നടന്നില്ല. പത്ത് ദിവസത്തിനകം വ്യക്തത വരുത്തി ഓഡിറ്ററെ അറിയിക്കും. ഓഡിറ്ററുടെ കുറ്റമാണെന്ന് പറയാൻ കഴിയില്ല. പക്ഷേ വസ്തുതപരമായ പിശകുകൾ ഉണ്ടായിട്ടുണ്ട്. ബില്ലുകൾ ഫിസിക്കൽ ആയി വെരിഫൈ ചെയ്യുന്നതിലും അസറ്റ് രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തി വാലിഡേറ്റ് ചെയ്യുന്നതിലും ഉണ്ടായ കാലതാമസമാണ് റിപ്പോർട്ടിൽ തെറ്റായ വിവരങ്ങൾ കടന്നുകൂടാൻ കാരണമായത്. ഓഡിറ്റർക്ക് സമയോചിതമായ മറുപടി നൽകുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും അത്തരത്തിൽ റിപ്പോർട്ടിൽ പിശകുകൾ സംഭവിച്ചുവെന്നും ദേവസ്വം ബോർഡ് സമ്മതിച്ചു.”

റിപ്പോർട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ ബോർഡ് നിയോഗിച്ചിട്ടുണ്ട്. ദേവസ്വം കമ്മീഷണർ, അക്കൗണ്ട്സ് ഓഫീസർ, ചീഫ് എഞ്ചിനീയർ എന്നിവരടങ്ങുന്ന ഈ സംഘം പത്തു ദിവസത്തിനുള്ളിൽ ഓഡിറ്ററുമായി ചർച്ച നടത്തി കാര്യങ്ങളിൽ വ്യക്തത വരുത്തും. 26-ാം തീയതിക്കുള്ളിൽ തിരുത്തിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം.

പരിപാടിയിൽ പങ്കെടുക്കാത്ത നന്ദഗോവിന്ദം ഭജൻസിന് ലക്ഷക്കണക്കിന് രൂപ നൽകിയതായും 4,000 പേർ പ്രഭാതഭക്ഷണം കഴിച്ചതായുമുള്ള കണക്കുകൾ തെറ്റായ രേഖകളുടെ അടിസ്ഥാനത്തിൽ വന്നതാണ്. ലഭ്യമായ മെറ്റീരിയലുകൾ വച്ച് ഓഡിറ്റർ തയ്യാറാക്കിയ റിപ്പോർട്ടിലെ ഇത്തരം അപാകതകൾ ടാസ്ക് ഫോഴ്സ് വിശദമായി പഠിക്കും.

“മുൻ ബോർഡ് എടുത്ത തീരുമാനപ്രകാരം അയ്യപ്പസംഗമത്തിന്റെ ചെലവ്‌ 4.99 കോടി രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ബോർഡ് നേരത്തെ അഡ്വാൻസ് നൽകിയ മൂന്ന് കോടി രൂപ ഇപ്പോൾ തിരികെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുണ്ട്. സ്പോൺസർഷിപ്പിലൂടെ തുക കണ്ടെത്താനാണ് ബോർഡ് ലക്ഷ്യമിടുന്നത് എങ്കിലും ഇത് പൂർണ്ണമായും വിജയിച്ചിട്ടില്ല. പ്രതീക്ഷിച്ച സ്പോൺസർഷിപ്പ് തുക പൂർണ്ണമായും ലഭിക്കാത്തത് ബോർഡിന് വലിയ വെല്ലുവിളിയാണ്. അദാനി ഗ്രൂപ്പ് നൽകുമെന്ന് പറഞ്ഞ ഒരു കോടി രൂപ ഉൾപ്പെടെ ഏകദേശം 3.85 കോടി രൂപ മാത്രമാണ് നിലവിൽ സ്പോൺസർഷിപ്പിലൂടെ ലഭിക്കുക. സ്പോൺസർഷിപ്പ് നൽകാമെന്ന് ഏറ്റ പലരും പിന്നീട് വേണ്ടത്ര പ്രതികരിക്കാത്തത് തിരിച്ചടിയായി.” ഈ കുറവ് നികത്താൻ ബോർഡിന്റെ സ്വന്തം ഫണ്ട് ഉപയോഗിക്കില്ലെന്ന് പ്രസിഡന്റ് ഉറപ്പുനൽകി. കോടതിയിൽ നൽകിയ വാക്ക് പാലിച്ച് ബാക്കി തുക കൂടി സ്പോൺസർഷിപ്പിലൂടെ തന്നെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും  ജയകുമാർ വ്യക്തമാക്കി.

എന്നാൽ, ഐഐഐസി പോലുള്ള ഏജൻസികൾ സമർപ്പിച്ച ഫൈനൽ ബില്ലുകൾ ഏകദേശം 7.11 കോടി രൂപയോളം വരുന്നുണ്ട്. തങ്ങൾ നിശ്ചയിച്ച തുകയിൽ കൂടുതൽ നൽകാൻ കഴിയില്ലെന്ന് ബോർഡ് ഏജൻസികളെ അറിയിച്ചിട്ടുണ്ട്.