അഗസ്റ്റിൻ സഹാദരന്മാർക്കെതിരെ 37 കേസുകൾ; വഞ്ചനാ കേസ് ബത്തേരി കോടതിയിലേക്ക്‌ മാറ്റി സുപ്രീം കോടതി

#ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ്
ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ പോലീസ് വാഹനത്തില്‍ |File Photo: Mathrubhumi
ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ പോലീസ് വാഹനത്തില്‍ |File Photo: Mathrubhumi

ന്യൂഡൽഹി: മുട്ടിൽ മരം മുറിക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹാദരന്മാർക്കെതിരെ 37 കേസുകളുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ റിപ്പോർട്ട് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്തെന്നും സുപ്രീം കോടതിയെ സർക്കാർ അറിയിച്ചു. ഇതേ തുടർന്ന്, മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് അഗസ്റ്റിൻ സഹാദരന്മാർക്ക് എതിരെ ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള വഞ്ചനാ കേസ് സുൽത്താൻ ബത്തേരി കോടതിയിലേക്ക് സുപ്രീം കോടതി മാറ്റി.

ഒരു കേസിന്റെ നടപടികൾക്ക് ശേഷം രണ്ടാമത്തെ കേസിന്റെ നടപടികൾ സുൽത്താൻ ബത്തേരി കോടതിയിൽ ആരംഭിക്കാനാണ് സുപ്രീം കോടതി നിർദേശം. രണ്ട് കേസുകളിലും വെവ്വേറെയാണ് തെളിവ് എടുക്കേണ്ടത്. ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജിയിൽ ഉത്തരവ് ഇറക്കിയത്.

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കാനായിരുന്നു ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയോട് കേരള ഹൈക്കോടതി നിർദേശിച്ചത്. എന്നാൽ, മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഇതുവരെയും അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്തിട്ടില്ലെന്നും അതിനാൽ അതു വരുന്നതുവരെ ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് റോജി അഗസ്റ്റിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ. ബസന്തും അഭിഭാഷകൻ പി. വിഷ്ണുവും ആവശ്യപ്പെട്ടു.

സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് പതിനേഴാം തീയ്യതി ഫയൽ ചെയ്തെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ എം.ആർ. രമേശ് ബാബുവും സ്റ്റാൻഡിങ് കോൺസൽ അൽജോ ജോസഫും കോടതിയെ അറിയിച്ചു. തുടർന്നാണ് ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിൽ ഉള്ള കേസ് സുൽത്താൻ ബത്തേരി കോടതിയിലേക്ക് സുപ്രീം കോടതി മാറ്റിയത്.

അഗസ്റ്റിൻ സഹോദരന്മാർക്ക് എതിരെ വഞ്ചന കേസ് നൽകിയ വ്യക്തിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷകൻ ആബിദ് അലി ബീരാൻ എന്നിവർ സുപ്രീം കോടതിയിൽ ഹാജരായി.

Content Highlights: The state government informed the Supreme Court that there are 37 cases against the Augustine brothers related to the Muttil tree-cutting incident, with the investigation report filed in Sultan Bathery Judicial First Class Magistrate Court.