കോഴ 50000 രൂപവരെ, മോഹിനിയാട്ടം അറിയില്ലെങ്കിലും വിധികര്‍ത്താവായിക്കോളൂ; ചുരുളഴിയുന്ന വന്‍ തട്ടിപ്പ്

തൊടുപുഴ: നൃത്തയിനങ്ങളിലെ വിധിനിര്‍ണയത്തില്‍ തട്ടിപ്പ് നടക്കുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന രണ്ട് ശബ്ദരേഖ ഇടുക്കി റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ബഹളത്തിനിടയാക്കി. കട്ടപ്പന സ്വദേശിയായ നൃത്താധ്യാപകനും വിധികര്‍ത്താക്കളും തമ്മില്‍ നടന്ന കോണ്‍ഫറന്‍സ് കോളിന്റെ റെക്കോഡെന്നപേരിലാണ് ഇത് പ്രചരിക്കുന്നത്. ഇതേത്തുടര്‍ന്ന് ചില നൃത്തയിനങ്ങളുടെ മത്സരം മാറ്റിവെച്ചെങ്കിലും, വിവാദം കെട്ടടങ്ങുന്നില്ല.
ഓരോ ഇനത്തിനും വിധികര്‍ത്താക്കളെ തീരുമാനിക്കുന്നതുപോലും വിവാദനായകനായ നൃത്താധ്യാപകനാണെന്ന് ശബ്ദരേഖയിലുണ്ട്. ഇയാള്‍ തീരുമാനിച്ചുനല്‍കുന്നവരെയാണ് ഡി.ഡി.ഇ. ഓഫീസില്‍നിന്ന് വിധികര്‍ത്താക്കളും പാനലില്‍ നിയമിക്കുന്നതെന്നാണ് ആരോപണം. ഇതിനായി നൃത്താധ്യാപകന്റെ സഹായികള്‍ ഡി.ഡി.ഇ. ഓഫീസിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആക്ഷേപവും ഉയരുന്നു.
വിധികര്‍ത്താക്കളില്‍ പലരും തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ബയോഡേറ്റയാണ് വിദ്യാഭ്യാസവകുപ്പിന് സമര്‍പ്പിക്കുന്നതെന്ന വിവരവും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മത്സരാര്‍ഥികളും രക്ഷിതാക്കളും മറ്റ് നൃത്താധ്യാപകരും ആവശ്യപ്പെടുന്നു.
വിവാദ ശബ്ദരേഖ പുറത്തുവന്നതോടെ ഇടുക്കി ജില്ലാ കലോത്സവത്തില്‍, വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന നാടോടിനൃത്തം, തിരുവാതിര, സംഘനൃത്തം എന്നിവ ശനിയാഴ്ചത്തേക്ക് മാറ്റി. ശബ്ദരേഖയും, നൃത്താധ്യാപകന്‍ വിധികര്‍ത്താക്കള്‍ക്ക് അയച്ചുനല്‍കിയ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുമായി മറ്റ് നൃത്താധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രതിഷേധിച്ചതോടെയാണ് നടപടിയുണ്ടായത്.
കലോത്സവത്തില്‍ പങ്കെടുക്കുന്ന വിധികര്‍ത്താക്കളെയെല്ലാം ഉള്‍പ്പെടുത്തി നൃത്താധ്യാപകന്‍ തയ്യാറാക്കിയ വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ഡീല്‍ ഉറപ്പിക്കുന്നത്. ഒരു വിധികര്‍ത്താവിന് 10,000 മുതല്‍ 50,000 രൂപവരെയാണ് കോഴയായി വാഗ്ദാനംചെയ്യുന്നത്. ഇതിന് തയ്യാറാകാത്തവരെ ഗ്രൂപ്പില്‍നിന്ന് ഒഴിവാക്കും. ശേഷം നൃത്താധ്യാപകന് വഴങ്ങുന്ന വിധികര്‍ത്താക്കള്‍ക്ക് കോണ്‍ഫറന്‍സ് കോളിലൂടെ ഇയാള്‍ പൊതുനിര്‍ദേശം നല്‍കും.
താന്‍ പറയുന്ന മത്സരാര്‍ഥികള്‍ക്ക് ഒന്നാംസ്ഥാനം നല്‍കുന്നതിന് പേടിയുണ്ടോയെന്ന് ഒരു വിധികര്‍ത്താവിനോട് നൃത്താധ്യാപകന്‍ തിരക്കുന്നത് ശബ്ദരേഖയിലുണ്ട്. മോഹിനിയാട്ടം അറിയാത്ത വിധികര്‍ത്താവിനോട് ബയോഡേറ്റ തിരുത്തിനല്‍കി വിധിനിര്‍ണയത്തില്‍ പങ്കെടുക്കാനും ഇയാള്‍ നിര്‍ബന്ധിക്കുന്നുണ്ട്. എല്ലാം ഉറപ്പാക്കിയശേഷം ഡി.ഡി.ഇ. ഓഫീസില്‍നിന്ന് വിളിക്കുമെന്നും, ഇപ്പോള്‍ ജയപ്രകാശ് സാര്‍ വിളിച്ചിരുന്നു എന്ന് പറയണമെന്നും, തന്റെ പേര് ഒരുകാരണവശാലും മിണ്ടരുതെന്നും നൃത്താധ്യാപകന്‍ നിര്‍ദേശം നല്‍കുന്നുണ്ട്. പ്രീതി, അമ്പാടി, അരുണിമ, ജ്യോതിക, സൂസന്‍, ജയശ്രീ, വിഷ്ണു തുടങ്ങിയ പേരുകാരാണ് ശബ്ദരേഖയില്‍ നൃത്താധ്യാപകനുമായി സംസാരിക്കുന്നത്. ഇടുക്കിക്കുപുറമെ എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും വിധിനിര്‍ണയത്തിന് പോകുന്ന കാര്യവും ശബ്ദരേഖയില്‍ ചര്‍ച്ചചെയ്യുന്നുണ്ട്.
Content Highlights: Audio recordings expose bribery allegations in Idukki school Kalolsavam dance judging.