'ശരിക്കും തീ തിന്നു...'; തുണിമഞ്ചലിൽ സുമതിയെ ചുമന്നു പാഞ്ഞത് അഞ്ചുപേർ, ഊരിലെ ദുരിതം, രക്ഷകയായി പ്രിയ

അഗളി: ‘ഊരിൽനിന്ന് ആനവായ് ഫോറസ്റ്റ് ക്യാംപ്ഷെഡ്ഡുവരെ രണ്ടരക്കിലോമീറ്ററാണ്. ഊരുവാസികളായ പണലി, രാമൻ, കല്ലൻ, രവി, ചെല്ലൻ എന്നിവരാണ് തുണിമഞ്ചലിൽ സുമതിയെ ചുമന്നത്. രാത്രിമുഴുവൻ മഴപെയ്തിരുന്നതിനാൽ ഫോറസ്റ്റ് ക്യാംപ്ഷെഡ്ഡുവരെയേ ആംബുലൻസുപോലും എത്തിക്കാനാവൂ. മഴയില്ലെങ്കിൽ ഭവാനിപ്പുഴയിലെ തൂക്കുപാലംവരെ മാത്രമെ ആംബുലൻസിനെത്താനാവൂ. അതിനപ്പുറം ഊരിലേക്കുള്ള ഒരുകിലോമീറ്റർ നടത്തം തന്നെയാണ് ആശ്രയം’.
സൈലന്റ്‌വാലി വനമേഖലയോട് ചേർന്നുകിടക്കുന്ന കടുകുമണ്ണ ഊരിൽനിന്ന് മൂന്നുകിലോമീറ്ററോളം തുണിമഞ്ചലിൽ ചുമന്ന് ആംബുലൻസിലെത്തിക്കേണ്ടിവന്ന സുമതിയുടെ ഭർത്താവ് മുരുകൻ വേദനയോടെ പറയുന്നു.
ഞായറാഴ്ച അതിരാവിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ച സുമതി അരമണിക്കൂറിനകം പ്രസവിച്ചു. അമ്മയും കുഞ്ഞും ആശുപത്രിയിൽ കഴിയുന്നുണ്ട്. സുഖപ്രസവമായിരുന്നതിനാൽ അടുത്തദിവസംതന്നെ ഇവരെ വീട്ടിലേക്ക് കൊണ്ടുപോകാം. ഊരിലെത്താൻ വീണ്ടും ക്യാംപ്ഷെഡ്ഡിൽനിന്ന് നടക്കണം. അതല്ലെങ്കിൽ മറ്റുബന്ധുക്കളുടെ വീടുകളുണ്ടെങ്കിൽ അവിടെ കുറച്ചുനാൾ താമസിച്ച് പ്രസവാനന്തര പരിചരണത്തിന് ഏർപ്പാടുചെയ്യണം. പ്രാക്തന ഗോത്രവർഗരായ കുറുമ്പരുടെ ഊരായ കടുകുമണ്ണയിലെ പതിവാണിത്.
ആനവായ് ഊരിൽനിന്ന് കടുകുമണ്ണ ഊരുവരെ മൂന്നരക്കിലോമീറ്ററാണ്. ഇതിൽ ഒരുകിലോമീറ്റർ പുതൂർ പഞ്ചായത്ത് ഇന്റർലോക്കുചെയ്ത് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. പിന്നീടുള്ള മൺറോഡ് തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗതാഗത യോഗ്യമാക്കിയിരിക്കുന്നത്. ഈപ്രദേശത്ത് മഴക്കാലമായാൽ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ പോലുമെത്തില്ല. റോഡ് അവസാനിക്കുന്നത് ഭവാനിപ്പുഴയോരത്താണ്.
15 വർഷംമുൻപാണ് ഇവിടെ നടക്കാനുള്ളൊരു തൂക്കുപാലം അഹാഡ്സ് നിർമിച്ചത്. ഏകദേശം 60 മീറ്ററാണ് പുഴയ്ക്കുകുറുകെയുള്ള ഈ പാലം. ഇതുംകഴിഞ്ഞ് ഒരുകിലോമീറ്റർ മൂന്നടി നടവഴിയിലൂടെ കുത്തനെയുള്ള കയറ്റം കയറിവേണം കടുകുമണ്ണ ഊരിലെത്താൻ. ഇതിനിടെ, മന്ത്രി നടത്തിയ പ്രസ്താവനയിൽ നാട്ടുകാർ പ്രതിഷേധിച്ചു. മുന്നൂറുമീറ്റർ ആരെങ്കിലും മഞ്ചലിൽ ചുമക്കുമോ എന്നാണവരുടെ ചോദ്യം. ഊരിലേക്കുള്ള ദൂരത്തെക്കുറിച്ച് ഉദ്യോഗസ്ഥർ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാവാമെന്നാണ് ഊരുവാസികൾ പറയുന്നത്.
ശരിക്കും തീ തിന്നു...
അഗളി: ആ രാത്രി കടുകുമണ്ണ ഊരിൽ എന്തുചെയ്യണമെന്നറിയാതെ ശരിക്കും തീതിന്ന നിമിഷങ്ങളായിരുന്നു മുരുകന്റേത്. പ്രസവവേദന അനുഭവപ്പെട്ടുതുടങ്ങിയ ഭാര്യ സുമതിയെ ഊരിൽനിന്ന് ചുമന്ന് ആംബുലൻസിലെത്തിച്ചശേഷം പ്രസവവിവരം അറിയുംവരെ സ്വസ്ഥതയുണ്ടായിരുന്നില്ലെന്ന് മുരുകൻ പറഞ്ഞു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്നറിഞ്ഞപ്പോഴാണ് സമാധാനമായത്.
ശനിയാഴ്ച അർധരാത്രി 12 മണിയോടെ ഭാര്യക്ക് പ്രസവവേദന തുടങ്ങിയതായി മുരുകൻ പറയുന്നു. ഒരുപാട് പരിശ്രമിച്ചതിനുശേഷമാണ് 108 ആംബുലൻസ് കിട്ടിയത്. റോഡുണ്ടെങ്കിലും മഴയായതുകാരണം വാഹനത്തിന് തൂക്കുപാലംവരെ വരാനുമായില്ല. ഇതോടെയാണ് സുമതിയെ തുണിമഞ്ചൽ കെട്ടി ചുമക്കാൻ തീരുമാനിച്ചത്. 300 മീറ്റർ ദുരത്തേക്ക് മാത്രമാണെങ്കിൽ സുമതിയെ കൈയിൽപിടിച്ച് കൊണ്ടുപോകാനാവുമായിരുന്നെന്ന് മുരുകൻ പറയുന്നു.
‘എല്ലാകാലത്തും ഞങ്ങൾക്ക് ഈ അവസ്ഥയാണ്. കുറേകാലമായി ഈ തുണിമഞ്ചൽ തന്നെയാണ് ആശ്രയം. ഞങ്ങൾ മലമുകളിലായതുകാരണമാണ് ഈ അവസ്ഥ. ആരെയും കുറ്റപ്പെടുത്താനില്ല. എല്ലാവരും സഹകരിച്ച് ഞങ്ങൾക്ക് റോഡുസൗകര്യമുണ്ടാക്കിത്തരണമെന്നുമാത്രമാണ് അപേക്ഷ’ -മുരുകൻ പറഞ്ഞു.
കടുകുമണ്ണ ഊരിലേക്ക് ആനവായിൽനിന്ന് 3.5 കിലോമീറ്റർ ഉണ്ടെന്നും അധികൃതർ കടുകുമണ്ണ ഊര് സന്ദർശിക്കണമെന്നും പഞ്ചായത്തംഗം സെന്തിൽകുമാറും ആവശ്യപ്പെട്ടു.
പ്രിയ എന്ന രക്ഷക; ജെ.പി.എച്ച്.എൻ. പ്രിയ ജോയിയുടെ സമയോചിത ഇടപെടലാണ് കടുകുമണ്ണ ഊരിലെ ഗർഭിണിയായ സുമതിക്ക് രക്ഷയായത്
അഗളി: അട്ടപ്പാടിയിലെ പ്രാക്തന ഗോത്രമേഖലയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണ് (ജെ.പി.എച്ച്.എൻ.) പ്രിയ ജോയി. ഏതുസമയത്തും വിളിച്ചാൽ സഹായവുമായി എത്തുന്ന സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് ഊരുകാർക്ക് പ്രിയ. പ്രിയജോയിയുടെ സമയോചിത ഇടപെടലാണ് കടുകുമണ്ണ ഊരിലെ ഗർഭിണിയായ സുമതിക്ക് രക്ഷയായത്.
ഞായറാഴ്ച പുലർച്ചെ 12.45നാണ് കടുകുമണ്ണ ഊരിൽനിന്നും എസ്.ടി. പ്രമോട്ടർ ജ്യോതിയുടെ ഫോൺവിളി പ്രിയക്ക് വരുന്നത്. ആസമയംമുതൽ പ്രിയ വാഹനത്തിനായി ശ്രമംതുടങ്ങി. മുക്കാലിയിലുള്ള സ്വകാര്യവാഹനത്തിനായി വിളിച്ചു. ആരും ഫോണെടുത്തില്ല. പിന്നീട് ഐ.ടി.ഡി.പി.യുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായകേന്ദ്രത്തിലേക്ക് വിളിച്ചു.
ആംബുലൻസ് ലഭ്യമല്ലെന്നും 108 ആംബുലൻസ് വിളിക്കാനുമായിരുന്നു നിർദേശം. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ബന്ധപ്പെട്ടെങ്കിലും അവിടെയും ആംബുലൻസില്ല. ശ്രമം ഉപേക്ഷിക്കാതെ കോട്ടത്തറ ആശുപത്രിയിലെ ലേബർറൂമിൽവിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു. പിന്നീടാണ് 108 ആംബുലൻസ് ആനവായിലേക്ക് പുറപ്പെടുന്നത്. ഇതോടെ ഊരുകാരുമായി ബന്ധപ്പെട്ട് സുമതിയെ വണ്ടിയെത്തുന്നിടംവരെ എങ്ങനെയെങ്കിലും എത്തിക്കാനാവശ്യപ്പെടുകയായിരുന്നു. 10 വയസ്സുള്ള മകൾ ഇവാഞ്ജലിയെ മുക്കാലിയിൽ താമസസ്ഥലത്തെ അയൽവാസിയെ ഏൽപ്പിച്ച് പ്രിയ ആംബുലൻസിൽ പുലർച്ചെ രണ്ടരയോടെ പുറപ്പെട്ട് മൂന്നേകാലോടെ ആനവായിലെത്തി.
മൂന്നരയോടെ തുണിമഞ്ചലിൽ ചുമന്നെത്തിച്ച സുമതിയെ ആംബുലൻസിൽ കയറ്റി കോട്ടത്തറ ആശുപത്രിയിലെത്തിക്കയായിരുന്നു. ആശുപത്രിയിലെത്തിയെ സുമതി അരമണിക്കൂറിനകം ആൺകുഞ്ഞിന് ജന്മംനൽകി. സുഖപ്രസവമായിരുന്നു. ഇതിന് രണ്ടാഴ്ച മുൻപ് മുരുഗള ഊരിലെ സുരേഷ് എന്ന യുവാവിന് പാമ്പുകടിയേറ്റിരുന്നു. സുരേഷ് ചികിത്സതേടാത്ത വിവരമറിഞ്ഞ് ഊരിലെത്തി സുരേഷിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. കാട്ടാനയുള്ളതിനാൽ
തൂക്കുപാലം കടക്കാൻകഴിയാതെ ഭവാനിപ്പുഴ മുറിച്ചുകടന്നാണ് ഊരുകാരുടെ സഹായത്തോടെ പ്രിയ ഊരിലെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ കഴിഞ്ഞവർഷം ഡിസംബറിലാണ് പ്രിയ എറണാകുളത്തുനിന്ന് അട്ടപ്പാടിയിലെത്തുന്നത്. ഊരുകാർക്കൊപ്പം ആനവായി ഊരിലെ സബ് സെന്ററിലായിരുന്നു താമസം. ഇവിടെ വൈദ്യുതിയില്ലാത്തതിനാൽ കഴിഞ്ഞ മേയിലാണ് മകളുമായി താമസംമാറിയത്.
ദേശീയ വനിതാകമ്മിഷൻ കേസെടുത്തു
ന്യൂഡൽഹി: കടുകുമണ്ണ ഊരിലെ സുമതിയെ (25) പ്രസവത്തിനായി തുണിമഞ്ചലിൽ മൂന്നുകിലോമീറ്റർ ചുമന്ന സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വി.പി. ജോയിക്കും ആരോഗ്യസെക്രട്ടറി ടിങ്കു ബിസ്വാളിനും കമ്മിഷൻ അധ്യക്ഷ രേഖാ ശർമ കത്തയച്ചു. അന്വേഷണ റിപ്പോർട്ട് അഞ്ചുദിവസത്തിനകം സമർപ്പിക്കണം. അടിസ്ഥാന ആവശ്യങ്ങൾ അവ ജനങ്ങൾക്ക് എത്തിച്ചുനൽകേണ്ടതും സംസ്ഥാനത്തിന്റെ ചുമതലയാണെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു.
യാത്രാസൗകര്യമില്ലാതെ വേറെയും ഊരുകൾ
മേലേ തുടുക്കി, താഴെ തുടുക്കി, ഗലസി, മുരുഗള, കിണറ്റുകര ഊരുകാർക്കെല്ലാം ഇപ്പോഴും ദുരിതപാതകൾ താണ്ടിവേണം ആശുപത്രിയിൽപോലുമെത്താൻ. ഇവിടങ്ങളിലും രോഗികൾക്ക് തുണിമഞ്ചൽയാത്ര മാത്രമാണ് ഇപ്പോഴും വിധിക്കപ്പെട്ടിട്ടുള്ളത്.
മേലെ തുടുക്കി ഊരിൽനിന്ന് കഴിഞ്ഞമാസം പണലിയെ തുണിമഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. ഐ.ടി.ഡി.പി. ഉദ്യോഗസ്ഥരുടെ അറിവോടെയായിരുന്നു ഈ നടപടി. ആനവായിൽനിന്ന് മേലേ തുടുക്കിക്ക് 11 കിലോമീറ്ററുണ്ട്. ആനവായ് ഊരിൽനിന്ന് താഴെ തുടുക്കിക്ക് ഒൻപതും ഗലസിക്ക് 14 കിലോമീറ്ററും ദൂരമുണ്ട്. നല്ല പാതപോലുമില്ലാത്തതിനാൽ നടന്നുതാണ്ടേണ്ട ദൂരങ്ങളാണ് ഇവയത്രയും.
മുക്കാലിയിൽനിന്നുള്ള ഗതാഗതയോഗ്യമായ പാതയിലൂടെ തടിക്കുണ്ട് ഊരിനുസമീപമെത്തി, അവിടെനിന്ന് ചെറുനാലിപ്പുഴ മുറിച്ചുകടന്ന് രണ്ടുകിലോമീറ്റർ നടന്നുവേണം മുരുഗള ഊരിലെത്താൻ. ജൂലായ് 12-ന് ആശുപത്രിയിൽ മരിച്ച നവജാതശിശുവിനെ നെഞ്ചോട് ചേർത്തുപിടിച്ച് ഈ ഊരിലെ അയ്യപ്പനാണ്, മരത്തടിയിൽ ചെറുനാലിപ്പുഴ മുറിച്ചുകടന്ന് രണ്ടുകിലോമീറ്റർ നടന്ന് മുരുഗള ഊരിലെത്തിയത്. ഈ ഊരിൽനിന്ന് രണ്ടുകിലോമീറ്റർ നിബിഡവനത്തിലൂടെ നടന്നാലേ കിണറ്റുകര ഊരിലെത്താനാവൂ.
Content Highlights: attappady tribal issue