അത്തച്ചമയലഹരിയിൽ തൃപ്പൂണിത്തുറ: രണ്ടായിരത്തോളം കലാകാരന്മാർ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

#ന്യൂസ് ഡെസ്ക്
ഫോട്ടോ: ജെയ്‌വിൻ ടി. സേവ്യർ
ഫോട്ടോ: ജെയ്‌വിൻ ടി. സേവ്യർ

തൃപ്പൂണിത്തുറ: പൂക്കളും പൂവിളികളുമായി മാവേലി ഓർമ്മകളിലേക്ക് കേരളക്കര. ഓണവരവറിയിച്ച് അത്തച്ചമയ ഘോഷയാത്രയ്ക്ക് തൃപ്പുണിത്തുറയിൽ തുടക്കം. അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് സ്കൂൾ മൈതാനിയിൽ രാവിലെ 9-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അത്താഘോഷം ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയ്ക്ക് നടൻ ജഗദീഷും മന്ത്രി അനൂപ് ജേക്കബും ചേർന്ന് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.

മേളവും താളവും ആയി കേരളത്തിന്റെ തനത് കലാരൂപങ്ങൾ പലയിടങ്ങളിൽ നിന്നെത്തിയ കലാകാരന്മാർ അത്തച്ചമയയാത്രയിൽ പ്രദർശിപ്പിക്കുന്നു. ചെറുമഴ പെയ്തൊഴിഞ്ഞ നിരത്തുകളിൽ ആഹ്ലാദത്തിമിർപ്പിലാണ് ജനം.

വാദ്യഘോഷങ്ങളും നിശ്ചല ദൃശ്യങ്ങളുമൊക്കെ അണിനിരക്കുന്ന വർണാഭമായ അത്തം ഘോഷയാത്ര കാണാൻ പതിനായിരങ്ങളാണ് തൃപ്പുണിത്തുറയിലെത്തിയിരിക്കുന്നത്. കൊച്ചി രാജഭരണകാലത്തെ അത്തച്ചമയത്തിന്റെ സ്മരണകളുണർത്തുന്ന അത്തം ഘോഷയാത്രയെ ആവേശത്തോടെ ജനം വരവേൽക്കുകയാണ്.

അത്തംനഗറിൽ നിന്നും തുടങ്ങിയ ഘോഷയാത്ര ബസ് സ്റ്റാൻഡ് റോഡിലൂടെ സ്റ്റാച്യു - കിഴക്കേക്കോട്ട - എസ്.എൻ. ജങ്ഷൻ - വടക്കേക്കോട്ട - പൂർണത്രയീശ ക്ഷേത്രം റോഡ് വഴി നഗരം ചുറ്റി അത്തം നഗറിൽ തന്നെ സമാപിക്കും. സിയോൺ ഓഡിറ്റോറിയത്തിൽ രാവിലെ അത്തപ്പൂക്കള മത്സരം നടക്കും. വൈകീട്ട് മൂന്നു മുതൽ പൂക്കളങ്ങളുടെ പ്രദർശനവും ഉണ്ട്. വൈകീട്ട് ലായം കൂത്തമ്പലത്തിൽ കലാസന്ധ്യയ്ക്ക് തിരശ്ശീല ഉയരും. വിവിധ ദിവസങ്ങളിലായി പ്രശസ്തരുടെ ഉൾപ്പെടെ കലാപരിപാടികൾ ഉണ്ടാകും. 25-ന് ആഘോഷ പരിപാടികൾ സമാപിക്കും.

അത്തച്ചമയ ഘോഷയാത്ര ഗതാഗത ക്രമീകരണം

: അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ 8 മുതൽ വൈകീട്ട് 3 വരെ തൃപ്പൂണിത്തുറ നഗരഭാഗത്ത് ഗതാഗത ക്രമീകരണങ്ങൾ ഉണ്ടായിരിക്കും. കോട്ടയം ഭാഗത്തുനിന്നു വരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങൾ മുളന്തുരുത്തി ചോറ്റാനിക്കര തിരുവാങ്കുളം സീപോർട്ട്-എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്തുനിന്നുവരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങൾ നടക്കാവ് ജങ്ഷനിൽനിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് മുളന്തുരുത്തിവഴി തിരുവാങ്കുളം സീപോർട്ട്-എയർപോട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും പോകണം.

കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട സർവീസ് ബസുകളും ചെറുവാഹനങ്ങളും കണ്ണൻകുളങ്ങര ജങ്ഷനിൽ എത്തി മിനി ബൈപ്പാസ് വഴി പോകണം. കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽനിന്ന് കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്കുപോകേണ്ട വാഹനങ്ങൾ നടക്കാവ് ജങ്ഷനിൽ എത്തി വലത്തോട്ടുതിരിഞ്ഞ് മുളന്തുരുത്തി-ചോറ്റാനിക്കരവഴി പോകണം.

എറണാകുളം, വൈറ്റില എന്നീ ഭാഗങ്ങളിൽനിന്ന് വൈക്കം, മുളന്തുരുത്തി, കോട്ടയം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസുകളും പേട്ട ജങ്ഷനിൽ എത്തി വലത്തോട്ടുതിരിഞ്ഞ് മിനി ബൈപ്പാസ് -കണ്ണൻകുളങ്ങര വഴി പോകണം.

വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽനിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജങ്ഷനിലെത്തി ഇരുമ്പനം ജങ്ഷൻ വഴി പോകണം

വെണ്ണല, എരൂർ എന്നീ ഭാഗങ്ങളിൽനിന്നും കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എരൂർ ലേബർ ജങ്ഷനിൽനിന്ന് കിഴക്കോട്ടു തിരിഞ്ഞ് ട്രാക്കോ കേബിൾ ജങ്ഷനിലെത്തി സീപോർട്ട്- എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജങ്ഷനിലെത്തി പോകണം.

ഫോട്ടോ: ജെയ്‌വിൻ ടി. സേവ്യർ

മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് ഭാഗങ്ങളിൽനിന്ന് എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറു വാഹനങ്ങളും സർവീസ് ബസുകളും കരിങ്ങാച്ചിറ-ഇരുമ്പനം ജങ്ഷനിലെത്തി എസ്.എൻ. ജങ്ഷൻ-പേട്ട വഴി പോകണം. ഹെവി വാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴി പോകണം.

ടിപ്പർലോറി, ടാങ്കർലോറി, കണ്ടയ്നർ ലോറി, മുതലായ വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ ടൗണിലേക്ക് പ്രവേശനമില്ല. പുതിയകാവ് ഭാഗത്തുനിന്നും, മാർക്കറ്റ് റോഡുവഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജങ്ഷനിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട് - തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാൻഡ്- സ്റ്റാച്യു-കിഴക്കേക്കോട്ട-എസ്.എൻ. ജങ്ഷൻ- അലയൻസ്-വടക്കേക്കോട്ട-പൂർണത്രയീശ ക്ഷേത്രം എന്നിവിടങ്ങളിൽ പാർക്കിങ്ങ് അനുവദിക്കില്ല. എറണാകുളം- ആലുവ ഭാഗങ്ങളിൽനിന്നുവരുന്ന യാത്രക്കാർ അന്നേദിവസം യാത്രയ്ക്കായി മെട്രോ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തുക.

നടക്കാവ് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ പുതിയകാവ് അമ്പലത്തിന്റെ ഗ്രൗണ്ടിലും മരട്, പേട്ട എന്നിവിടങ്ങളിൽ നിന്നുവരുന്ന വാഹനങ്ങൾ എസ്.എൻ. വിദ്യാപീഠം, വെങ്കിടേശ്വര സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്.

കണ്ണൻകുളങ്ങര മുതൽ മിനി ബൈപ്പാസ്, പേട്ട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.

പുതിയകാവ് ഭാഗങ്ങളിൽനിന്നും വരുന്ന സർവീസ് ബസുകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കയറാതെ ഹോസ്പിറ്റൽ ജങ്ഷൻ മിനി ബൈപ്പാസ് വഴി പോകണം.

Content Highlights: Athachamayam 2026 officially inaugurated by Chief Minister V.D. Satheesan at Tripunithura Govt Boys School ground., Around 2,000 artists participating with traditional Kerala art forms and vibrant floats., Detailed traffic restrictions and parking guidelines issued for Tripunithura town during the procession., Cultural events and floral competitions scheduled to run until the celebrations conclude on the 25th.