ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2026: മലയാളി നഴ്സ് അജിമോൾ പ്രദീപ് വിജയി; 250,000 യുഎസ് ഡോളർ സമ്മാനത്തുക

കൊച്ചി: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2026 വിജയിയായി യുകെയിൽ സേവനമനുഷ്ഠിക്കുന്ന കോട്ടയത്ത് നിന്നുള്ള മലയാളി നഴ്സ് അജിമോൾ പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടു. 214 രാജ്യങ്ങളിൽ നിന്നുള്ള 1,34,000-ത്തിലധികം രജിസ്‌ട്രേഷനുകളിൽ നിന്നാണ് ഈ വർഷത്തെ വിജയിയായി യുകെയിലെ കിങ്‌സ് കോളേജ് ഹോസ്പിറ്റലിലെ സീനിയർ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്ററും സൽഫോർഡ് യൂണിവേഴ്സിറ്റിയിലെ ഓണററി സീനിയർ ലക്ചററുമായ അജിമോൾ പ്രദീപിനെ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചത്. പുരസ്‌കാരജേതാവിന് 250,000 യുഎസ് ഡോളർ (ഏകദേശം 2.5 കോടി രൂപ) സമ്മാനത്തുകയും ലഭിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ഡയറക്ടർ ടി. ജെ. വിൽസൺ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന എന്നിവർ ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.
'ലോകത്തിലെ ഏറ്റവും വലിയ നഴ്സിങ് അവാർഡായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് കേരളത്തിലേക്ക് എത്തിയതിൽ അഭിമാനിക്കുന്നു. ഇന്ത്യയിലേക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ആശുപത്രികളിലേക്ക് ഏറ്റവും കൂടുതൽ നഴ്സുമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനമാണ് നമ്മുടേതെന്ന വസ്തുതയ്ക്കുള്ള അംഗീകാരമാണിത്. അതുകൊണ്ട് തന്നെയാണ് ലോകത്തിന്റെ ഏത് വിദൂര കോണിലുള്ള ആശുപത്രിയിൽ ചെന്നാലും അവിടെയൊരു മലയാളി നഴ്സിനെ കാണാൻ സാധിക്കുന്നത്. കേരളത്തെ ഒരു ആഗോള ആരോഗ്യ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ആരോഗ്യരംഗം നമ്മുടെ പ്രധാന മുൻഗണനയായി തുടരുമെന്ന് ഞാൻ ഇന്ന് ഒരിക്കൽക്കൂടി ഉറപ്പിച്ചു പറയുന്നു.' മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
2021-ൽ ആരംഭിച്ചതുമുതൽ, നഴ്സിങ് മേഖലയെ മുന്നോട്ട് നയിക്കുകയും അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന നഴ്സുമാരെ ആദരിക്കുന്ന ആഗോള പ്ലാറ്റ്ഫോമായി ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് മാറികഴിഞ്ഞു.
ലോകമെമ്പാടുമുള്ള ആരോഗ്യമേഖലയിൽ നഴ്സുമാർ നൽകുന്ന സംഭാവനകളെ ആദരിക്കുന്നതിൽ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിന്റെ പങ്കിനെ പ്രശംസിക്കുകയും ചെയ്തുകൊണ്ട് ലോക ആരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനം ഗെബ്രിയേസസിന്റെ പ്രത്യേക സന്ദേശവും ചടങ്ങിൽ അവതരിപ്പിച്ചു. അവസാന പത്ത് സ്ഥാനങ്ങളിൽ എത്തിയ നഴ്‌സുമാരെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
'ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് നേടാനായത് വലിയൊരു ബഹുമതിയാണ്. ഇത്രനാൾ ചെയ്ത പ്രവർത്തനങ്ങളെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രചോദനം കൂടിയാണത്. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള അവയവ ദാതാക്കളുടെ കുറവ് മൂലം രോഗികൾ ഒട്ടേറെ കാലം കാത്തിരിക്കേണ്ടി വരുന്നത് കണ്ടിട്ടുണ്ട്. കൂടാതെ, പല പ്രതിബന്ധങ്ങൾ കാരണം മികച്ച കഴിവുള്ള നഴ്സുമാർക്കും ജോലിയിലേക്ക് തിരിച്ചെത്താൻ കഴിയാത്ത സാഹചര്യവുമുണ്ട്. ഇത്തരം വിഷയങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ അവാർഡ് തുക ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
സമ്മാനത്തുകയുടെ പകുതിഭാഗം 'ഉപഹാർ' പദ്ധതിക്കും, അവയവ-സ്റ്റെംസെൽ ദാനം വ്യാപിപ്പിക്കുന്നതിനും ഉപയോഗിക്കും. കൂടാതെ നഴ്സിങ് വിദ്യാഭ്യാസത്തിലും പരിശീലനത്തിലും നിക്ഷേപിക്കാനും കൂടുതൽ നഴ്സുമാരെ മാറ്റത്തിന്റെ വക്താക്കളാക്കാനും ഞാൻ ആഗ്രഹിക്കുന്നു. സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ തിരികെ നൽകാനും ഈ അവാർഡ് നേട്ടം സഹായിച്ചാൽ, അതായിരിക്കും ഏറ്റവും വലിയ നേട്ടം.' പുരസ്‌കാരനേട്ടത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ഡോ. അജിമോൾ പ്രദീപ് പറഞ്ഞു
'രോഗപ്രതിരോധം, ചികിത്സ, പുനരധിവാസം, വിദ്യാഭ്യാസം, ബോധവൽക്കരണം എന്നിങ്ങനെ ആരോഗ്യപരിപാലനത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന ചുരുക്കം ചില തൊഴിലുകളിൽ ഒന്നാണ് നഴ്സിങ്. എന്നിരുന്നാലും, നഴ്സുമാർ ചെയ്യുന്ന അസാധാരണമായ പ്രവർത്തനങ്ങൾക്ക് അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാറില്ല. 1,34,000-ത്തിലധികം നഴ്സുമാർ അവരുടെ അനുഭവങ്ങൾ നമ്മളുമായി പങ്കുവെച്ചു, ഈ തൊഴിൽ ലോകമെമ്പാടും എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് കാണിക്കുന്നവയായിരുന്നു അവ. ഡോ. അജിമോൾ പ്രദീപിന്റെ നേട്ടം, നഴ്സുമാർക്ക് അവരുടെ വൈദഗ്ധ്യം, സമർപ്പണം, സേവനമനോഭാവം എന്നിവയിലൂടെ നേടാൻ കഴിയുന്ന സ്വാധീനത്തിന്റെ മികച്ച ഉദാഹരണമാണ്.
ഡോ. അജിമോൾ പ്രദീപിനെ വിജയിയായി ആദരിക്കുന്നതിലും, ആരോഗ്യസംരക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്താൻ സഹായിക്കുന്നവരെ ആദരിക്കുന്നതിലും ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്. ഈ നേട്ടം ആഗോള നഴ്സിങ് സമൂഹത്തിന് പുതുജീവൻ നൽകി മുന്നോട്ട് പോകാൻ പ്രചോദനമാകട്ടെ. ഡോ. അജിമോൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും.' ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
'ലോകശ്രദ്ധ ലഭിക്കാത്ത സമൂഹങ്ങളിലെയും അസാധാരണമായ പ്രവർത്തനങ്ങൾ കണ്ടെത്താൻ കഴിയുന്നു എന്നതാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിന്റെ പ്രത്യേകത. ഒരു പ്രശ്‌നം പരിഹരിക്കാൻ നിശ്ചയിച്ചുറപ്പിച്ച നഴ്സിലൂടെ അർത്ഥവത്തായ മാറ്റങ്ങൾ എവിടെ നിന്നും ആരംഭിക്കാമെന്ന് നഴ്സ് ഡോ. അജിമോൾ നമ്മെ കാണിച്ചുതന്നു. യുകെയിലെ ദക്ഷിണേഷ്യൻ സമൂഹത്തിനിടയിൽ അവയവദാന മേഖലയിൽ അവർ നടത്തിയ പ്രവർത്തനങ്ങൾ മാതൃകപരമാണ്.
നമ്മുടെ അന്തിമ പട്ടികയിലെത്തിയ 10 ഫൈനലിസ്റ്റുകളുടെയും കഥകൾ തെളിയിക്കുന്നത്, നഴ്സുമാർ ആരോഗ്യപരിപാലനത്തിൽ അത്യാവശ്യ ഘടകമാണെന്ന് മാത്രമല്ല, ആരോഗ്യമേഖലയുടെ പുരോഗതിയെ തന്നെ അവർ രൂപപ്പെടുത്തുന്നു എന്നാണ്. ഈ പുരസ്‌കാരം ഓരോ വർഷം പിന്നിടുമ്പോഴും ഈ അനുഭവങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക, കൂടുതൽ പേരെ പ്രചോദിപ്പിക്കുക, നഴ്സിങ് രംഗത്തോട് ആഗോളതലത്തിൽ കൂടുതൽ മതിപ്പ് ഉണ്ടാക്കുക എന്നിവയാണ് ഞങ്ങളുടെ ഉത്തരവാദിത്തം.' ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അലീഷ മൂപ്പൻ പറഞ്ഞു.
യുകെയിലെ കിങ്‌സ് കോളേജ് ഹോസ്പിറ്റലിലെ സീനിയർ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്ററും സൽഫോർഡ് യൂണിവേഴ്സിറ്റിയിലെ ഓണററി സീനിയർ ലക്ചററുമായ ഡോ. അജിമോൾ പ്രദീപ്, ആരോഗ്യരംഗത്തെ അസമത്വങ്ങൾ പരിഹരിക്കുന്നതിനും പരിചരണ ലഭ്യത ഉറപ്പാക്കുന്നതിനുമായാണ് തന്റെ കരിയർ സമർപ്പിച്ചിരിക്കുന്നത്. ദക്ഷിണേഷ്യൻ രോഗികളെ ബാധിക്കുന്ന ദാതാക്കളുടെ കുറവ് മനസ്സിലാക്കിയ അവർ, തന്റെ ഗവേഷണത്തെ അതിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാക്കി മാറ്റി.
അങ്ങനെ സ്ഥാപിച്ച 'ഉപഹാർ' പദ്ധതിയിലൂടെ 10,000-ത്തിലധികം സ്റ്റെം സെൽ ദാതാക്കളെ രജിസ്റ്റർ ചെയ്യാൻ സാധിച്ചു. അന്താരാഷ്ട്ര തലത്തിൽ പരിശീലനം ലഭിച്ച നഴ്സുമാർക്ക് യുകെയിലെ തൊഴിൽ മേഖലയിലേക്ക് പുനഃപ്രവേശനം സാധ്യമാക്കുന്ന നിയമപരമായ മാറ്റങ്ങൾക്കും ഇവരുടെ പ്രവർത്തനങ്ങൾ വഴിവെച്ചു. ഈ സേവനങ്ങൾക്ക് യുകെ ഭരണകൂടത്തിന്റെ 'ബ്രിട്ടീഷ് എംപയർ മെഡൽ' ബഹുമതിയും ലഭിച്ചിട്ടുണ്ട്.
മറ്റ് ഒമ്പത് ഫൈനലിസ്റ്റുകൾ: ഡോ. ഐഡ അൽകൈസി (സ്വീഡൻ), ദിനാ സെവില്ല (സൗദി അറേബ്യ), ഡോ. ഹമ്മോഡ അബു-ഒഡാ (ഹോങ്കോങ് എസ്.എ.ആർ, ചൈന), ഹിന്ദുംബി കൌരോം കക്കഡ (ഇന്ത്യ), ജോഹാന പട്രീഷ്യ ഗാൽവൻ ബാരിയോസ് (കൊളംബിയ), ജോസഫൈൻ നെലാഗോ അംഗുല (നമീബിയ), ഒലുച്ചി ഏഞ്ചൽ ഒകോയി (നൈജീരിയ), പീറ്റർ ഫോറെ (പാപ്പുവ ന്യൂ ഗിനിയ), റൊണാൾഡ് മരിയോ കനാസ് റോജാസ് (കൊളംബിയ).
പ്രൊഫഷണൽ നേട്ടങ്ങൾ, നേതൃത്വം, നവീകരണം, സ്വാധീനം, നഴ്സിങ് ജോലിയിലുള്ള സംഭാവനകൾ എന്നിവ വിലയിരുത്തി ഏണസ്റ്റ് ആന്റ് യങ് എൽഎൽപി, സ്‌ക്രീനിങ് ജൂറി, ഗ്രാൻഡ് ജൂറി എന്നിവർ ഉൾപ്പെട്ട സമഗ്രമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഈ 10 ഫൈനലിസ്റ്റുകൾ അന്തിമഘട്ടത്തിലെത്തിയത്.
Content Highlights: Dr. Ajimol Pradeep, a Malayali nurse from Kottayam working in the UK, won the Aster Guardians Global Nursing Award 2026, selected from over 134,000 registrations across 214 countries, receiving a prize of $250,000. The award ceremony, held in Kochi, was attended by prominent figures including Kerala's Chief Minister V.D. Satheesan and Aster DM Healthcare executives, highlighting the global recognition of Kerala's contribution to the nursing field.