രാഷ്ട്രപതിയുടെ സന്ദർശനദിവസം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സമാനതകളില്ലാത്ത സമരം; മഴയത്തും റോഡില്‍കിടന്ന് ആശമാര്‍, സംഘര്‍ഷം

സംഘര്‍ഷമുണ്ടായപ്പോൾ ആശ സമരക്കാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുന്നു(ഇടത്ത്) പോലീസ് പിടിച്ചെടുത്ത മൈക്കും സ്പീക്കറും തിരിച്ചെടുക്കാനുള്ള ആശപ്രവര്‍ത്തകരുടെ ശ്രമം(വലത്ത്)
സംഘര്‍ഷമുണ്ടായപ്പോൾ ആശ സമരക്കാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുന്നു(ഇടത്ത്) പോലീസ് പിടിച്ചെടുത്ത മൈക്കും സ്പീക്കറും തിരിച്ചെടുക്കാനുള്ള ആശപ്രവര്‍ത്തകരുടെ ശ്രമം(വലത്ത്)

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ 256 ദിവസമായി സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍, മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലേക്ക് ബുധനാഴ്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയെ കാണാതെ മടങ്ങില്ലെന്നു പ്രഖ്യാപിച്ച സമരക്കാര്‍ക്കുനേരേ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. മൈക്ക് സെറ്റ് ഉള്‍പ്പെടെ പോലീസ് പിടിച്ചെടുത്തു.

തുടര്‍ന്ന് ജീപ്പിനു മുന്നില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും അറസ്റ്റുചെയ്തവരെ വിട്ടയയ്ക്കാമെന്നും പോലീസ് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വൈകീട്ടോടെ സമരം അവസാനിപ്പിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലെ സമരം തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു.

കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ(കെഎഎച്ച്ഡബ്ല്യുഎ) നേതൃത്വത്തിലായിരുന്നു ക്ലിഫ് ഹൗസിനു മുന്നില്‍ ഒരു ദിവസം നീണ്ട സമരം.

ഒരു പകല്‍ മുഴുവന്‍ സംഘര്‍ഷം

തിരുവനന്തപുരം: രാഷ്ട്രപതി തലസ്ഥാനത്ത് എത്തിയ ദിവസം ആശ വര്‍ക്കര്‍മാര്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയത് സമാനതകളില്ലാത്ത സമരം. എട്ടുമണിക്കൂറോളം ക്ലിഫ് ഹൗസ് പരിസരം സംഘര്‍ഷഭരിതമായി. ഒരു ഘട്ടത്തില്‍ പോലീസും നിസ്സഹായരായി. ഒടുവില്‍ സിറ്റി പോലീസ് കമ്മിഷണറടക്കം ഇടപെട്ട് നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞു പോയത്.

രാവിലെ 11.00- മാര്‍ച്ച് തുടങ്ങി

ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച അതിരാവിലെ തന്നെ വിവിധ ജില്ലകളില്‍നിന്ന് ആശ പ്രവര്‍ത്തകര്‍ എത്തി. പതിനൊന്ന് മണിയോടെ പിഎംജി ജങ്ഷനില്‍ നിന്നു മാര്‍ച്ച് ആരംഭിച്ചു. എട്ട് മാസമായി ആശമാര്‍ അനുഭവിക്കുന്ന വേദനയും അവഗണനയും മുദ്രാവാക്യങ്ങളില്‍ പ്രതിഫലിച്ചു. ഓണറേറിയം 21000 രൂപയായി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും നല്‍കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍. ആശമാര്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരായ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍, ബിജെപി നേതാവ് വി.വി. രാജേഷ്, ചെങ്ങറ, വിളപ്പില്‍ശാല സമരനേതാക്കള്‍ തുടങ്ങിയവരും എത്തിയിരുന്നു.

12.45- ആദ്യ ജലപീരങ്കി

സമരം നേരിടാന്‍ വനിതാ പോലീസുള്‍പ്പെടെയുള്ളവരുടെ അംഗസംഖ്യ കുറവായിരുന്നു. നന്തന്‍കോട്ടുവെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞെങ്കിലും നേതാക്കളുള്‍പ്പെടെ ബാരിക്കേഡിനും സമീപത്തെ മരത്തിലുമുള്‍പ്പെടെ ചാടിക്കയറി. പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. ഇടക്ക് ചില വഴിയാത്രക്കാരെ കയറ്റിവിടാന്‍ പോലീസ് ശ്രമിച്ചതും പ്രതിഷേധത്തിനിടയാക്കി.

12.00- കൂടുതല്‍ വനിതാ പോലീസ്

സമരം രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സുരക്ഷയ്ക്ക് കൂടുതല്‍ വനിതാ പോലീസുകാരെത്തി. പിരിഞ്ഞ് പോകുമെന്ന് കരുതിയ പോലീസിനെയും അത്ഭുതപ്പെടുത്തി സമരം കൂടുതല്‍ ശക്തമാക്കി മുദ്രാവാക്യം വിളികളുയര്‍ന്നു. ഇതിനിടെ പ്രവര്‍ത്തകര്‍ക്കുള്ള ആഹാരവുമായി കാറ്ററിങ് വാഹനവും എത്തി. ഉച്ചക്ക് ശേഷവും സമരം തുടര്‍ന്നതോടെ വീണ്ടും ജലപീരങ്കി. ഇതിലും തളരാതെ പലരും ബാരിക്കേഡ് മറികടന്ന് ക്ലിഫ് ഹൗസ് ലക്ഷ്യമാക്കി ഓടി. എന്നാല്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. എന്നാല്‍ മുഴുവന്‍ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുന്നതില്‍ പോലീസിനും ആശങ്കയുണ്ടായിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനം ഉള്ളതിനാല്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മിക്കവര്‍ക്കും ഇതിന്റെ ചുമതല ഉണ്ടായിരുന്നു. ഇതും പോലീസ് നടപടികളില്‍ പ്രതിഫലിച്ചു.

4.00- മൈക്ക് പിടിച്ചെടുത്തു

ഇതിനിടെ സമരം അഞ്ചാം മണിക്കൂറിലേക്ക് കടന്നു. മഴയും കനത്തു. ഈ സമയം ആശമാരുടെ മൈക്കും സ്പീക്കറും പിടിച്ചെടുത്ത് പോലീസ് ജീപ്പില്‍ വച്ചു. ജീപ്പ് മുന്നോട്ടു പോകാന്‍ അനുവദിക്കാതെ അര മണിക്കൂറോളം മഴ വകവയ്ക്കാതെ ആശമാര്‍ റോഡില്‍ കിടന്നു. സ്ഥിതി വഷളാകുന്നതു കണ്ട് കൂടുതല്‍ വനിതാ പോലീസെത്തി ബലംപ്രയോഗിച്ച് ഇവരെ മാറ്റി. കുറഞ്ഞ കൂലിയില്‍ നിന്നും മിച്ചം പിടിച്ച് സമരസമിതിക്കായി വാങ്ങിയ മൈക്ക് പോലീസ് പിടിച്ചെടുത്തതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരേ ആശമാര്‍ രൂക്ഷമായി കയര്‍ക്കുന്നതും കാണാമായിരുന്നു. എന്തുവന്നാലും സമരം തുടരുമെന്ന് ആശമാര്‍ അറിയിച്ചതോടെ പോലീസ് വെട്ടിലായി.

5.00 കമ്മിഷണര്‍ ഇടപെട്ടു

രാഷ്ട്രപതി ശബരിമല ദര്‍ശനം കഴിഞ്ഞ് രാജ്ഭവനില്‍ മടങ്ങിയെത്തുന്ന സമയം ആകാറായതിനാല്‍ സമരം വേഗം അവസാനിപ്പിക്കേണ്ടത് പോലീസിന്റെ കൂടി ആവശ്യമായി മാറി. തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മിഷണര്‍ ഉള്‍പ്പെടെ ഇടപെട്ട് സമരം അവസാനിപ്പിച്ചത്.

6.00 സമരം അവസാനിപ്പിച്ചു

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.

Content Highlights: Asha health workers protesting for 256 days clashed with police near CM`s residence, demanding higher pay and benefits. Protests continue.