പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലും ശ്രദ്ധാകേന്ദ്രമായി ആര്യയും സച്ചിനും; നേതാക്കളുടെ അനുഗ്രഹം

കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലും ശ്രദ്ധാകേന്ദ്രമായി പ്രതിശ്രുത വധൂവരന്‍മാരായ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവും. തിരുവനന്തപുരം മേയറും സി.പി.എം. ചാല ഏരിയാകമ്മിറ്റിയംഗവുമായ ആര്യാ രാജേന്ദ്രനും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയും സി.പി.എം. കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമായ സച്ചിന്‍ദേവും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളാണ്.
രണ്ടുപേരും ആദ്യമായാണ് പ്രതിനിധികളായി പങ്കെടുക്കുന്നത്. ആര്യ തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള പ്രതിനിധി. സച്ചിന്‍ദേവാകട്ടെ, എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ പാര്‍ട്ടി സെന്റര്‍ നേരിട്ട് നിശ്ചയിച്ച പ്രതിനിധിയും.
തിരുവനന്തപുരം ഓള്‍ സയന്‍സ് കോളേജില്‍ അവസാനവര്‍ഷ ഗണിതശാസ്ത്ര വിദ്യാര്‍ഥിനികൂടിയാണ് ആര്യയിപ്പോള്‍. സച്ചിന്‍ദേവ് നിയമബിരുദം കഴിഞ്ഞ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയപ്പോഴാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു. മിക്കവാറും സെപ്ംബറിലായിരിക്കും വിവാഹമെന്ന് സച്ചിന്‍ദേവ് പറഞ്ഞു. സമ്മേളസ്ഥലത്തുവെച്ച് നേതാക്കളും പ്രതിനിധികളും ഇരുവരെയും അനുഗ്രഹിച്ചു.
Content Highlights: arya rajendran and sachin dev, cpm party congress