സമ്മർദം ഫലംകണ്ടു, അരുൺ ചന്ദ്രൻ സഹകരണവകുപ്പ് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറാകും; കാബിനറ്റിൽ തീരുമാനം

ന്യൂഡൽഹി: സഹകരണ വകുപ്പ് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി അരുൺ ചന്ദ്രനെ നിയമിക്കാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. സഹകരണ മന്ത്രി എം. ലിജുവിന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് നിയമനമെന്നാണ് സൂചന. നേരത്തെ ലിജു ആവശ്യപ്പെട്ടിട്ടും സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിക്കാതെ അരുൺ ചന്ദ്രനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ച് ഉത്തരവ് ഇറക്കിയിരുന്നു.
എന്നാൽ സീനിയർ ഗവൺമെന്റ് പ്ലീഡറായി അരുൺ ചന്ദ്രൻ ചുമതലയേറ്റിരുന്നില്ല. അരുൺ ചന്ദ്രനെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിക്കാത്തതിൽ ഉള്ള അതൃപ്തി സഹകരണ മന്ത്രി എം. ലിജു മുഖ്യമന്ത്രി വി.ഡി. സതീശനെ അറിയിച്ചിരുന്നെന്നാണ് സൂചന. ആലപ്പുഴ സ്വദേശിയായ അരുൺ, മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ, സഹകരണ മന്ത്രി എം. ലിജു എന്നിവരുമായി അടുപ്പമുള്ള ആളായാണ് അറിയപ്പെടുന്നത്.
അഭിഭാഷകരായ ടി.കെ. ദേവരാജൻ, ബിജു സി. എബ്രഹാം, പി.പി. പദ്മാലയം, കെ.ആർ. സുനിൽ എന്നിവരെയും സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി സംസ്ഥാന സർക്കാർ നിയമിച്ചു. ഹൈക്കോടതിയിലേക്ക് പുതുതായി 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാരെയും 10 ഗവൺമെന്റ് പ്ലീഡർമാരെയും പുതുതായി നിയമിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരുടെ മൂന്നും സീനിയർ ഗവൺമെന്റ് പ്ലീഡർമാരുടെ നാലും ഗവൺമെന്റ് പ്ലീഡർമാരുടെ അഞ്ചും പുതിയ തസ്തികകൾ സൃഷ്ടിച്ചാണ് നിയമനം.
Content Highlights: Arun Chandran appointed as Special Government Pleader for the Cooperation Department., Decision taken following pressure from Cooperation Minister M. Liju., Appointment of 17 Senior Government Pleaders and 10 Government Pleaders approved., New legal positions created within the Kerala High Court.