മന്ത്രി ജനീഷിനെതിരെയുള്ള പ്രതിഷേധം: ബോണറ്റിൽ കിടന്നയാൾ ഉൾപ്പെടെ DYFI, CPM പ്രവർത്തകർ അറസ്റ്റിൽ

കാഞ്ഞങ്ങാട് (കാസർകോട്): മന്ത്രി ഒ.ജെ. ജനീഷിനെതിരെ പ്രതിഷേധിക്കുകയും കാർ തടഞ്ഞു നിർത്തി അതിക്രമം കാട്ടുകയും ചെയ്ത നാല് ഡി.വൈ.എഫ്.ഐ. പ്രവർത്തകരെയും സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയേയും ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ അറസ്റ്റു ചെയ്തു.
സി.പി.എം. ഒഴിഞ്ഞവളപ്പ് ബ്രാഞ്ച് സെക്രട്ടറി അഖിൽ ഒഴിഞ്ഞവളപ്പ്(32), മന്ത്രിയുടെ കാറിന്റെ ബോണറ്റിൽ കിടന്ന ഡി.വൈ.എഫ്.ഐ. ഹൊസ്ദുർഗ് മേഖല ഖജാൻജി സബിൻ കൊവ്വൽപ്പള്ളി(29), ഡി.വൈ.എഫ്.ഐ. കാഞ്ഞങ്ങാട് ബ്ലോക്ക് ജോയിന്റ് സെക്രട്ടറി നിധിൻ കുശാൽനഗർ(33), അനീഷ് ചാമുണ്ഡിക്കുന്ന്(29), ബിനീഷ് കിഴക്കുംകര(37)എന്നിവരാണ് അറസ്റ്റിലായത്.
ന്യായ വിരുദ്ധമായി സംഘം ചേർന്ന് മന്ത്രിയുടെയും പോലീസിന്റെയും ഒദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മന്ത്രിവാഹനത്തിനു നേരെ അതിക്രമം നടത്തിയതിനും ഭാരതീയ ന്യായ സംഹിത 132 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസ് റജിസ്റ്റർ ചെയ്തത്.
ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. വ്യാഴാഴ്ച കാഞ്ഞങ്ങാട് പുതിയകോട്ടയിൽ വച്ചായിരുന്നു കാർ തടയലും അതിക്രമവും. മന്ത്രി ജെനീഷ് കലാപഹ്വാനം നടത്തിയെന്ന് ആരോപിച്ച് നീലേശ്വരം, കാഞ്ഞങ്ങാട്, കുറ്റിക്കോൽ,തൃക്കരിപ്പൂർ എന്നിവിടങ്ങളിലായിരുന്നു കാസർകോട് ജില്ലയിലെ ഡി.വൈ.എഫ്.ഐ.പ്രതിഷേധം.
കാഞ്ഞങ്ങാട്ടെ സംഭവത്തിൽ പത്തു ഡി.വൈ.എഫ്.ഐ.ക്കാർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരുന്നത്. ബോണറ്റിലേക്ക് കയറി കമിഴ്ന്നു കിടന്ന പ്രവർത്തകനെയും കൊണ്ട് മീറ്ററുകളോളം കാർ മുന്നോട്ട് പോയിരുന്നു. അതിവേഗത്തിൽ വന്ന മന്ത്രിയുടെ കാറിന് മുന്നിലേക്ക് ഡി.വൈ.എഫ്.ഐ.പ്രവർത്തകർ ചാടി വീഴുകയായിരുന്നു.
Content Highlights: Four DYFI activists and one CPM branch secretary arrested in Kanhangad, Protest staged against Minister O.J. Jeneesh by blocking his official car, Accused remanded for 14 days under non-bailable sections of BNS, Incident involved activists jumping onto the moving ministerial vehicle