കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറായി അർജുൻ പാണ്ഡ്യൻ ചുമതലയേറ്റു

തിരുവനന്തപുരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറായി അർജുൻ പാണ്ഡ്യൻ ഐഎഎസ് ചുമതലയേറ്റു. കേര (KERA) പദ്ധതിയുടെ അഡീഷണൽ പ്രോജക്ട് ഡയറക്ടറായും അദ്ദേഹം അധിക ചുമതല വഹിക്കും. സഹകരണ സംഘം രജിസ്ട്രാർ, സഹകരണ ഓഡിറ്റ് ഡയറക്ടർ എന്നീ ചുമതലകളും അദ്ദേഹത്തിനാണ്.
2017 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അർജുൻ പാണ്ഡ്യൻ, കാസർഗോഡ് ജില്ലാ കലക്ടർ പദവിയിൽ നിന്നാണ് കൃഷി വകുപ്പിന്റെ ഡയറക്ടറായി എത്തുന്നത്. അതിനു മുമ്പ് തൃശൂർ ജില്ലാ കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂർ അസിസ്റ്റന്റ് കലക്ടറായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്.
കൃഷിയുമായി നേരിട്ട് ബന്ധമുള്ള കുടുംബ പശ്ചാത്തലമാണ് അർജുൻ പാണ്ഡ്യന്റേത്. ഇടുക്കിയിലെ കർഷകനായ പിതാവ് പാണ്ഡ്യന്റെയും അങ്കണവാടി ജീവനക്കാരിയായ മാതാവ് ഉഷാകുമാരിയുടെയും മകനായ അദ്ദേഹം, കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഐ.ടി. മേഖലയിൽ ജോലി ചെയ്ത ശേഷമാണ് സിവിൽ സർവീസ് രംഗത്തേക്ക് എത്തിയത്.