അര്‍ജുന് കണ്ണീരോടെ വിട; പ്രണാമം അർപ്പിച്ച് കേരളം, മൃതദേഹം സംസ്കരിച്ചു

അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ, സംസ്‌കാരച്ചടങ്ങില്‍നിന്ന് | Photo: Shaheer CH, Mathrubhumi news screengrab
അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ, സംസ്‌കാരച്ചടങ്ങില്‍നിന്ന് | Photo: Shaheer CH, Mathrubhumi news screengrab

കോഴിക്കോട്: കേരളത്തിന്റെ മുഴുവന്‍ സ്‌നേഹത്തേയും ആദരവിനേയും സാക്ഷിനിര്‍ത്തി അര്‍ജുന് വിട. ഗംഗാവലി പുഴ ആഴങ്ങളിലൊളിപ്പിച്ച അര്‍ജുന്റെ മൃതദേഹംകണ്ണാടിക്കലെ വീട്ടില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. 

അര്‍ജുനെ ഒരുനോക്ക് കാണാന്‍, അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒരു നാട് മുഴുവന്‍ ഇപ്പോഴും കണ്ണാടിക്കലിലെ വീടിന് പുറത്തുണ്ട്. ശനിയാഴ്ച രാവിലെ 11.15-ഒാടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചത്. വീടിനുപിന്നിലായാണ് അര്‍ജുന്റെ ചിത ഒരുക്കിയത്. 11.45-ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ പകര്‍ന്നത്.

മന്ത്രിമാരായ കെ.ബി. ​ഗണേഷ് കുമാർ, എ.കെ. ശശീന്ദ്രൻ, കാർവാർ എം.എൽ.എ സതീഷ് സെയിൽ, മുങ്ങല്‍ വിദഗ്ധന്‍ ഈശ്വർ മൽപെ, എം.പി.മാരായ എം.കെ.രാഘവൻ, ഷാഫി പറമ്പിൽ, എം.എൽ.എ.മാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സച്ചിൻ ദേവ്, ലിന്റോ ജോസഫ്,
കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് എന്നിവരും അന്ത്യാഞ്ജലി അർപ്പിച്ചു.

ജൂലായ് 16-നാണ് കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനെ ലോറിയോടൊപ്പം കാണാതായത്. പലഘട്ടങ്ങളിലായി നടത്തിയ തിരിച്ചിലിനൊടുവില്‍ 71- ദിവസത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍നിന്ന് കണ്ടെടുക്കുന്നത്. ലോറിയുടെ കാബിനുള്ളിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

കണ്ണാടിക്കലിലെ വീട്ടിൽ അർജുനുവേണ്ടി ഒരുക്കിയ ചിത | ഫോട്ടോ: ഷഹീർ സി.എച്ച്. / മാതൃഭൂമി ഡോട്ട്കോം

അര്‍ജുന്റെ മകനെ കൊണ്ടുവന്ന് ചിതയ്ക്ക് വലംവെപ്പിച്ചു. മറ്റ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ചിതയ്ക്ക് തീ കൊളുത്തും മുമ്പ് അമ്മ കൃഷ്ണപ്രിയയുടെ ഒക്കത്തിരുന്ന് മകന്‍ ഒരിക്കല്‍ക്കൂടി അര്‍ജുനെ അവസാനമായി കണ്ടു. അര്‍ജുന്റെ ഭാര്യ, സഹോദരിമാര്‍, സഹോദരീഭര്‍ത്താവ് ജിതിന്‍ തുടങ്ങിയവരെല്ലാം ചിതയ്ക്ക് അരികില്‍ ഉണ്ടായിരുന്നു. കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി സഹോദരന്‍ ചിതയ്ക്ക് തീ കൊളുത്തി. കണ്ണീരോര്‍മയായ അര്‍ജുനെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. 

Content Highlights: arjun cremation updates